തിരുവനന്തപുരം: നിയമസഭയിലെ സംഭവങ്ങൾ നാടിനു നാണക്കേടായി എന്ന അഭിപ്രായമാണ് ഏവർക്കുമുള്ളത്. വനിതാ എംഎൽഎമാരെ അപമാനിച്ചെന്നും അതല്ല പ്രതിരോധിക്കുന്നതിനിടെ അറിയാതെ എംഎൽഎമാരുടെ ശരീരത്തിൽ തൊട്ടതാണെന്നുമുള്ള തരത്തിൽ വാദങ്ങളും എതിർവാദങ്ങളുമെല്ലാം ഉയർന്നു.

എന്നാൽ, നിയമസഭയിൽ വനിത എംഎൽഎമാർക്കെതിരെ നടന്നതെല്ലാം ലൈംഗികച്ചുവയോടെ ഉള്ളതാണെന്നു തെളിയിക്കും വിധത്തിലാണ് പിന്നീട് കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രസ്താവനകൾ. ഫലത്തിൽ, കോൺഗ്രസ് നേതാക്കളായ കെ സി അബുവും എം എ വാഹിദും സ്ത്രീകളെ അപമാനിക്കും വിധത്തിൽ നടത്തിയ പ്രസ്താവനകളെല്ലാം തന്നെ പ്രതിപക്ഷത്തിനെ സഹായിക്കും വിധത്തിലായി മാറി.

പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് ഊർജം പകരാൻ മാത്രമാണ് കെ സി അബുവിന്റെയും എം എ വാഹിദിന്റെയും നടപടി ഉപകരിച്ചത്. എതിർവാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് ഇടതുപക്ഷത്തിന്റെ പ്രതിഷേധത്തിന് ജനങ്ങളുടെയും പിന്തുണ നേടാനാണ് കോൺഗ്രസ് നേതാക്കളുടെ വിടുവായത്തം സഹായിച്ചത്.

തങ്ങൾക്ക് ജനപിന്തുണ ഏറി എന്നതു മാത്രമല്ല ഇക്കാര്യത്തിൽ എൽഡിഎഫിന് നേട്ടമായത്. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള മന്ത്രി ഷിബു ബേബിജോണിനെതിരെയും വാചകക്കസർത്തു നടത്തി പാരയേറ്റു വാങ്ങിയ അബുവിനും വാഹിദിനുമെതിരെയും ആഞ്ഞടിക്കാൻ കരുത്തും ഇടതുപക്ഷത്തിനു ലഭിച്ചു എന്നതാണു വാസ്തവം.

കെ സി അബുവിന്റെയും വാഹിദിന്റെയും പരാമർശത്തെ തുടർന്ന് ഷിബു ബേബി ജോണിനെതിരെയും പരാമർശം നടത്തിയവർക്കെതിരെയും പരാതി കൊടുത്തിരിക്കുകയാണ് ഇ എസ് ബിജിമോൾ എംഎൽഎ. തന്നെ ലൈംഗികമായി അതിക്രമിച്ച മന്ത്രി ഷിബു ബേബിജോണും അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയ എം എ വാഹിദ് എംഎ‍ൽഎയും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി. അബുവും തന്റെ സ്ത്രീത്വത്തെ അപമാനിച്ചതായാണ് ബിജിമോൾ പരാതി നൽകിയത്. ഡി.ജി.പി കെ എസ് ബാലസുബ്രഹ്മണ്യനാണ് ബിജിമോൾ പരാതി നൽകിയത്.

വനിത എംഎൽഎ പൊലീസ് മേധാവിക്കു നേരിട്ടു പരാതി നൽകിയതോടെ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാതിരിക്കാൻ പൊലീസിനു കഴിയില്ല എന്ന അവസ്ഥയാണുള്ളത്. ലൈംഗികാതിക്രമത്തിന് മന്ത്രി ഷിബു ബേബിജോണിനെതിരെ ഇന്ത്യൻ ശിക്ഷാനിയമം 354ാം വകുപ്പ് പ്രകാരവും പൊതുവേദിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് എം.എ. വാഹിദിനും കെ.സി. അബുവിനുമെതിരെ ഇന്ത്യൻ ശിക്ഷാനിയമം 354എ(4), 509 വകുപ്പുകൾ പ്രകാരവും കേസെടുക്കണമെന്നാണ് ബിജിമോൾ പരാതിയിലെ ആവശ്യപ്പെടുന്നത്.

