തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ പാർട്ടി ഗുണ്ടാസംഘങ്ങളേയും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരേയും സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഇത്തരക്കാരെ പാർട്ടിക്ക് വേണ്ടി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാമനാട്ടുകരയിലെ സ്വർണക്കടത്ത് ക്വട്ടേഷൻ സംഭവത്തിൽ പിടിയിലായ പ്രതികൾക്ക് സി പി എം ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാമനാട്ടുകരയിലെ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടെന്നു സംശയിക്കുന്ന അഴീക്കോട് സ്വദേശി അർജുൻ ആയങ്കിക്ക് സി പി എം ബന്ധമുണ്ടെന്നതിന് വളരെ വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. കണ്ണൂർ ജില്ലാ സെക്രട്ടറി ഇയാൾക്ക് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് ഇരുപത്തിനാല് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാളുടെ ഫോൺ സംഭാഷണമടക്കമുള്ള വിവരങ്ങൾ പുറത്തുവരുകയാണ് ഉണ്ടായതെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.

പെരിയ കൊലക്കേസിലെ മൂന്ന് പ്രതികളുടെ ഭാര്യമാർക്ക് നാന്നൂറ്റി അമ്പത് പേർക്ക് നടത്തിയ അഭിമുഖത്തിൽ ഒന്നും രണ്ടും മൂന്നും റാങ്കുകൾ കൊടുത്തു. പാർട്ടിക്ക് വേണ്ടി എന്ത് വൃത്തികേടുകൾ ചെയ്താലും നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും പാർട്ടിസംരക്ഷിക്കും എന്ന ഉറപ്പ് നൽകുമെന്ന സന്ദേശമാണ്അതിൽ നിന്ന് കിട്ടുന്നത്. അത് തന്നെയാണ് ഇവിടേയും ഉണ്ടാകാൻ പോകുന്നത്. ഇത്രയും വലിയൊരു രാഷ്ട്രീയപാർട്ടി ഇത്തരക്കാരെ സംരക്ഷിക്കുന്നു എന്നത് പാർട്ടിയുടെ എത്ര വലിയ പതനമാണെന്നും അത്തരമൊരു ഗതികേടിലേക്കാണ് സി പി എം എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.