- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അഹങ്കാരം ഒട്ടും പാടില്ല, വിനയാന്വിതനായി ജനങ്ങൾക്ക് മുന്നിലെത്തണം, വോട്ട് ചെയ്യാത്തവരോട് വെറുപ്പോ നീരസമോ പാടില്ല'; സാരോപദേശവുമായി സിപിഎം കണ്ണൂർ സെക്രട്ടറി; ജയിച്ചവർ മാത്രം നന്ദി പറയാൻ വോട്ടർമാരുടെ അടുത്ത് പോയാൽ പോരാ, തോറ്റവരും നിരന്തരം വീട് കയറണമെന്നും ജയരാജൻ; ഒരേ ഒരു ലക്ഷ്യം നിയമസഭ തെരഞ്ഞെടുപ്പും ഭരണത്തുടർച്ചയും
കണ്ണൂർ: തദ്ദേശതെരഞ്ഞെടുപ്പിലെ വിസ്മയാവഹമായ ജയത്തിൽ മതിമറക്കുന്ന ചില അണികൾ സിപിഎമ്മിന് തലവേദനയാകുകയാണ്. തനിക്കുവോട്ടു ചെയ്യാത്തവർ ആരാണെന്നു തനിക്കറിയാമെന്നും അവരൊന്നും ഒരു ആവശ്യത്തിനും തന്നെ സമീപിക്കരുതെന്നുമുൾപ്പടെയുള്ള ഒരു സ്ഥാനാർത്ഥിയുടെ വിജയപ്രസംഗം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സമാനരീതിയിലുള്ള നടപടികൾ വിവിധ ഭാഗങ്ങളിൽ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് സജീവചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം പ്രവർത്തകർക്കു സാരോപദേശവുമായി നേതാക്കൾ തന്നെ രംഗത്തെത്തിയത്.സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ഉപദേശവുമായി എത്തിയിരിക്കുന്നത്.
'അഹങ്കാരം ഒട്ടും പാടില്ല. വിനയാന്വിതനായി ജനങ്ങൾക്ക് മുന്നിലെത്തണം.വോട്ട് ചെയ്യാത്തവരോട് വെറുപ്പോ നീരസമോ പാടില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. ജയിച്ചവർ മാത്രം നന്ദി പറയാൻ വോട്ടർമാരുടെ അടുത്ത് പോയാൽ പോരാ. തോറ്റവരും നിരന്തരം വീട് കയറണം. കണ്ണൂർ ജില്ലയിൽ 1168 പേർ വിജയിച്ചപ്പോൾ 500ൽ അധികം സ്ഥാനാർത്ഥികളാണ് പരാജയപ്പെട്ടത്. തോൽവിയുടെ പേരിൽ മാറി നിൽക്കുന്നതാണ് പല ഇടത്തും പ്രശ്നമായത്. തിരിച്ച് പിടിക്കാൻ കഴിയാത്തതിന്റെ കാരണവും ഈ അകൽച്ച തന്നെയാണെന്ന് പാർട്ടി കണ്ടെത്തിയിട്ടുണ്ട്', ജയരാജൻപറഞ്ഞു
വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ട പണിയെടുക്കാനാണ് പരാജയപ്പെട്ട സ്ഥാനാർത്ഥികൾക്ക് പാർട്ടി നൽകുന്ന നിർദ്ദേശം. വീടുകൾ സന്ദർശിക്കുക, വോട്ടർമാരെ കണ്ട് നന്ദിപറയുക. വോട്ട് ചെയ്തവർ ആയാലും ചെയ്യാത്തവർ ആയാലും നേരിൽ കണ്ട് നന്ദി പുതുക്കുക തുടങ്ങിയവയാണ് തോറ്റവർക്കുള്ള ഉപദേശങ്ങൾ.
500 താഴെ ആളുകൾ പരാജയപ്പെട്ടിട്ടുണ്ടെന്നും ഇതിൽ ഇടതുപക്ഷത്തിന്റെ പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവർ ഉണ്ടെന്നും ഇവർ വീടുകൾ കയറണമെന്നും വോട്ട് ചെയ്തവരും അല്ലാത്തവരുമായ ജനങ്ങളുമായി ബന്ധം സ്ഥാപിക്കണമെന്നും സിപിഎം നേതാവ് എ.വി ജയരാജൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.