തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട ഫലം പ്രതീക്ഷിച്ചിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജനവിധി അംഗീകരിക്കുന്നു. തിരിച്ചടിയെക്കുറിച്ചു പാർട്ടിതലത്തിൽ അന്വേഷണം നടത്തും. യുഡിഎഫ് ആകെത്തകർന്നു എന്ന വാർത്തകൾക്ക് അടിസ്ഥാനമില്ല. യുഡിഎഫിന്റെ അടിത്തറയ്ക്ക് കോട്ടം തട്ടിയിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വിജയത്തിൽ കുറവു വന്നിട്ടുണ്ട്. എങ്കിലും അടിത്തറ തകർന്നു എന്നു പറയാറായിട്ടില്ല. തിരിച്ചടിയുടെ കാരണം തുറന്നു പറയാൻ ആകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ യുഡിഎഫ് നേടിയ രണ്ടാമത്തെ വലിയ വിജയമാണ് ഇക്കുറിയുള്ളത്. അത് 2010നേക്കാൾ കുറഞ്ഞുവെന്നു മാത്രമേയുള്ളുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അഴിമതിക്കും വർഗീയ വിപത്തിനുമെതിരായ വിധിയെഴുത്താണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായതെന്നു സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പ്രതികരിച്ചു. മതനിരപേക്ഷത സംരക്ഷിക്കാൻ ഇടതുപക്ഷം ശക്തിപ്പെടണം എന്ന ജനങ്ങളുടെ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. കോൺഗ്രസ്സിന്റെ അഴിമതിക്കും ജനവിരുദ്ധ രാഷ്ട്രീയത്തിനും കനത്ത തിരിച്ചടി ലഭിച്ചു. മതനിരപേക്ഷതയ്ക്ക് പോറലുണ്ടാക്കുന്ന നീക്കങ്ങൾക്കെതിരെ നിതാന്ത ജാഗ്രത തുടരേണ്ടതുണ്ട് എന്ന സന്ദേശം കൂടി ഈ ഫലം നൽകുന്നു.

മോദി പ്രഭാവവും വെള്ളാപ്പള്ളി സഖ്യവും വർഗീയ ധ്രുവീകരണവും കൊണ്ട് വന്മുന്നേറ്റം നടത്താം എന്ന് കരുതിയ ബിജെപിക്ക് അവർ അവകാശപ്പെട്ട മുന്നേറ്റം ഉണ്ടാക്കാനായില്ല. എങ്കിലും ചില പോക്കറ്റുകളിൽ വർഗീയ ശക്തികൾക്കു നേട്ടമുണ്ടാക്കാനായത് മതനിരപേക്ഷ മുദ്രാവാക്യം ഉയർത്തി കൂടുതൽ ജനങ്ങളെ അണിനിരത്തേണ്ടതിന്റെ പ്രാധാന്യത്തിന് അടിവരയിടുന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗ്രാമനഗര വ്യത്യാസമില്ലാതെ മുന്നേറ്റം നടത്തി. നവകേരള സൃഷ്ടിക്കായി ഒത്തൊരുമിച്ചു മുന്നേറാനുള്ള വലിയ ഊർജമാണ് ഈ വിജയം പകർന്നു നൽകുന്നതെന്നും പിണറായി പറഞ്ഞു.

സർക്കാരിനെതിരായ ജനരോഷമാണു തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാവുമെന്ന് മുന്പ് പറഞ്ഞ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനവിധി അംഗീകരിച്ച് രാജിവയ്ക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സർക്കാരിന്റെ ഹിതപരിശോധനയാണെന്ന് കെപിസിസി പ്രസിഡന്റ് വി എം.സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. ഇതൊക്കെ വെറുതെ പറഞ്ഞതാണെങ്കിൽ സർക്കാരിന് ഇഷ്ടമുള്ള വഴി സ്വീകരിക്കാം. മുമ്പൊക്കെ ഓരോ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും മുഖ്യമന്ത്രി ഇതുപോലെ പറഞ്ഞിരുന്നു. അന്നൊക്കെ യു.ഡി.എഫിന് നേട്ടമുണ്ടായതു കൊണ്ട് മുഖ്യമന്ത്രി അതിൽതന്നെ ഉറച്ചുനിന്നു. ഇപ്പോൾ ജനങ്ങൾ നേരെ വിപരീതമായി വിധിയെഴുതിയിരിക്കുന്നു. അഴിമതി ഭരണത്തിനെതിരായ ശക്തമായ പ്രതികരണമാണിതെന്നും കോടിയേരി പറഞ്ഞു.

ചിലയിടങ്ങളിൽ ബിജെപി രണ്ടാcതെത്തിയത് ഗൗരവമായി കാണണം. എന്നാൽ പാർലമെന്റ് തിരഞ്ഞെടുപ്പിലെ നേട്ടം നിലനിർത്താൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

അതേസമയം, യുഡിഎഫിനേറ്റ പരാജയത്തിൽ തനിക്കു ഷോക്കില്ലെന്ന് എ കെ ആന്റണി പ്രതികരിച്ചു. അപ്രതീക്ഷിത തോൽവിയിൽ തനിക്ക് വിഷമം ഉണ്ട്. തോൽവിയെ കുറിച്ച് വിശദമായി പരിശോധിക്കും. എന്തൊക്കെയോ അടിയൊഴുക്കുകൾ ഉണ്ടായിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്ന നിഗമനത്തിൽ ഇപ്പോൾ എത്താനാവുന്നില്ല. തുടർച്ചയായ ജയങ്ങളിലൂടെയുണ്ടായ ആത്മവിശ്വാസം തിരിച്ചടിയായെന്നും ആന്റണി പറഞ്ഞു. ബാർ കോഴയിലെ കോടതി വിധി തിരിച്ചടി ആയോയെന്ന ചോദ്യത്തിന് അവസാന ആഴ്ചയിലെ അടിയൊഴുക്കുകൾ പരിശോധിക്കേണ്ടതാണെന്ന് അദ്ദേഹം മറുപടി നൽകി. തിരഞ്ഞെടുപ്പിലെ പരാജയം കണക്കിലെടുത്ത് നിലപാടുകൾ മാറ്റാൻ യു.ഡി.എഫ് ഒട്ടും മടിക്കേണ്ടതില്ലെന്നും ആന്റണി പറഞ്ഞു.