കണ്ണൂർ/കോഴിക്കോട്: സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ നേതാക്കൾ രാജിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തി. സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, കെപിസിസി പ്രസിഡന്റ് വി എം സുധീരൻ, ബിജെപി പ്രസിഡന്റ് വി മുരളീധരൻ എന്നിവർ രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് ചെയ്തു.

തദ്ദേശ തിരഞ്ഞെടുപ്പോടെ കേരളത്തിൽ യുഡിഎഫ് തകരുമെന്ന് സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. പിണറായിയിൽ രാവിലെ 8.15ന് വോട്ട് രേഖപ്പെടുത്തിയശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ശിഥിലമാകും എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. കണ്ണൂരിൽ ക്രമസമാധാന പ്രശ്‌നമുണ്ടായാൽ സ്ഥാനാർത്ഥിക്കെതിരെ കേസെടുക്കും എന്നു പറയുന്ന എസ്‌പിക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്.

ക്രമസമാധാനം ഉറപ്പുവരത്തേണ്ടത് എസ് പിയുടെ ചുമതലയാണ്. ആന്തൂർ പഞ്ചായത്തിൽ യുഡിഎഫിന് സ്ഥാനാർത്ഥികളെ നിർത്താൻ ആളില്ലാത്തതിന് സിപിഎമ്മിന് കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മുൻപും അവിടെ ഇത്തരത്തിൽ സിപിഐ(എം) സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്പിണറായി പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ കരാർ ഉറപ്പിക്കാൻ മിടുക്കനാണെന്നും മറ്റ് കാര്യങ്ങൾ തിരഞ്ഞെടുപ്പിനുശേഷം പറയാം എന്നും ഒരു ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു.

അതേസമം സംസ്ഥാനത്ത് ബിജെപി വൻ മുന്നേറ്റമുണ്ടാക്കുമെന്ന ബിജെപി അധ്യക്ഷൻ വി മുരളീധരൻ പറഞ്ഞു. കോഴിക്കോട് എരഞ്ഞിപ്പാലത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് മാദ്ധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത്. കേരളത്തിന്റെ രാഷ്ട്രീയചരിത്രം മാറ്റിയെഴുതുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് എന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മുരളീധരൻ പറഞ്ഞു. ബിജെപി സമ്പൂർണ ആത്മവിശ്വാസത്തിലാണെന്നും കാസർഗോഡിന് പുറമേ മറ്റിടങ്ങളിലും ബിജെപി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കെ എം മാണി ആരോപണവിധേയനായ ബാർ കോഴക്കേസിലും മുന്മന്ത്രി എളമരം കരീം ആരോപണവിധേയനായ ചക്കിട്ടപ്പാറ ഖനന കേസിലും നടന്നത് കോൺഗ്രസും സിപിഎമ്മിലെ ഒരു വിഭാഗവും തമ്മിലുണ്ടായ ഒത്തുകളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ ആരോപിച്ചു. ബാർ കോഴക്കേസ് ഏറ്റെടുക്കില്ലെന്ന ഉറപ്പിലാണ് എളമരത്തിനെതിരായ കേസ് വിജിലൻസ് ഒഴിവാക്കിയതെന്ന് മുരളീധരൻ പറഞ്ഞു.

ഇത്തവണ കേരളത്തിൽ ബിജെപി ഭരിക്കുന്ന കൂടുതൽ പഞ്ചായത്തുകൾ ഉണ്ടാകുമെന്നും മുരളീധരൻ അവകാശപ്പെട്ടു. വെള്ളാപ്പള്ളി നടേശൻ ആരോപിച്ചതുപോലെ കേരളത്തിൽ മൂന്നാം മുന്നണി രൂപവത്കരിക്കുന്നതിൽ ബിജെപി.യുടെ ഭാഗത്ത് നിന്ന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് മുൻ കേന്ദ്രമന്ത്രി ഒ.രാജഗോപാൽ പറഞ്ഞു.

അരുവിക്കര എംഎൽഎ ശബരീനാഥും അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്ത് ബിജെപി തരംഗമാണുള്ളതെന്നും എസ്എൻഡിപിയുമായുള്ള സഖ്യം ഗുണം ചെയ്തുവെന്നും രാജഗോപാൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. കെപിസിസി പ്രസിഡന്റ് വി എം സുധീരൻ തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻവിജയം നേടുമെന്നും അഴിമതി ആരോപണങ്ങൾ തിരഞ്ഞടുപ്പിനെ പ്രതികൂലമായി ബാധിക്കില്ലെന്നും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം സുധീരൻ പറഞ്ഞു. യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പോടെ ശിഥിലമാകുമെന്ന പിണറായി വിജയന്റെ പ്രസ്താവനയെ മലർപ്പൊടിക്കാരന്റെ സ്വപ്‌നമായാണ് സുധീരൻ വിശേഷിപ്പിച്ചത്. കെ.മുരളീധരനും തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തി.