കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ രംഗത്തെത്തിയത് ദേശീയ തലത്തിൽ തന്നെ പ്രവർത്തിക്കുന്ന മുൻനിര പിആർ ഏജൻസിയായിരുന്നു. രാഷ്ട്രീയ കക്ഷികളുടെ പ്രചരണ തന്ത്രങ്ങൾ ഉൾപ്പെടെ നിശ്ചയിക്കുന്ന ഏജൻസിക്ക് പത്തുകോടി രൂപ പ്രതിഫലം നിശ്ചയിച്ചതാണ് നടനുവേണ്ടി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരണം നടത്താൻ ചുമതലപ്പെടുത്തിയത് എന്ന വിവരവും പുറത്തുവരുന്നു. ഇതോടെ രണ്ടുദിവസമായി സോഷ്യൽമീഡിയയിൽ നടക്കുന്ന പ്രവർത്തനങ്ങളെ പറ്റി സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. അത് പിന്നെ സൈബർ ഡോം ഏറ്റെടുത്തു. ഇപ്പോൾ ഈ ഏജൻസിയെ പൊലീസ് കണ്ടെത്തിയിരുന്നു.

ദിലീപിനെ അനുകൂലിച്ച് ആദ്യം രംഗത്ത് വന്നത് സാക്ഷാൽ പിസി ജോർജായിരുന്നു. മുഖ്യമന്ത്രിക്ക് ദിലീപിന് വേണ്ടി കത്തെഴുതൽ വരെ നടന്നു. അതിന് ശേഷം പിസിയുടെ മകൻ ഷോൺ ജോർജ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് നിരപരാധിയാണെന്ന് പറയാതെ പറഞ്ഞ് ഷോൺ ജോർജ് രംഗത്ത് വന്നത്. മുമ്പും നടിമാരെ ആക്രമിച്ച ചരിതതമുള്ളയാളാണ് പൾസർ സുനി. ഈ നടിയെയും ആക്രമിക്കാൻ സുനിക്ക് പ്രേരണ വേണ്ടിവന്നുവെന്ന് വിശ്വസിക്കുന്നതിൽ കഴമ്പില്ല. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണം. ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ശിക്ഷിക്കട്ടെ, അതുവരെ ഈ മാധ്യമവിചാരണ അവസാനിപ്പിക്കണമെന്നും ഷോൺ ഫേസ്‌ബുക്കിൽ പോസ്റ്റിൽ ചെയ്ത വീഡിയോയിൽ പറയുന്നു.ദീലിപിനെതിരെ ഗൂഢാലോചന നടന്നതാവാമെന്നും ഷോൺ പറയുന്നുണ്ട്. പിസി ജോർജ്ജിനും മകനും പിന്നാലെ സിനിമയിലെ ദിലീപ് അനുകൂലികളെല്ലാം എത്തി. ഇതോടെ ദിലീപിനായി പലതരം അനുകൂല ഇടപെടലുകളും. ഒടുവിൽ ദിലീപിന് അനുകൂലമായി സോഷ്യൽ മീഡിയയിൽ തരംഗമുണ്ടാക്കിയ പി.ആർ. ഏജൻസിയെ അന്വേഷണസംഘം കണ്ടെത്തി. ഇവർക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചു.

ദിലീപ് അറസ്റ്റിലായി ദിവസങ്ങൾക്ക് ശേഷം സഹതാപമുണർത്തുന്ന തരത്തിലുള്ള ഫേസ്‌ബുക്ക് പോസ്റ്റുകൾ ഒരുപാടെത്തി. കേട്ടിട്ടില്ലാത്ത ഓൺലൈൻ പത്രങ്ങൾ ഇതിനായി പിറക്കുകയും ചെയ്തു. പ്രത്യേകസംഘമാണ് പി.ആർ. ഏജൻസിയെ കണ്ടെത്തിയത്. ആരാണ് ദിലീപിന് അനുകൂലമായി വാർത്ത നൽകാൻ കരാർ നൽകിയതെന്നാണ് പ്രധാന അന്വേഷണം. പൊലീസിന്റെ സൈബർ ഡോം വിഭാഗം തെളിവുകൾ ശേഖരിച്ചുതുടങ്ങി. കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണു ക്രിമിനൽ കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ പ്രതിക്കുവേണ്ടി നവമാധ്യമങ്ങളെ ഉപയോഗിച്ചു ഇടപെടൽ നടത്തുന്നത്. അറസ്റ്റിലായ നടൻ ദിലീപിനു പ്രതികൂലമായ അഭിപ്രായം പറഞ്ഞ ചലച്ചിത്ര പ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങൾക്കും സൈബർ ക്വട്ടേഷൻ സംഘം നേതൃത്വം നൽകി. മാധ്യമങ്ങളിൽ ദിലീപിന് അനുകൂലമായി അഭിപ്രായം പറയാൻ അറിയപ്പെടുന്ന പലർക്കും പണം വാഗ്ദാനം ചെയ്തതായും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു.

