കൊച്ചി: പറവൂരിലെ രണ്ട് ബൂത്തുകളിൽ രണ്ട് ബൂത്തുകളിൽ ഒമ്പത് വീതം വോട്ടുകളുടെ കുറവ്. ഇതെത്തുടർന്നു റീപോളിങ് വേണമെന്ന് ഇടതുമുന്നണി ആവശ്യപ്പെട്ടു.

ഒപ്പിട്ടവരുടെ എണ്ണവും മെഷീനിലെ വോട്ടും പരിശോധിച്ചപ്പോഴാണ് വ്യത്യാസം കണ്ടത്. പറവൂർ മണ്ഡലത്തിലെ തുരുത്തിപ്പുറം, കോട്ടയിൽകോവിലകം ബൂത്തുകളിലാണ് വോട്ട് കുറവ് കണ്ടെത്തിയത്.

വോട്ടിങ് രേഖകൾ ഉദ്യോഗസ്ഥർ തയാറാക്കിയപ്പോഴുണ്ടായ സാങ്കേതികപ്പിഴവാകും കാരണമെന്നാണ് അനുമാനം. ഈ രണ്ടു ബൂത്തുകളിലും ഏതെങ്കിലും വോട്ടർമാർ വോട്ട് ചെയ്തശേഷം ഇവ പൂർണമായി വോട്ടിങ് മെഷീനിൽ പതിയാതെ ഇരുന്നപ്പോൾ വോട്ട് ചെയ്തതായി ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയെന്ന സാധ്യതയും നിലനിൽക്കുന്നുണ്ട്.

സാങ്കേതിക പിഴവ് ആകാനാണ് സാധ്യതയെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ഈ വാദത്തിൽ ഇടതുമുന്നണി തൃപ്തരല്ല. റീപോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി റിട്ടേണിങ് ഓഫിസർക്ക് കത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ എന്താണ് നടപടിയെന്ന് അന്തിമ തീരുമാനം വന്നിട്ടില്ല.

യുഡിഎഫിന്റെ സിറ്റിങ് സീറ്റിൽ എംഎൽഎ വി ഡി സതീശനും എൽഡിഎഫ് സ്ഥാനാർത്ഥിയായി സിപിഐയുടെ ശാരദ മോഹനും ആണ് പറവൂരിൽ ജനവിധി തേടിയത്.