തൃശൂർ : ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസാമിന്റെ അഭിഭാഷകനായി മുൻ കേന്ദ്രമന്ത്രിയെ കൊണ്ടുവരാൻ നീക്കം. കേന്ദ്ര മന്ത്രിയല്ലെങ്കിൽ നല്ല പേരുള്ള കോൺഗ്രസ് നേതാവെത്തു. ഇതാണ് ചന്ദ്ര ബോസ് വധ ശ്രമക്കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പുതിയ അഭ്യൂഹം. പൊലീസിന് കാശ് നൽകി കേസ് ഒതുക്കി തീർക്കാനുള്ള ശ്രമം മാദ്ധ്യമ ഇടപെടലുകളിലൂടെ പൊളിഞ്ഞുവെന്ന് ഉറപ്പായതോടെയാണ് ഈ നീക്കം. മുൻ എംപിയായ പ്രമുഖ കോൺഗ്രസ് നേതാവ് തന്നെയാണ് ഈ നീക്കങ്ങൾക്ക് പിന്നിൽ.

ചന്ദ്രബോസിനെ വാഹനമിടിച്ചും മർദ്ദിച്ചും കൊലപ്പെടുത്തിയ കേസിൽ വിവാദ വ്യവസായി നിസാമിന്റെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സുധീന്ദ്രകുമാർ കഴിഞ്ഞ ദിവസം തള്ളിയുരന്നു. ജാമ്യം അനുവദിക്കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വിലയിരുത്തി. ജാമ്യം ലഭിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്നും ഇന്ത്യ വിട്ടുപോകാനിടയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യം കിട്ടണമെങ്കിൽ ഇനി നിസാം ഹൈക്കോടതിയെ സമീപിക്കണം. ജനുവരി 29ന് ചന്ദ്രബോസ് മർദ്ദനമേറ്റ് ആശുപത്രിയിലായതുമുതൽ ഇയാൾ പൊലീസ് കസ്റ്റഡിയിലും റിമാൻഡിലുമാണ്.

ഹൈക്കോടതിയിൽ പ്രമുഖ അഭിഭാഷകരെ എത്തിച്ച് അനുകൂല വിധി നേടിയെടുക്കാനാണ് ശ്രമം. ഡൽഹിയിലെ തന്റെ സ്വാധീനമുപയോഗിച്ചാണ് നേതാവ് കരുക്കൾ നീക്കുന്നത്. അടുത്ത ജാമ്യാപേക്ഷ പരിഗണിക്കേണ്ട ഹൈക്കോടതിയിൽ കോൺഗ്രസ് മന്ത്രിയായിരുന്ന അഭിഭാഷകനെ എത്തിക്കാനാണ് ശ്രമം. കപിൽ സിബലിനെയാണ് പ്രധാനമായും പരിഗണിക്കുന്നത്. ഇല്ലാത്ത പക്ഷം അഭിഷേക് സിങ്ങ് വിയെത്തുമെന്നാണ് പറയുന്നത്. നിസാമിനെതിരെ കാപ്പ ചുമത്തിയാൽ അതിന്റെ നിയമസാധുതയാകും ചോദ്യം ചെയ്യപ്പെടുക. കാപ്പ നിലനിൽക്കില്ലെന്നും അതിനാൽ ജാമ്യഹർജി മേൽക്കോടതി അംഗീകരിക്കുമെന്നുമാണ് ഇവരുടെ വാദം.

നിസാമിന്റെ കേസ് നടത്താൻ മികച്ച അഭിഭാഷകരുടെ സംഘം ഇപ്പോൾ തന്നെയുണ്ട്. സുപ്രീംകോടതിയിൽ വരെ ഹാജരാവുന്നവരാണ് സംഘത്തിലുള്ളത്. ഇതൊന്നും കൊണ്ട് ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് സുപ്രീംകോടതിയിലെ പ്രമുഖനെ എത്തിക്കാൻ നീക്കം. കോൺഗ്രസ് നേതാക്കളായ അഭിഭാഷകർ ഇതിന് തയ്യാറായില്ലെങ്കിൽ രാംജത് മലാനി അടക്കമുള്ളവർക്കായി ശ്രമം നടത്തും. മികച്ച അഭിഭാഷകനുണ്ടെങ്കിൽ നിസാം കേസിൽ നിന്ന് രക്ഷപ്പെടുമെന്നാണ് ഇവരുടെ വിലയിരുത്തൽ. അതിനുള്ള പഴുതുകൾ പൊലീസുമായുള്ള അവിശുദ്ധ ബന്ധത്തിലൂടെ തയ്യാറാക്കി കഴിഞ്ഞു.

മുൻ എംപിയാണ് ഡൽഹിയിൽ നിന്ന് കേസ് നടത്തിപ്പിന് നിയമോപദേശമടക്കം നിസാമിന്റെ ബന്ധുക്കൾക്ക് നൽകുന്നത്. ജില്ലയിൽ നിന്നുള്ള ഒരു എംഎ‍ൽഎയാണ് മറ്റ് കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. തൃശൂരിൽ പല ഉന്നത കോൺഗ്രസ് നേതാക്കൾക്കും നിസാമുമായി നല്ല ബന്ധമുണ്ടെങ്കിലും ഇപ്പോൾ ജനത്തെ ഭയന്ന് ആരും പരസ്യമായി രംഗത്തുവരുന്നില്ല. പക്ഷേ എല്ലാവരുടേയും രഹസ്യ പിന്തുണ എല്ലാത്തിനും ഉണ്ട്.