ന്യൂഡൽഹി: തദ്ദേശ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത മുന്നേറ്റത്തിൽ ഭരണത്തുടർച്ച സ്വപ്‌നം കാണുന്ന എൽഡിഎഫ് സർക്കാരിന് സന്തോഷം കൊണ്ടുതുള്ളിച്ചാടാവുന്ന ഒരു അഭിപ്രായ സർവേ ഫലം ഇന്നുപുറത്തുവന്നു. എബിപി ന്യൂസും സിവോട്ടറുമായി സഹകരിച്ച് നടത്തിയ അഭിപ്രായ വോട്ടെടുപ്പാണ് ഇടതിന് അനുകൂലമായി വിധിയെഴുതിയത്. പിണറായി വിജയൻ നയിക്കുന്ന ഇടതുസർക്കാർ ചരിത്രം സൃഷ്ടിക്കുമെന്നും വീണ്ടും അധികാരത്തിലേറുമെന്നുമാണ് ഒപ്പീനിയൻ പോളിന്റെ രത്‌നച്ചുരുക്കം.

ഏപ്രിൽ-മെയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സിവോട്ടറുടെ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം വോട്ടുവിഹിതത്തിൽ എൽഡിഎഫ് യുഡിഎഫിനേക്കാൾ 7 ശതമാനം മുന്നിലാണ്. എൽഡിഎഫിന് 41.6 ശതമാനം വോട്ടും, യുഡിഎഫിന് 34.6 ശതമാനം വോട്ടും. 2016 ൽ 14.9 ശതമാനം വോട്ട് വിഹിതം നേടിയ ബിജെപിക്ക് 15.3ശതമാനമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

മറ്റുകക്ഷികളും അവരുടെ വോട്ട് വിഹിതം കൂട്ടും. 2016 ലെ 2.8 ശതമാനം വോട്ടുവിഹിതം നേടിയ മറ്റുകക്ഷികൾ ഇത്തവണ അത് 8.5 ശതമാനമായി വർദ്ധിപ്പിക്കും. എൽഡിഎഫിന് ഇപ്പോഴത്തെ ഈ ലീഡ് നില നിലനിർത്താൻ കഴിഞ്ഞാൽ ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ കഴിയുമെന്ന് സർവേയിൽ പറയുന്നു.

2016 ൽ, 140 അംഗ സഭയിൽ 91 സീറ്റുകൾ എൽഡിഎഫ് നേടിയപ്പോൾ, യുഡിഎഫ് 47 എണ്ണം സ്വന്തമാക്കി. 2021 ലെ പ്രവചനപ്രകാരം, എൽഡിഎഫ് 85 സീറ്റിലും, യുഡിഎഫ് 53സീറ്റിലും വിജയിക്കും. സർവേ അനുസരിച്ച് ബിജെപിക്ക് ഒരുസീറ്റ് കിട്ടും.

കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപി അവരുടെ നില മെച്ചപ്പെടുത്തിയാൽ, യുഡിഎഫിനേക്കാൾ, എൽഡിഎഫിനായിരിക്കും വലിയ നഷ്ടം. ഹിന്ദു വോട്ട് ബാങ്കിന്റെ പൊതുസ്വഭാവം കണക്കിലെടുത്താണ് സർവേയിലെ ഈ നിരീക്ഷണം. എന്നാൽ, ബംഗാളിലെയോ തമിഴ്‌നാട്ടിലെയോ പോലെ കേരളത്തിൽ ബിജെപി സംഘടനാതലത്തിലോ, നേതൃതലത്തിലോ മുന്നേറാനുള്ള പരിശ്രമം നടത്തുന്നില്ലെന്ന വിമർശനവും സർവേ മുന്നോട്ട് വയ്ക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ(47%) കോൺഗ്രസ് നേതാവും, മുന്മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി(22%)യേക്കാൾ രണ്ടിരട്ടിയിലേറെ പ്രശസ്തനാണെന്നും സർവേയിൽ വിലയിരുത്തുന്നു.

തമിഴ്‌നാട്ടിൽ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിൽ വരും. 234 അംഗ നിയമസഭയിൽ ഡിഎംകെ മുന്നണിക്ക് 164 സീറ്റ് ലഭിച്ചേക്കും. അസമിൽ എൻഡിഎ അധികാരം നിലനിർത്തും. 126 അംഗ സഭയിൽ 77 സീറ്റ് എൻഡിഎയ്ക്ക് ലഭിച്ചേക്കും. പശ്ചിമബംഗാളിൽ തൃണമൂലിനാകും മുൻതൂക്കമെന്നുമാണ് സർവേ.