തിരുവനന്തപുരം: മുക്കാൽ ലക്ഷം വോട്ടുകളിലേറെ സ്വന്തമാക്കി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിന്റെ സ്വന്തമായി മാറിയത് ഒമ്പതു സ്ഥാനാർത്ഥികളാണ്. ഏറ്റവുമധികം വോട്ടു ലഭിച്ചത് സിപിഐയുടെ പി തിലോത്തമനാണ്. ഭൂരിപക്ഷത്തിന്റെ റെക്കോർഡ് ലീഗിന്റെ പി ഉബൈദുള്ളയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വന്തമാക്കി.

ഒമ്പതിൽ ഏഴ് പേരും ഇടതുപക്ഷ സ്ഥാനാർത്ഥികളായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ചേർത്തലയിലായിരുന്നു സിപിഐ ടിക്കറ്റിൽ പി. തിലോത്തമൻ മത്സരിച്ചത്. 86,193 വോട്ടാണ് തിലോത്തമനു ലഭിച്ചത്.

തൊട്ടുപിന്നിൽ സിപിഎമ്മിലെ ജയിംസ് മാത്യുവാണ് (തളിപ്പറമ്പ്) 81,031 വോട്ട്. സി. കൃഷ്ണൻ (സിപിഐ(എം) പയ്യന്നൂർ) 78,116, പി. ഉബൈദുള്ള (മുസ്‌ളിംലീഗ് മലപ്പുറം) 77,928, പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ (മലമ്പുഴ) 77,752, മന്ത്രി എ.പി. അനിൽകുമാർ (കോൺഗ്രസ് വണ്ടൂർ) 77580, അഡ്വ. എ.എം. ആരിഫ് (സിപിഐ(എം) അരൂർ) 76675, ഡോ. തോമസ് ഐസക് (സിപിഐ(എം) ആലപ്പുഴ) 75857, ഇ.പി. ജയരാജൻ (സിപിഐ(എം) മട്ടന്നൂർ) 75177 എന്നിങ്ങനെയാണ് മറ്റുള്ളവർ നേടിയ വോട്ടുകൾ.

ഭൂരിപക്ഷത്തിൽ റെക്കാഡ് മലപ്പുറത്ത് നിന്ന് ജയിച്ച ലീഗിന്റെ പി. ഉബൈദുള്ളയ്ക്കാണ് 44,508 വോട്ട്. മലപ്പുറത്ത് ഉബൈദുള്ള തന്നെയാണ് വീണ്ടും ലീഗ് സ്ഥാനാർത്ഥി. അതേസമയം, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം ഈ നിയമസഭാമണ്ഡലത്തിൽ 36,000 ആയി കുറഞ്ഞു. മലപ്പുറം മുനിസിപ്പാലിറ്റിയും അഞ്ച് പഞ്ചായത്തുകളും ഭരിക്കുന്നത് യു.ഡി.എഫാണ്.

സിപിഐ രണ്ട് ടേം മത്സരിച്ചവർ മാറണമെന്ന നിബന്ധന കർശനമാക്കിയില്ലെങ്കിൽ ചേർത്തലയിൽ പി. തിലോത്തമന് വീണ്ടും നറുക്ക് വീഴാം. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം സിപിഐയുടെ ആത്മവിശ്വാസം കൂട്ടുന്നു. തളിപ്പറമ്പും പയ്യന്നൂരും സിപിഎമ്മിന്റെ ഉറച്ച കോട്ടകളാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിൽ ഭൂരിപക്ഷം അല്പം കുറഞ്ഞെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ അത് ഇടതുപക്ഷം തിരിച്ചുപിടിച്ചു. തളിപ്പറമ്പിൽ ജെയിംസ് മാത്യു വീണ്ടും ജനവിധി തേടുമെന്നാണ് സൂചന. പയ്യന്നൂരിൽ സി. കൃഷ്ണന് പകരം സിപിഐ(എം) ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനൻ വന്നേക്കാം. സംസ്ഥാന സെന്റർ പറഞ്ഞാൽ സെക്രട്ടേറിയറ്റംഗം എം വി ഗോവിന്ദനാവും സ്ഥാനാർത്ഥി.

ഓരോ തവണയും ഭൂരിപക്ഷം വർദ്ധിക്കുകയായിരുന്നു മലപ്പുറത്തെ വണ്ടൂരിൽ എ.പി. അനിൽകുമാറിന്. അനിൽകുമാർ തന്നെയാവും വീണ്ടും ഇവിടെ യു.ഡി.എഫിന്റെ പടയാളി. വി എസ്. അച്യുതാനന്ദനെ 2006ലും 2011ലും മലമ്പുഴ വലിയ ഭൂരിപക്ഷം നൽകിയാണ് വിജയിപ്പിച്ചത്. വി എസ് ഇക്കുറിയും കളത്തിലിറങ്ങുമെന്നാണ് സൂചന. മലമ്പുഴ തന്നെയാവും അങ്കത്തട്ട്.

ഗൗരിഅമ്മയെ തോല്പിച്ചാണ് എ.എം. ആരിഫ് ആദ്യമായി അരൂരിൽ നിന്ന് നിയമസഭയിലെത്തിയത്. 2006ലായിരുന്നു അത്. 2011ലും വിജയം ആവർത്തിച്ച ആരിഫിന്റെ പേര് വീണ്ടും സാദ്ധ്യതാ പട്ടികയിലുണ്ട്. 2001ലും 2006ലും മാരാരിക്കുളവും 2011ൽ ആലപ്പുഴയും തോമസ് ഐസക്കിനെ ഇരുകൈയും നീട്ടി വരവേറ്റു. ഇത്തവണയും ഐസക് തന്നെയാവും സ്ഥാനാർത്ഥി. ഇടവേളയ്ക്ക് ശേഷം 2011ൽ മട്ടന്നൂരിൽ നിന്ന് നിയമസഭയിലെത്തിയ ഇ.പി. ജയരാജൻ ഇത്തവണയും ഇവിടെ തന്നെയാവും അങ്കം കുറിക്കുക.