രണ്ടു ദിവസം കൊണ്ടാണു നവമാധ്യമങ്ങളിൽ ദിലീപ് അനുകൂല പോസ്റ്റുകളും പൊലീസിനെയും മാധ്യമങ്ങളെയും അപഹസിക്കുന്ന ട്രോളുകളുംകൊണ്ടു നിറഞ്ഞത്. ഇതിൽ ചില ദിലീപ് പോസ്റ്റുകൾക്ക് ഒരു ലക്ഷത്തിലധികം കൃത്രിമ ഷെയറുകൾ സൃഷ്ടിച്ചതായും പൊലീസ് കണ്ടെത്തി. പത്തിലധികം പുതിയ ഓൺലൈൻ പത്രങ്ങളും ദിലീപ് അനുകൂല വാർത്തകളുമായി സൈബർ ലോകത്തു സജീവമായി. ഇതിൽ വിദേശത്തു രജിസ്റ്റർ ചെയ്ത ഡൊമൈൻ ഐഡികളും (ഇന്റർനെറ്റ് വിലാസം) ഉൾപ്പെടുന്നു. ഇവർക്കും പണം ലഭിച്ചതായി പൊലീസ് സംശയിക്കുന്നു. ഇത്തരം ഇടപെടലുകൾ എന്നാൽ ദിലീപിന് ഗുണം ചെയ്തില്ല. ഇത് പ്രതിയുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേട്ട് കോടതി പരിഗണിച്ച വേളയിൽ പ്രോസിക്യൂഷനു ലഭിച്ച ആയുധമായി. തിരഞ്ഞെടുപ്പു കാലത്തു ചില സ്ഥാനാർത്ഥികൾക്കുവേണ്ടി സൈബർ പ്രചാരണം ഏറ്റെടുത്ത ഈ ഏജൻസി എതിർ സ്ഥാനാർത്ഥികളെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചതായി ആരോപണമുണ്ടായിരുന്നു.

കേസിന്റെ തുടക്കത്തിൽ ദിലീപിനെതിരെ തുടർച്ചയായി വാർത്തകൾ നൽകിയ ചില ഓൺലൈൻ വാർത്താ പോർട്ടലുകളെ നിശബ്ദരാക്കിയിട്ടുമുണ്ട്. ഈ കേസുമായി ബന്ധപ്പെട്ടു സ്ഥിരം ചർച്ചകൾ നടത്തുന്ന ചാനലുകളുടെ ഓഫിസിലേക്കു ഫോൺ ചെയ്തു കോളുകൾ റെക്കോർഡ് ചെയ്തു പ്രചരിപ്പിക്കുന്നതാണു മറ്റൊരു തന്ത്രം. ദിലീപിനെതിരായ മാധ്യമവാർത്തകളിൽ ജനങ്ങൾക്കു കടുത്ത പ്രതിഷേധമുണ്ടെന്ന രീതിയിൽ സംസാരിച്ചാണു കോൾ റെക്കോർഡ് ചെയ്യുന്നത്. ദിലീപിനൊപ്പം നിൽക്കുക എന്ന പേരിൽ ഫേസ്‌ബുക് പേജും തുടങ്ങിയിട്ടുണ്ട്. ദിലീപുമായി വിവാഹബന്ധം വേർപെടുത്തിയശേഷം ആദ്യമായി സിനിമയിൽ അഭിനയിച്ചപ്പോൾ മഞ്ജു വാരിയർക്കെതിരെയും ഇത്തരത്തിൽ സംഘടിതമായ സൈബർ പ്രചാരണമുണ്ടായിരുന്നു.

