- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോടിന്റെ ഇടതുകാറ്റിന് ഉലച്ചിലില്ല; സ്ഥാനാർത്ഥികളായി യുവാക്കളും നഗരത്തിന്റെ തുടിപ്പ് അറിയുന്നവരും എത്തിയപ്പോൾ കോർപ്പറേഷനിലെ 35 വർഷത്തെ ഭരണതുടർച്ച നിലനിർത്തി ഇടതു മുന്നണി; മുന്നിൽ നിന്നും നയിച്ചത് എ പ്രദീപ് കുമാർ എംഎൽഎ; മുൻ മേയർ സി ഭാസ്ക്കരന്റെ സീറ്റിൽ വിജയിച്ചു മകൻ വരുൺ ഭാസ്ക്കർ; എൽഡിഎഫ് ടിക്കറ്റിൽ വിജയിച്ച മുൻ ദേശീയ വനിതാ ഹോക്കി താരത്തിനും വിജയം
കോഴിക്കോട്: നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ ഇരുമുന്നണികളെയും മാറിമാറി പരീക്ഷിക്കുന്ന കോഴിക്കോട് തദ്ദേശ തെരഞ്ഞെടുപ്പിൽ പതിറ്റാണ്ടുകളായി ഇടതുമുന്നണിയെ മാത്രമാണ് പിന്തുണച്ചിട്ടുള്ളത്. കണ്ണൂരിനെ കേരളത്തിലെ ഇടതുകോട്ടയെന്ന് വിശേഷിപ്പിക്കുമ്പോഴും കണ്ണൂർ കോർപറേഷനടക്കം ഇടതുപക്ഷത്തിന് നേടാൻ കഴിയാത്ത ഇക്കാലത്തും കോഴിക്കോടിന് മാറ്റമുണ്ടായിട്ടില്ല. ഫലപ്രഖ്യാപനം ഏതാണ്ട് പൂർത്തിയാകുമ്പോൾ 35 വർഷമായി തുടരുന്ന കോഴിക്കോട് കോർപറേഷൻ ഭരണം ഇത്തവണയും ഇടതുമുന്നണി സ്വന്തമാക്കിയിരിക്കുന്നു എന്ന് ഉറപ്പിക്കാം.
ഫലപ്രഖ്യാപനം പൂർത്തിയാക്കിയ 60 വാർഡുകളിൽ 41ലും എൽഡിഎഫ് വിജയിച്ചിരിക്കുന്നു. വോട്ടെണ്ണൽ പുരോഗമിക്കുന്ന 15 ഇടങ്ങളിൽ ഒൻപതിടങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നുമുണ്ട്. ആകെ 75 വാർഡുകളാണ് കോഴിക്കോട് കോർപറേഷനിലുള്ളത്. ഇതിൽ 41 ഇടത്ത് വിജയിച്ച് എൽഡിഎഫ് ഭരണം ഉറപ്പിച്ചിരിക്കുന്നു. ബിജെപിയുടെ അഞ്ച് സിറ്റിങ് സീറ്റുകൾ ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്തിട്ടുണ്ട്. ഫലപ്രഖ്യാപനം പൂർത്തിയായ 3 ഇടങ്ങളിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. കഴിഞ്ഞ തവണ കോഴിക്കോട് കോർപറേഷനിൽ ബിജെപിക്ക് 7 സീറ്റുകൾ ഉണ്ടായിരുന്നു. യുഡിഎഫ് ഇത്തവണ 16 ഇടങ്ങളിലാണ് ഇതുവരെ വിജയിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ യുഡിഎഫിന് 18 സീറ്റുകളുണ്ടായിരുന്നു. ഫലപ്രഖ്യാപനം പൂർത്തിയായില്ലെങ്കിലും കോർപറേഷൻ ഭരണം എൽഡിഎഫ് ഉറപ്പിച്ചിരിക്കുന്നു.
അട്ടിമറികൾക്ക് യാതൊരു സ്ഥാനവുമില്ലാത്ത തെരഞ്ഞെടുപ്പായിരുന്നു കോഴിക്കോട് കേർപറേഷനിലേക്ക് നടന്നത്. പരമാവധി യുവാക്കളെയും കോഴിക്കോട് നഗരത്തിന്റെ സമരമുഖങ്ങളായിരുന്നവരെയുമാണ് ഇത്തവണ കോഴിക്കോട് കോർപറേഷനിലേക്ക് എൽഡിഎഫ് പരിഗണിച്ചിരുന്നത്. അവരെല്ലാം വിജയിക്കുകയും ചെയ്തിരിക്കുന്നു. മുന്മേയർ എം ഭാസ്കരന്റെ മകൻ വരുൺഭാസ്കറിന്റെ വിജയമാണ് കോഴിക്കോട് കോർപറേഷനിൽ ഇത്തവണ ഏറ്റവും പ്രധാനമായത്. അച്ഛൻ പ്രതിനിധീകരിച്ച ഡിവിഷനിൽ അച്ഛന്റെ മരണത്തോടെ വരുൺ ഭാസ്കർ മത്സരത്തിനെത്തുകയായിരുന്നു.പിതാവിനോടുള്ള സ്നേഹം കരീശ്ശേരി ഡിവിഷനിലെ ജനങ്ങൾ തന്നോടും കാണിച്ചെന്ന് വരുൺ ഫലപ്രഖ്യാപനത്തിന് ശേഷം പറഞ്ഞു.
