കോഴിക്കോട്: സിപിഐ അടക്കമുള്ള ഘടകകക്ഷികൾ ഉടക്കിട്ടതോടെ എൽ.ഡി.എഫ് സീറ്റു വിഭജന ചർച്ചകൾ പിന്നെയും നീളുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ അർഹമായ സീറ്റുകൾ ലഭിച്ചില്ലെങ്കിൽ മത്സരത്തിൽനിന്ന് വിട്ടുനിൽക്കാനാണ് ജനതാദൾ എസ് നേതൃയോഗ തീരുമാനം. ഇടതുമുന്നണി വിടാതെ നിരുപാധിക പിന്തുണ നൽകി വിട്ടുനിൽക്കണമെന്നാണ് സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിൽ തീരുമാനമുണ്ടായത്.ശനിയാഴ്ചത്തെ സീറ്റ് ചർച്ചയിലും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തത് ജനതാദൾ എസിൽ ഈ ചിന്ത ബലപ്പെടുത്തി. സമ്മർദ തന്ത്രമായി ലഘൂകരിച്ച് ഇതിനെ കാണേണ്ടെന്ന തരത്തിൽ മുതിർന്ന നേതാക്കൾ സിപിഎമ്മിലെ ഉന്നതരോട് ഇക്കാര്യം സംസാരിച്ചിട്ടുമുണ്ട്.

കുറഞ്ഞത് എട്ടു സീറ്റുകളാണ് ജനതാദൾ എസ് സിപിഎമ്മിനോട് ആവശ്യപ്പെട്ടത്. എന്നാൽ, ഇന്നലെ ശനിയാഴ്ച നടന്ന ചർച്ചയിൽ ആറു സീറ്റുകൾ നൽകാമെന്നായിരുന്നു സിപിഐ(എം) നിലപാട്. ഏഴു സീറ്റില്‌ളെങ്കിൽ മത്സരരംഗത്തുനിന്ന് പിന്മാറുമെന്ന തരത്തിൽ ചർച്ച നീണ്ടെങ്കിലും വരുംദിവസങ്ങളിൽ ഇതുസംബന്ധിച്ച് ചർച്ചയാവാമെന്നുപറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു. ഇടതുമുന്നണിയിൽ അർഹമായ അംഗീകാരം ലഭിച്ചില്‌ളെന്നാണ് ജനതാദൾ എസ് നിലപാട്. കഴിഞ്ഞ തവണ അഞ്ച് സീറ്റിലാണ് മത്സരിച്ചത്. ഇതിൽ നാലിടത്ത് ജയിച്ചു. ഇത്തവണ കണ്ണൂരിൽ ഉൾപ്പെടെ ജനതാദൾ എസ് സീറ്റുകൾ ലക്ഷ്യമിടുന്നുണ്ട്.

എൽ.ഡി.എഫിന്റെ ഭാഗമല്ലെങ്കിലും മുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഐ.എൽ.എല്ലും അസംതൃപ്തിയിലാണ്. ആവശ്യപ്പെട്ട അഞ്ച് സീറ്റും അനുവദിക്കണമെന്ന് തലശ്ശേരി പാരിസ് റസിഡൻസിയിൽ ചേർന്ന ഐ.എൻ.എൽ അടിയന്തര സെക്രട്ടേറിയറ്റ് യോഗം എൽ.ഡി.എഫ് നേതൃത്വത്തെ അറിയിച്ചു. എൽ.ഡി.എഫ് നേതൃത്വവുമായി നടത്തിയ എല്ലാചർച്ചയിലും അഞ്ച് സീറ്റെങ്കിലും തങ്ങൾക്ക് ലഭിക്കണമെന്നാണ് ഐ.എൻ.എൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കോഴിക്കോട് സൗത്ത്, കാസർകോട്, മലപ്പുറത്ത് വേങ്ങര എന്നീ മൂന്ന് സീറ്റുകളേ അനുവദിക്കാനാവൂവെന്നാണ് എൽ.ഡി.എഫ് നേതൃത്വം ഐ.എൻ.എല്ലിനെ അറിയിച്ചിട്ടുള്ളത്. ഇതിൽ കോഴിക്കോട് സൗത്ത് മാത്രമാണ് വിജയസാധ്യതയുള്ള മണ്ഡലം.

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പോ അഴീക്കോടോ കാസർകോട് ജില്ലയിൽ ഉദുമ, കൊല്ലത്തെ ഇരവിപുരം എന്നീ സീറ്റുകളിലാണ് ഐ.എൻ.എൽ താൽപര്യമറിയിച്ചിരുന്നത്. എന്നാൽ, ഇടത് നേതൃത്വം ഒട്ടും അനുകൂലമല്ലാത്ത നിലപാടാണ് സ്വീകരിച്ചതെന്നാണ് ഐ.എൻ.എൽ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇന്നലെ അടിയന്തര സെക്രട്ടേറിയറ്റ് വിളിച്ചുചേർത്തത്. മുന്നണി നിലപാടിലുള്ള കടുത്ത അസംതൃപ്തി അറിയിക്കാൻ തീരുമാനിച്ചുകൊണ്ടാണ് യോഗം പിരിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് ഐ.എൻ.എൽ ജന. സെക്രട്ടറി പ്രഫ. എ.പി. അബ്ദുൽ വഹാബ് പറഞ്ഞു.