മലയാളികൾ കൂടി ഉൾപ്പെട്ട പത്തംഗ സംഘത്തെ ഉൾപ്പെടുത്തിയാണ് ഇത്തരത്തിൽ പ്രചരണം നടക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ ദിലീപ് അനുകൂല പ്രചരണങ്ങൾ നടത്താൻ ഫെയ്ക്ക് ഐഡികൾ ഉൾപ്പെടെ ഉണ്ടാക്കിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം ഐഡികളിൽ നിന്ന് നടത്തുന്ന പ്രചരണങ്ങളും പൊലീസ് നിരീക്ഷണത്തിലാണെന്ന് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരിൽ നിന്ന് മറുനാടന് വിവരം ലഭിച്ചു. നഴ്സിങ് സമരം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ ചാനലുകൾ അതൊഴിവാക്കി പകരം ദിലീപ് ഷോ നടത്തുകയാണെന്ന മട്ടിലും പ്രചരണം നടക്കുന്നുണ്ട്. വാർത്തകളുടെ മുഖ്യധാരയിൽ ദിലീപ് വിഷയം കത്തിനിൽക്കുന്നത് ഒഴിവാക്കാനും പിന്നാമ്പുറ ശ്രമങ്ങൾ നടക്കുന്നു. പ്രമുഖ വ്യക്തികളേയും ദിലീപിന് അനുകൂലമായി സംസാരിക്കുന്നവരേയും ഉപയോഗിച്ച് ഇത്തരത്തിൽ വരുംദിവസങ്ങളിൽ പ്രചരണം ഉഷാറാക്കാനാണ് കരാർ ഏറ്റെടുത്ത കമ്പനിയുടെ നീക്കമെന്നാണ് വിവരം.

ഇതിനായി പലരേയും സമീപിച്ചുംകഴിഞ്ഞു. സിനിമ സംബന്ധമായ ഗ്രൂപ്പുകൾ, പേജുകൾ തുടങ്ങിയവയിൽ രണ്ടുദിവസമായി ദിലീപ് അനുകൂല പോസ്റ്ററുകളും പേജുകളും കൂടുതൽ സജീവമായതോടെയാണ് ഇതുസംബന്ധിച്ച് ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന സംശയം ഉയർന്നത്. നടി ആക്രമിക്കപ്പെട്ട സമയം മുതൽ ഈ വിഷയം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിച്ച ഏജൻസി ഇപ്പോൾ ദിലീപിന്റെ വക്കാലത്ത് ഏറ്റെടുത്താണ് സോഷ്യൽ മീഡിയ പ്രചരണം നടത്തുന്നത്. നൂറ് കണക്കിന് വ്യാജ ഫേസ്‌ബുക്ക് പ്രൊഫൈലുകൾ സൃഷ്ടിച്ച് താരത്തിന് അനുകൂലമായ സഹതാപം സൃഷ്ടിക്കുകയാണ് ഇവരുടെ പ്രധാന പരിപാടി. നേരത്ത മാധ്യമങ്ങൾക്കെതിരെ കേസ് കൊടുക്കാൻ വേണ്ടി വിവരങ്ങൾ ശേഖരിച്ചിരുന്നത് ഈ ഏജൻസിയാണ്.

ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുന്നതിന് കോടതി പ്രധാനമായും മുഖവിലയ്ക്കെടുത്തത് നവമാധ്യമങ്ങളിലൂടെ അനുകൂല പ്രചാരണം നടത്തുന്നുവെന്ന പ്രോസിക്യൂഷൻ വാദം. ഒരു ഇലക്ട്രോണിക് മാധ്യമത്തിന് ദിലീപ് തന്നെ നൽകിയ അഭിമുഖവുമാണ് ഇതിൽ പ്രധാനം. നടിയുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ മിണ്ടാതിരുന്നേനെ അല്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ എന്നായിരുന്നു ദിലീപ് പറഞ്ഞത്. ദിലീപിന് അനുകൂലമായി സോഷ്യൽ മീഡിയയിൽ വരുന്ന പ്രചാരണവും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇവയുടെ വീഡിയോ പ്രോസിക്യൂഷൻ തന്നെ കോടതിയിൽ കാണിച്ചു. പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന പ്രതിക്ക് ഇത്രയേറെ സ്വാധീനമുണ്ടെങ്കിൽ ജാമ്യത്തിലിറങ്ങിയാൽ എന്തായിരിക്കും അവസ്ഥയെന്നായിരുന്നു പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.സുരേശൻ ഉന്നയിച്ചത്. മാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് വഴിപ്പെടരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അത് മുഖവിലയ്ക്കെടുത്തില്ല.

ദിലീപിനെ ഈ മാസം 25 വരെ റിമാൻഡ് ചെയ്തുവെങ്കിലും വേണ്ടിവന്നാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനുമുള്ള അപേക്ഷ സമർപ്പിക്കാൻ തടസ്സമില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചു. അതേസമയം, ഇനി ഇതേ കോടതിയിൽ ജാമ്യാപേക്ഷ ഉന്നയിച്ചിട്ട് കാര്യമില്ലാത്തതിനാൽ ദിലീപിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ തൊട്ടടുത്ത ദിവസം തന്നെ ജാമ്യാപേക്ഷ സമർപ്പിച്ചേക്കും.