മന്ത്രി ഷിബു ബേബിജോൺ നിയമസഭയിൽ തന്നെ തടഞ്ഞതുമായി ബന്ധപ്പെട്ട് ലൈംഗികച്ചുവയുള്ള രീതിയിൽ എം എ വാഹിദ് നടത്തിയ പ്രസംഗം ചാനലിൽ കണ്ടത് അറപ്പും വെറുപ്പും ഉളവാക്കി. ഈ സമയത്ത് ധനമന്ത്രി കെ. എം. മാണിയും കോൺഗ്രസ് നേതാവ് പീതാംബരക്കുറുപ്പും വേദിയിലുണ്ടായിരുന്നു. ജനപ്രതിനിധിയെന്ന നിലയിൽ ഇത് നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിലും പൊതുജനമദ്ധ്യത്തിലും തന്റെ സല്‌പേരിന് കളങ്കമുണ്ടാക്കി. സമരത്തിന്റെ ഭാഗമായി നിന്ന തന്നെ നിയമസഭയിൽ മന്ത്രി ഷിബുബേബിജോൺ തടയുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്തിരുന്നു. കായികമായി തടയുകയാണെന്നാണ് കരുതിയത്. എന്നാൽ അബുവിന്റെ പ്രസ്താവനയിലൂടെ മന്ത്രി ലൈംഗികോദ്ദേശ്യത്തോടെയാണ് തടഞ്ഞതെന്ന് വ്യക്തമായതായും പരാതിയിൽ പറയുന്നു.

സ്ഥലത്തില്ലാത്തതിനാൽ ഫോണിലൂടെ ഡിജിപിയുമായി സംസാരിച്ച ശേഷം ബിജിമോൾ പരാതി ഇമെയിൽ ചെയ്യുകയായിരുന്നു. പരാതിയുടെ പകർപ്പ് സിറ്റി പൊലീസ് കമ്മിഷണർക്കും കൈമാറിയിട്ടുണ്ട്. പരാതി പരിശോധിച്ച് ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് ഡി.ജി.പി എംഎൽഎയ്ക്ക് ഉറപ്പു നൽകിയിട്ടുണ്ട്.

ഈ അനുകൂല അവസരം മുതലെടുത്ത് ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കാൻ കാത്തിരിക്കുകയാണ് പ്രതിപക്ഷം. ബാർ കോഴക്കേസിൽ മന്ത്രി കെ എം മാണിക്കെതിരെ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി നിയമസഭയിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് വനിതാ എംഎൽഎമാർക്ക് അസുഖകരമായ അനുഭവം ഉണ്ടായത്. ഈ സംഭവങ്ങളിൽ വിവാദം കത്തിപ്പടർന്നതോടെ ബാർ കോഴക്കേസിലും കൂടുതൽ പ്രതിഷേധമുയർത്താനുള്ള അവസരമാണ് പ്രതിപക്ഷത്തിന് വന്നുചേർന്നത്.

കോൺഗ്രസിൽ നിന്നുതന്നെ വിവാദ പരാമർശങ്ങൾക്കെതിരായി പരാമർശം ഉയർന്നതോടെ ഇക്കാര്യത്തിൽ ഇടതുപക്ഷം കൂടുതൽ കരുത്താർജിച്ചു എന്നു തന്നെ പറയേണ്ടിവരും. കെ സി അബുവിന്റെ പരാമർശം ദൗർഭാഗ്യകരമാണെന്ന് മന്ത്രി ഷിബു ബേബിജോൺ കൊല്ലത്ത് പ്രതികരിച്ചു. ദുഷ്ടനു ദുഷ്ടവിചാരവും കള്ളന് കള്ളവിചാരവുമേ ഉണ്ടകു. അത്തരത്തിലേ ഇതിനെ കാണാനാകുവെന്നാണ് ഷിബു പറഞ്ഞത്. ഇക്കാര്യത്തിൽ സോണിയ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ജമീല പ്രകാശം എംഎൽഎയും ആവശ്യപ്പെട്ടു.

