- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മന്ത്രിസഭയ്ക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാവുന്ന അവസാന ദിവസം പിണറായി വിളിച്ചത് 'സ്വാമി ശരണം'; ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകൾ പിൻവലിക്കാൻ ഉത്തരവിറങ്ങി; പിണറായിക്ക് പൂർത്തിയാക്കാൻ സാധിക്കാത്തത് പാലാരിവട്ടം പാലത്തിന്റെ ഉദ്ഘാടനം; പുതിയ പ്രഖ്യാപനങ്ങൾക്ക് വിലക്ക് വന്നതോടെ ഇനി എല്ലാം തെരഞ്ഞെടുപ്പ് കമീഷൻ നിയന്ത്രണത്തിൽ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സംസ്ഥാന സർക്കാറിന് പുതിയ തീരുമാനങ്ങളെടുക്കാനും പ്രഖ്യാപനം നടത്താനും വിലക്ക്. പെരുമാറ്റച്ചട്ടത്തിൽ അനുവദനീയ കാര്യങ്ങൾ മാത്രമേ ഇനി ചെയ്യാൻ സാധിക്കുകയുള്ളൂ. പ്രധാനപ്പെട്ട സർക്കാർ ഉത്തരവുകളെല്ലാം തെരഞ്ഞെടുപ്പ് കമീഷന്റെ പരിശോധനക്ക് വിധേയമാകും. അതുകൊണ്ട് ഇനി സ്വതന്ത്രമായ തീരുമാനങ്ങൾ മന്ത്രിസഭയ്ക്ക് എടുക്കാൻ സാധിക്കില്ല.
തെരഞ്ഞെടുപ്പ് കമീഷന്റെ നിയന്ത്രണത്തിലാകും എല്ലാ കാര്യങ്ങളും ഇനി നടക്കുക. മന്ത്രിസഭ ചേർന്നാലും സുപ്രധാന തീരുമാനങ്ങൾ എടുക്കാനാകില്ല. ഉദ്ഘാടന ചടങ്ങുകൾക്കും വിലക്കുണ്ട്്. പ്രഖ്യാപിച്ച ഉദ്ഘാടനങ്ങളെല്ലാം ഏറെക്കുറെ സർക്കാർ പൂർത്തിയാക്കി. കഴിഞ്ഞ ഒരുമാസമായി ഉദ്ഘാടനങ്ങളുടെ പെരുമഴയായിരുന്നു. കഴിഞ്ഞ രണ്ട് മന്ത്രിസഭാ യോഗങ്ങളിൽ നൂറുകണക്കിന് തീരുമാനങ്ങളാണുണ്ടായത്.
പാലാരിവട്ടം പാലത്തിന്റെ ഉദ്ഘാടനം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തീർക്കാൻ സർക്കാർ ആവതും ശ്രമിച്ചെങ്കിലും അതിന് സാധിച്ചിട്ടില്ല. എന്തായായും ഇക്കാര്യത്തിൽ സർക്കാറിന് ഉർവ്വശീ ശാപം ഉപകാരമായി എന്നു പറഞ്ഞതു പോലെയാണ്. കാരണം ഇ ശ്രീധരന്റെ കഴിവിൽ പണിയുന്നതാണ് പാലാരിവട്ടം പാലം. അദ്ദേഹമാകട്ടെ ബിജെപിയിൽ ചേരുകയും ചെയ്തു. എന്തായാലും തെരഞ്ഞെടുപ്പു നേരത്തെ പ്രഖ്യാപിച്ചതിനാൽ ഇ ശ്രീധരനെ ഉൾപ്പെടുത്തിയുള്ള ഉദ്ഘാടനം സർക്കാറിന് ഒഴിവാക്കാൻ സാധിച്ചു.
എല്ലാ വകുപ്പുകളിലും മന്ത്രിമാരുടെ ഓഫിസുകളിലും പ്രധാന തീരുമാനങ്ങൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കുരുങ്ങാതിരിക്കാനുള്ള ശ്രമത്തിലായിരുന്നു. സ്വതന്ത്രമായി തീരുമാനം എടുക്കാൻ കഴിയുന്ന അവസാന ദിനമായ ഇന്ന് പിണറായിയും മന്ത്രിമാരും വിളിച്ചത് സ്വാമി ശരണം തന്നെയായിരുന്നു. ശബരിമല, പൗരത്വനിയമം എന്നിവയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവ് പുറത്തിറക്കിയത് ഇന്നായിരുന്നു.
