- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എതിർപ്പെല്ലാം സാബു എം ജേക്കബിനോട്; ട്വന്റി-ട്വന്റി ഭരിക്കുന്ന മഴുവന്നൂർ പഞ്ചായത്തിലെ ആസൂത്രണസമിതി യോഗത്തിന് എത്തിയ ചീഫ് കോഡിനേറ്ററെ തടഞ്ഞുവച്ചു; പഞ്ചായത്ത് ഓഫീസിന് മുന്നിൽ തടഞ്ഞുവച്ചത് എൽഡിഎഫും യുഡിഎഫും ചേർന്ന്; പ്രദേശത്ത് സംഘർഷാവസ്ഥയെ തുടർന്ന് ലാത്തി ചാർജ്; പ്രതിപക്ഷത്തെ യോഗവിവരം അറിയിച്ചില്ലെന്നും പരാതി
കൊച്ചി: തദ്ദേശതിരഞ്ഞെടുപ്പിൽ നാല് പഞ്ചായത്തുകളിലാണ് ഇത്തവണ ട്വന്റ്ി-ട്വന്റി ഭരണം പിടിച്ചത്. കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട പഞ്ചായത്തുകൾ. ഇതിൽ മഴുവന്നൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ഇന്ന് എൽഡിഎഫ്- യുഡിഎഫ് പ്രതിഷേധം. ആസൂത്രണ സമിതിയിൽ പഞ്ചായത്തിന് പുറത്തുനിന്നുള്ളവരെ ഉൾപ്പെടുത്തിയതിനെ ചൊല്ലിയാണ് പ്രതിഷേധം.
ആസൂത്രണസമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ ട്വന്റി -ട്വന്റി ചീഫ് കോഓർഡിനേറ്റർ സാബു എം ജേക്കബിനെ തടഞ്ഞുവച്ചു. കോടതി ഉത്തരവോടെ പൊലീസ് സംരക്ഷണത്തിലാണ് സാബു എം ജേക്കബ് യോഗത്തിൽ പങ്കെടുക്കാനെത്തിയത്.
യോഗത്തിൽ സാബു എം ജേക്കബ് എത്തിയാൽ തടയുമെന്ന് ഇരുമുന്നണികളും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രദേശത്ത് സംഘർഷാവസ്ഥയെ തുടർന്ന് പൊലീസ് ലാത്തി വീശി. അഞ്ച് പേർക്ക് പരിക്കേറ്റു. അതേസമയം, ആസൂത്രണ സമിതിയിൽ പഞ്ചായത്തിൽനിന്നുള്ളവർ തന്നെ വേണമെന്ന് നിർബന്ധമില്ലെന്നാണ് ട്വന്റി-ട്വന്റി വാദം.
ഏകദേശം ഒന്നര മണിക്കൂറോളമാണ് തടഞ്ഞുവെച്ചത്. ഇന്ന് മഴുവന്നൂർ പഞ്ചായത്തിൽ ആസൂത്രണ കമ്മിറ്റി യോഗം ചേരുകയാണ്. പഞ്ചായത്ത് അംഗമല്ലാത്ത സാബു ജേക്കബ് ഈ യോഗത്തിൽ പങ്കെടുക്കാനെത്തി. ഇതാണ് പ്രതിഷേധത്തിന് ഒരു കാരണം. യോഗം സംബന്ധിച്ച് പ്രതിപക്ഷ അംഗങ്ങളെ അറിയിച്ചില്ലെന്നും പരാതിയുണ്ട്. 19 അംഗ പഞ്ചായത്തിൽ 14 പേർ ട്വന്റി-20യുടെ ആളുകളാണ്. ബാക്കി അഞ്ച് പ്രതിപക്ഷ അംഗങ്ങളുണ്ട്. അവരെ യോഗം ചേരുന്ന കാര്യം അറിയിച്ചില്ല. ഇതോടെയാണ് പ്രതിഷേധം തുടങ്ങിയത്. നിലവിൽ സ്ഥലത്ത് സംഘർഷത്തിന് അയവുണ്ട്.
സാബുവിനെ സിപിഎം പ്രവർത്തകർ തടഞ്ഞുവെച്ചിരിക്കുകയാണെന്നാരോപിച്ച് ട്വന്റി ട്വന്റി പ്രവർത്തകരും രംഗത്തെത്തിയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ആസൂത്രണ കമ്മിറ്റിയുടെ വൈസ് ചെയർമാനാണ് സാബു ജേക്കബ്. പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതിനെ തുടർന്നാണ് യോഗത്തിനെത്തിയതെന്ന് സാബു ജേക്കബിന്റെ വാദം. ആസൂത്രണ കമ്മിറ്റി യോഗത്തിനെത്തിയ സാബുവിനെതിരെ കഴിഞ്ഞ ദിവസവും പ്രതിഷേധം നടന്നിരുന്നു. കാറിൽ നിന്നും ഇറങ്ങാൻ സിപിഎം പ്രവർത്തകർ അനുവദിച്ചിരുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