സിപിഎമ്മിന്റെ വനിതാ പോഷക സംഘടനയായ ജനാധിപത്യ മഹിള അസോസിയേഷനും പ്രശ്‌നത്തിൽ പ്രക്ഷോഭം ആരംഭിച്ചു കഴിഞ്ഞു. നിയമസഭയിൽ അഞ്ച് വനിതാ എംഎൽഎമാർ അപമാനിക്കപ്പെട്ട സംഭവത്തെപ്പറ്റി അന്വേഷിച്ച് നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനിതാ കമീഷന് ജനാധിപത്യ മഹിളാ അസോസിയേഷൻ കത്ത് നൽകി. പരാതികളിൽ നടപടിയെടുക്കാത്ത കമീഷന്റെ നിലപാടിൽ അസോസിയേഷൻ പ്രതിഷേധിച്ചു. അഴിമതിയാരോപണത്തിന് വിധേയനായ ധനമന്ത്രി നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കാൻ പാടില്ല എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നതിനിടയിലാണ് ജനാധിപത്യത്തിന് നിരക്കാത്ത കടന്നാക്രമണം സ്ത്രീകൾക്കുനേരെയുണ്ടായത്.

ഡൽഹി നിർഭയസംഭവത്തിനുശേഷം കേന്ദ്ര ഗവൺമെന്റ് നിശ്ചയിച്ച വർമാ കമീഷൻ റിപ്പോർട്ടിലെ ശുപാർശ അടിസ്ഥാനമാക്കി 2013ൽ ക്രിമിനൽ നിയമഭേദഗതി പാസാക്കുകയും പുതുതായി പ്രാബല്യത്തിൽ വന്ന നിയമം സ്ത്രീകളെ ശാരീരികമായി ആക്രമിക്കുന്നവർക്ക് കൂടുതൽ വേഗത്തിൽ ശിക്ഷ ഉറപ്പാക്കണമെന്ന നിർദ്ദേശം കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. കേരള നിയമസഭയിലും സ്ത്രീകളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നത് സംബന്ധിച്ച ബിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നിട്ടും വനിതാ എംഎൽഎമാർ ശാരീരിക ആക്രമണത്തിന് വിധേയരായിരിക്കുകയാണെന്ന് മഹിള അസോസിയേഷൻ നേതാക്കൾ ചൂണ്ടിക്കാട്ടി.

കെ ശിവദാസൻനായർ എംഎൽഎ ജമീല പ്രകാശത്തെ അവരുടെ സ്ത്രീത്വത്തെ അപമാനിക്കുംവിധം കൈയേറ്റംചെയ്തു. കെ കെ ലതിക, വാഹീദ് എംഎൽഎയിൽനിന്ന് മർദനമേറ്റു. ഗീത ഗോപിയുടെ സാരി വലിച്ചുകീറി. ഇ എസ് ബിജിമോളെ ഷിബു ബേബിജോൺ കൈയേറ്റം ചെയ്തു. കെ എസ് സലീഖ ആക്രമണത്തിനിടെ ബോധരഹിതയാവുകയും ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവർ പരാതിപ്പെട്ടിട്ടും വനിതാ കമീഷന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല. ഇത്തരം ഘട്ടങ്ങളിൽ 'സുവോ മോട്ടോ' കേസ് രജിസ്റ്റർ ചെയ്യാൻ അധികാരമുള്ള വനിതാ കമീഷൻ അതിന് മുതിരാത്തത് ഭയപ്പെടുത്തുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിനുമുമ്പിൽ കൊണ്ടുവരണമെന്ന് മഹിളാ അസോസിയേഷൻ നേതാക്കളായ ടി എൻ സീമയും കെ കെ ശൈലജയും ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് വീണ്ടും വാചകമേളയുമായി കോൺഗ്രസ് നേതാക്കൾ എത്തിയത്.