കോഴിക്കോട് നഗരത്തിൽ ഇടതുമുന്നണി സംഘടിപ്പിക്കുന്ന എല്ലാ സമരങ്ങളിലെയും സ്ഥിരസാന്നിദ്ധ്യമായ വരുണിന്റെ വിജയം എൽഡിഎഫ് ഉറപ്പിച്ചതുമായിരുന്നു. ദേശീയഹോക്കി താരം സി രേഖയും ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയായി കോഴിക്കോട് കോർപറേഷനിലേക്ക് മത്സരിച്ചിരുന്നു. കോഴിക്കോട് കോർപറേഷൻ 64ാം വാർഡ് എരഞ്ഞിപ്പാലത്ത് നിന്നാണ് ഇരുപത്തിരണ്ടുകാരിയായ സി രേഖ ജനവിധി തേടിയിരുന്നത്. ഇത്തരത്തിൽ വലിയൊരു യുവനിര തന്നെ ഇത്തവണ കോഴിക്കോട് കോർപറേഷനിൽ ഇത്തവണ എൽഡിഎഫ് സ്ഥാനാർത്ഥികളായിട്ടുണ്ടായിരുന്നു.
അവരെല്ലാം വിജയിക്കുകയും എൽഡിഎഫ് ഭരണം നിലനിർത്തുകയും ചെയ്തിരിക്കുന്നു. ഈ യുവനിര തന്നെയാണ് എൽഡിഎഫിന്റെ വിജയത്തിന്റെ പ്രധാനഘടകവും. എ പ്രദീപ് കുമാർ എംഎൽഎയാണ് കോർപറേഷൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നയിച്ചത്. പ്രചരണ രംഗത്തും പൊതുയോഗങ്ങളിലും കുടുംബയോഗങ്ങളിലുമെല്ലാം അദ്ദേഹം നേരിട്ട് ഓടിനടന്ന് പങ്കെടുത്തിരുന്നു. കോഴിക്കോട് നടക്കാവ് സ്കൂളിൽ നിന്നും ആദ്യ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഓടിയെത്തിയതും എ പ്രദീപ് കുമാറാണ്. അദ്ദേഹത്തിന്റെ നേതൃപാടവത്തിനുള്ള അംഗീകാരം കൂടിയാണ് ഈ കോഴിക്കോട്ടെ ഈ തെരഞ്ഞെടുപ്പ് ഫലം.
കോഴിക്കോട് കോർപറേഷൻ തെരഞ്ഞെടുപ്പിൽ എടുത്ത് പറയേണ്ട മറ്റൊരു സംഭവം മുസ്ലിം ഭൂരിപക്ഷ കടലോര മേഖലകളിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനായി എന്നതാണ്. വിജയിച്ചില്ലെങ്കിലും മുഖദാർ അടക്കമുള്ള മേഖലകളിൽ വോട്ടിന്റെ എണ്ണത്തിൽ ബിജെപി വലിയ നേട്ടമുണ്ടാക്കിയിരിക്കുന്നു. പലയിടത്തും യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. കോഴിക്കോട് കോർപറേഷൻ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മറ്റൊരു മത്സരം നടന്നത് വലിയങ്ങാടി ഡിവിഷനിലായിരുന്നു.
സിപിഐഎം കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്നും വ്യതിചലിച്ചുപോയി എന്ന് പറഞ്ഞ് ആർഎംപി സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പന്തീരങ്കാവ് മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായിരുന്ന അലൻഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് വലിയങ്ങാടിയിൽ പരാജയപ്പെട്ടു. യാതൊരു മുന്നേറ്റവും വലിയങ്ങാടിയിൽ അദ്ദേഹത്തിന് ഉണ്ടാക്കാനായിട്ടില്ല. കേവലം 49 വോട്ടുകൾ മാത്രമാണ് ഇവിടെ അദ്ദേഹത്തിന് ലഭിച്ചത്. ബിജെപിക്കും പിറകിൽ നാലാം സ്ഥാനത്താണ് അദ്ദേഹമെന്നതും ഈ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായി.