തിരുവനന്തപുരം: കേരള കോൺഗ്രസിന്റെ കോട്ടയിൽ കോൺഗ്രസിന് മിന്നും വിജയം. കെ എം മാണിയുടെ നിയോജക മണ്ഡലമായ പാലായിലെ കേരള കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ മുത്തോലി പഞ്ചായത്തിലെ വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ആണ് കെ എം മാണിക്ക് കനത്ത ആഘാതം ഏല്പിച്ചു കോൺഗ്രസ് സ്ഥാനാർത്ഥി തിളങ്ങുന്ന വിജയം സ്വന്തമാക്കിയത്.

കോൺഗ്രസ് സ്ഥാനാർത്ഥി ജിസ്‌മോൾ ജോർജ് ആണ് 117 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വാർഡ് പിടിച്ചെടുത്തത്. ജിസ്‌മോള് 399 വോട്ടുകൾ നേടിയപ്പോൾ തൊട്ടടുത്ത കേരള കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 282 വോട്ടുകൾ മാത്രം. മൂന്നാം സ്ഥാനത്ത് എത്തിയ ബിജെപി 40 വോട്ടുകൾ നേടിയപ്പോൾ ബിജെപിക്കും പിറകിൽ 33 വോട്ടുകൾ മാത്രം നേടി സിപിഐ എം നാണം കെട്ട തോൽവി ഏറ്റു വാങ്ങി. അപ്രതീക്ഷ തോൽവി മാണി വിഭാഗത്തിന് ആഘാതമായി.

നേരത്തെ യുഡിഎഫ് ആയി മൽസരിച്ച് കോൺഗ്രസ് അംഗമാണ് ജയിച്ചത്. അന്ന് ഭൂരിപക്ഷം 157 വോട്ടുകളായിരുന്നു. ഇക്കുറി കോൺഗ്രസിനെതിരെ കേരള കോൺഗ്രസ് മൽസരിച്ചു. 117 വോട്ടിനാണ് കോൺഗ്രസിന്റെ ജയം. പഞ്ചായത്തംഗം മരണമടഞ്ഞതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞതവണ രണ്ടാം സ്ഥാനത്ത് വന്ന ബിജെപി ഇപ്പോൾ മൂന്നാംസ്ഥാനത്തായി. കഴിഞ്ഞ തവണത്തെ 200 വോട്ട് അവർക്ക് 43 വോട്ടായി കുറഞ്ഞു.

സ്വതന്ത്രരുൾപ്പെടെ പത്ത് സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ യുഡിഎഫിന് എട്ട് വാർഡുകളിൽ മാത്രമാണ് വിജയിക്കാനായത്. യുഡിഎഫിന് നാലും എൽഡിഎഫിന് മൂന്നും സിറ്റിങ് സീറ്റുകൾ നഷ്ടമായി. രണ്ട് സീറ്റുകൾ സ്വതന്ത്രരും ഒരു സീറ്റ് ബിജെപിയും സ്വന്തമാക്കി. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നശേഷം നടന്നിട്ടുള്ള തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പിലെല്ലാം എൽഡിഎഫിന് മുൻതൂക്കം ലഭിച്ചിട്ടുള്ളത്. ഇത്തവണ വിവാദങ്ങൾക്കിടെയും വിജയം ആവർത്തിക്കാൻ കഴിഞ്ഞത് സർക്കാരിന് ആശ്വാസകരമാണ്.

13 ജില്ലകളിലെ 17 ഗ്രാമപഞ്ചായത്തുവാർഡുകളിലും കോഴിക്കോട് നഗരസഭാ വാർഡിലും വയനാട് കാസർകോഡ് ജില്ലകളിലെ ഓരോ ബ്ളോക്ക് പഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഗ്രാമപഞ്ചായത്തുകളിലെ മൂന്നു വാർഡുകളിലാണ് എൽഡിഎഫിന് കാലിടറിയത്. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളിൽ മിന്നുന്ന വിജയമായിരുന്നു എൽഡിഎഫ് കാഴ്ച വെച്ചിരുന്നത്. എന്നാൽ ഇത്തവണ കൈയിലിരുന്ന മൂന്നുവാർഡുകൾ നഷ്ടപ്പെട്ടതിന് പുറമേ കാര്യമായി ഒന്നും പിടിച്ചെടുക്കാൻ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.

യുഡിഎഫിൽ കോൺഗ്രസിന് രണ്ട് സീറ്റുകളും മുസ്ലിം ലീഗിന് ഒരു സീറ്റും നഷ്ടമായി. കൊല്ലം ഉമ്മന്നൂർ ഗ്രാമപ്പഞ്ചായത്തിലെ 14 -ാം വാർഡ് കോൺഗ്രസിൽ നിന്നും കേരളാ കോൺഗ്രസ് ബി പിടിച്ചെടുത്തു. കേരളാ കോൺഗ്രസ് ബിയുടെ ബിവി രമാമണി അമ്മ 118 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്. പാലക്കാട് കുലുക്കല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ മപ്പാട്ടുകാര വെസ്റ്റ് വാർഡ് കോൺഗ്രസിൽ നിന്നും സ്വതന്ത്രൻ പിടിച്ചെടുത്തു. കോൺഗ്രസ് സ്വതന്ത്രനായ രാജൻ പൂതനായിൽ 210 വോട്ടുകൾക്കാണ് വിജയിച്ചത്.

