ഡബ്ലിൻ: ഡബ്ലിനിലെ കുടിവെള്ളത്തിൽ ലെഡ്ഡിന്റെ സാന്നിധ്യം അനുവദനീയമായ തോതിലും 80 ഇരട്ടിയിലധികം ഉണ്ടെന്ന് ഐറീഷ് വാട്ടർ. ഡബ്ലിനിലെ 20 വീടുകളിൽ നിന്നെടുത്ത സാമ്പിളിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്. അനുവദനീയമായ തോതിലും അഞ്ചു മുതൽ 80 ഇരട്ടിവരെയാണ് ലെഡ്ഡിന്റെ സാന്നിധ്യം ഐറീഷ് വാട്ടർ വീടുകളിലെ കുടിവെള്ളത്തിൽ കണ്ടെത്തിയിരിക്കുന്നത്.

കുടിവെള്ളത്തിൽ ലെഡ്ഡിന്റെ സാന്നിധ്യം വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കുക, ഉയർന്ന രക്തസമ്മർദം, വിവിധ തരത്തിലുള്ള കാൻസറുകൾ എന്നിവയ്ക്ക് കാരണമാകാറുണ്ട്. ട്രീറ്റ്‌മെന്റ് പ്ലാന്റുകളിൽ നിന്ന് ഡബ്ലിനിലേക്ക് കുടിവെള്ളം വിതരണം ചെയ്യുമ്പോൾ ലെഡ്ഡിന്റെ അംശം കാണാറില്ലെന്നും വീടുകളിലേക്ക് എത്തുന്ന വഴിയാണ് വെള്ളത്തിൽ ഇതു കലരുന്നതെന്നുമാണ് ഐറീഷ് വാട്ടർ വ്യക്തമാക്കുന്നത്. എഴുപതുകളിൽ സ്ഥാപിച്ച പ്ലംബിങ് സംവിധാനമാണ് ഇപ്പോഴും മെയിൻ കണക്ഷനിൽ നിന്ന് വീടുകളിലേക്കുള്ള ജലവിതരണത്തിന് ഉപയോഗിക്കുന്നതെന്നും ലെഡ്ഡ് കലരുന്നത് ഇത്തരത്തിലാണെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

പണ്ട് സർവീസ് കണക്ഷനുകളിൽ ലെഡ്ഡ് ഉപയോഗിച്ചിരുന്നുവെന്നും ഇതിന്റെ അംശം ഇപ്പോഴും പൈപ്പ് കണക്ഷനുകളിൽ നിലനിൽക്കുന്നതുമാണ് കുടിവെള്ളത്തിൽ ലെഡ്ഡിന്റെ സാന്നിധ്യം സൃഷ്ടിക്കുന്നതെന്നും ഐറീഷ് വാട്ടർ അധികൃതർ വ്യക്തമാക്കുന്നു. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാൻ പഴയ കാലത്തെ പ്ലംബിങ് സംവിധാനം ഉപേക്ഷിക്കണമെന്നും ഐറീഷ് വാട്ടർ നിഷ്‌ക്കർഷിക്കുന്നു.
കുടിവെള്ളത്തിൽ ലെഡ്ഡിന്റെ അനുവദനീയമായ തോത് ലിറ്ററിന് 25 മൈക്രോ ഗ്രാം മുതൽ 10 മൈക്രോ ഗ്രാം വരെയായിട്ടാണ് 2013-ൽ നിജപ്പെടുത്തിയിരുന്നത്. എന്നാൽ എച്ച്എസ്ഇയുടെ പുതിയ നിബന്ധന  കുടിവെള്ളത്തിൽ ലെഡ്ഡിന്റെ അംശം ഒരു തരത്തിലും അനുവദിക്കാവുന്നതല്ലെന്നതാണ്. എച്ച്എസ്ഇയുടെ ഈ നിബന്ധനയുടെ അടിസ്ഥാനത്തിലാണ് ഐറീഷ് വാട്ടർ ഡബ്ലിനിലെ വീടുകളിൽ നിന്ന് കുടിവെള്ളത്തിന്റെ സാമ്പിൾ എടുത്ത് പരിശോധിച്ചത്.

ലെഡ്ഡിന്റെ തോത് അപകടകരമാം വിധം കണ്ടെത്തിയ 20 വീടുകളിൽ 14 എണ്ണവും റാഹെനിയിലുള്ളതും ഒരെണ്ണം വാട്ടർമിൽ ഡ്രൈവിലുള്ളതുമാണ്. ഇവിടുത്തെ കുടിവെള്ളത്തിൽ ലിറ്ററിന് 825 മൈക്രോഗ്രാം എന്ന തോതിലാണ് ലെഡ്ഡ് അടങ്ങിയിരിക്കുന്നത്. വെർമൻ ഗ്രോവ്, ക്ലോണ്ടാർഫ് എന്നിവിടങ്ങളിലുള്ള വീടുകളിലെ കുടിവെള്ളത്തിൽ കണ്ടെത്തിയത് 123 മൈക്രോ ഗ്രാം ലെഡ്ഡാണ്. റെയ്ൻലാഗ്, കെംസ്‌ഫോർഡ് റോഡ് എന്നിവിടങ്ങളിലും ലെഡ്ഡിന്റെ അംശം കൂടിയ തോതിൽ കണ്ടെത്തിയിട്ടുണ്ട്.