ഗുരുതരവും ക്രിമിനൽ സ്വഭാവമുള്ളതും ഒഴികെ കേസുകളാണ് പിൻവലിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കി. കേസുകൾ പരിശോധിച്ച് നടപടിയെടുക്കാൻ ഡി.ജി.പിയെയും ജില്ല കലക്ടർമാരെയും ചുമതലപ്പെടുത്തി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിൽ 1007 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പൗരത്വഭേദഗതി നിയമ പ്രക്ഷോഭങ്ങളിൽ 311 ഉം. ഇരുകേസുകളിലുമായി 5972 പേരെ അറസ്റ്റ് ചെയ്തു. ചില കേസുകൾ പിൻവലിക്കാൻ കോടതിയുടെ അനുമതി ആവശ്യമായി വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം സർക്കാർ കുറച്ചു കൂടി സാവകാശം പ്രതീക്ഷിച്ചിരുന്നു എന്നാണ് സൂചനകളുള്ളത്. ഇപ്പോഴത്തെ വികാരം സർക്കാറിന് എതിരായി മാറിയിട്ടുണ്ട്. ആഴക്കടൽ മത്സ്യബന്ധന കേസ് അടക്കം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. അതേസമയം ഏപ്രിൽ ആറിന് വോട്ടെടുപ്പ് പ്രഖ്യാപിച്ചത് പൊതുവേ എല്ലാവരും സ്വാഗതം ചെയ്യുന്നു. വിഷുവിന് മുമ്പ് വോട്ടെടുപ്പ് വേണമെന്ന് എൽ.ഡി.എഫും യു.ഡി.എഫും കമീഷനോട് ആവശ്യപ്പെട്ടിരുന്നു. മേയിൽ നടത്തണമെന്നാണ് ബിജെപി നിർദ്ദേശംവെച്ചത്. 2016ൽ മെയ് 16നായിരുന്നു വോട്ടെടുപ്പ് നടന്നത്. മെയ് 19ന് ഫലം വന്നു.
തെരഞ്ഞെടുപ്പു നടക്കുന്ന ഏപ്രിൽ ആറിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കേരളത്തിൽ ബി..ജെ..പിക്ക് നിർണായകമായ തിരഞ്ഞെടുപ്പ് നടക്കുന്നത് പാർട്ടിയുടെ 41-ാംജന്മദിനത്തിലാണെന്നതാണ് കൗതുകമുണർത്തുന്നത്.. ജന്മദിന സമ്മാനമായി കേരളത്തിലെ ജനങ്ങൾ വോട്ടുകൾ നൽകുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ആറിന് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ ലാവ്ലിൻ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് എന്നത് ഇടതു മുന്നണിയെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുണ്ട്.
അതിനിടെ പ്രതിപക്ഷവും സമരങ്ങളിൽ നിന്നും പിന്മാറി തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. നിയമന വിവാദവുമായി ബന്ധപ്പെട്ട് യൂത്ത്ലീഗ് 10 ദിവസമായി തുടർന്ന സമരം പെരുമാറ്റച്ചട്ടം നിലവിൽവന്ന സാഹചര്യത്തിൽ നിർത്തിവെക്കുകയാണെന്നും ഇനി ജനങ്ങൾ തീരുമാനിക്കട്ടെയെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അറിയിച്ചു. വിഷയത്തിൽ സർക്കാർ നിലപാടാണോ ഉദ്യോഗാർഥികളുടെ നിലപാടാണോ ശരിയെന്ന് കാലം തെളിയിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചപോലെ നിയമസഭ തെരഞ്ഞെടുപ്പിലും വനിതകൾക്കും യുവാക്കൾക്കും പാർട്ടി പരിഗണന നൽകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ചോദ്യത്തിന് മറുപടിയായി ഫിറോസ് കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