മലപ്പുറം തവന്നൂർ ഗ്രാമപ്പഞ്ചായത്തിലെ കൂരട വാർഡ് മുസ്ലിം ലീഗിൽ നിന്നും സ്വതന്ത്രൻ പിടിച്ചെടുത്തു. സ്വതന്ത്രസ്ഥാനാർത്ഥിയായ അബ്ദുൾ നാസർ കൂടര 467 വോട്ടുകൾക്കാണ് വിജയിച്ചത്. പത്തനംതിട്ട ചെറുകോൽ ഗ്രാമപ്പഞ്ചായത്തിലെ മഞ്ഞപ്രമല വാർഡ് യുഡിഎഫിന് നഷ്ടമായി. ഇവിടെ എൽഡിഎപ് സ്വതന്ത്രമായി മത്സരിച്ച റ്റിജോ തോമസ് 45 വോട്ടുകൾക്ക് വിജയിച്ചു.

അതേസമയം, എൽഡിഎഫിൽ നിന്ന് രണ്ട് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിന്റെ രണ്ട് സീറ്റുകളിൽ ഒന്ന് ബിജെപിയും മറ്റൊന്ന് കോൺഗ്രസും സ്വന്തമാക്കി. മലപ്പുറം വെട്ടം ഗ്രാമപ്പഞ്ചായത്തിലെ കോട്ടേക്കാട് വാർഡ് സിപിഐഎമ്മിൽ നിന്നും കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസിന്റെ സി മോഹൻദാസ് 61 വോട്ടുകൾക്കാണ് വിജയിച്ചത്.

കണ്ണൂർ പേരാവൂർ ഗ്രാമപ്പഞ്ചായത്തിലെ പേരാവൂർ വാർഡി വൻഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് എൽഡിഎഫിൽ നിന്നും പിടിച്ചെടുത്തത്. മുസ്ലിം ലീഗിന്റെ പൂക്കോട്ട് എം സിറാജ് 382 വോട്ടുകൾക്കാണ് എൽഡിഎഫിലെ അബ്ദുൾ റഷീദിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ എൽഡിഎഫിന് വേണ്ടി മത്സരിച്ച സിറാജ് 55 വോട്ടുകൾക്ക് ഇവിടെ വിജയിച്ചിരുന്നു. അടുത്തിടെ സിറാജ് രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

തിരുവനന്തപുരം വിളപ്പിൽ ഗ്രാമപ്പഞ്ചായത്തിലെ നൂലിയോട് വാർഡ് സിപിഐഎമ്മിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെപിയുടെ അജിതാ കുമാരി 110 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്.എൽഡിഎഫും യുഡിഎഫും ആറുവീതം സീറ്റുകൾ നിലനിർത്തി. കൊല്ലം നെടുമ്പന ഗ്രാമപ്പഞ്ചായത്തിലെ പുലിയില (സിപിഐഎം), ആലപ്പുഴ എഴുപുന്ന ഗ്രാമപ്പഞ്ചായത്തിലെ കുമാരപുരം വാർഡ് (സിപിഐഎം), തകഴി ഗ്രാമപ്പഞ്ചായത്തിലെ കളത്തിൽപാലം വാർഡ് (സിപിഐഎം), തൃശൂർ ചാഴൂർ ഗ്രാമപ്പഞ്ചായത്തിലെ പഴുവിൽ നോർത്ത് വാർഡ് (സിപിഐ), വയനാട് തിരുനെല്ലി ബ്ലോക്ക് പഞ്ചായത്തിലെ അപ്പപ്പാറ വാർഡ് (സിപിഐഎം), കാസർഗോഡ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ അമ്പലത്തുകര വാർഡ് (സിപിഐ)എന്നിവയാണ് എൽഡിഎഫ് നിലനിർത്തിയത്.

പത്തനംതിട്ട ചെറുകോൽ ഗ്രാമപ്പഞ്ചായത്തിലെ മഞ്ഞപ്രമല വാർഡ്, കോട്ടയം മുത്തോലി ഗ്രാമപ്പഞ്ചായത്തിലെ തെക്കുംമുറി നോർത്ത് വാർഡ് (ഐഎൻസി), എറണാകുളം വടവുകോട് പുത്തൻകുരിശ് ഗ്രാമപ്പഞ്ചായത്തിലെ കരിമുകൾ നോർത്ത് വാർഡ്, രമാമമംഗലം ഗ്രാമപ്പഞ്ചായത്തിലെ നെട്ടൂപാടം വാർഡ് (ഐഎൻസി), കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ തലപ്പെരുമണ്ണ വാർഡ് (മുസ്ലിം ലീഗ്), വയനാട് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ പടിഞ്ഞാറത്തറ വാർഡ് (മുസ്ലിം ലീഗ്) എന്നിവ യുഡിഎഫ് നിലനിർത്തി.