- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബ്ദ്ദുള്ളക്കുട്ടിയോട് അടുക്കുന്നത് നേട്ടമേ ഉണ്ടാക്കൂ; ബിജെപി നേതാവ് ആയതിന് പിന്നാലെ പഴയ സിപിഎംകാരനോട് സ്നേഹവാത്സല്യം കാട്ടിയ ലീഗിലെ ഒരുവിഭാഗത്തിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ പദവി അതിലും സന്തോഷം; അണികളെ അമ്പരപ്പിച്ച് കണ്ണൂരിലെ ലീഗ് നേതാവിന്റെ വീട്ടിൽ ഇഫ്താർ വിരുന്ന്
കണ്ണൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി നിയമിതനായ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിക്ക് കണ്ണൂരിലെ മുസ്ലിം ലീഗ് നേതാവിന്റെ വീട്ടിൽ ഇഫ്താർ വിരുന്നൊരുക്കിയത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി മാറിയിരിക്കുകയാണ് .മുസ്ലിം ലീഗിന്റെയും കെഎംസിസിയുടെയും നിരവധി നേതാക്കളും മതപണ്ഡിതരും വിരുന്നിൽ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് അബ്ദുല്ലക്കുട്ടിക്ക് ലീഗ് നേതാവ് അസീസ് മാണിയൂരിന്റെ കാഞ്ഞിരോട് മാണിയൂരിലെ തറവാട് വീട്ടിൽ ഇഫ്താർ വിരുന്നൊരുക്കിയത്. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ പി താഹിർ, ഓൾ ഇന്ത്യാ കെഎംസിസി ദേശീയ പ്രസിഡന്റ് നൗഷാദ്, ലീഗ് നേതാവ് സികെകെ മാണിയൂർ തുടങ്ങിയവർ വിരുന്നിനെത്തിയിരുന്നു.
ബിജെപി നേതാവായതിന് പിന്നാലെ കണ്ണൂർ ജില്ലയിലെ മുസ്ലിം ലീഗിലെ ഒരു വിഭാഗം അബ്ദുല്ലക്കുട്ടിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. എന്നൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായ ശേഷം ലീഗ് നേതാക്കൾ വീട്ടിലേക്ക് ക്ഷണിച്ച് വിരുന്ന് നൽകുകയും അത് ലീഗ് നേതാവ് തന്നെ ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തത് ലീഗ് അണികളെ അമ്പരിപ്പിച്ചു.
മാത്രമല്ലമുസ് ലിം ലീഗ് മാണിയൂർ ശാഖാ കമ്മിറ്റിയുടെ പെരുന്നാൾ കിറ്റ് വിതരണം ചെയ്ത ശേഷമാണ് അസീസ് മാണിയൂരിന്റെ തറവാട്ട് വീട്ടിൽ ഇഫ്താർ വിരുന്ന് സൽക്കാരം നടത്തിയത്. കഴിഞ്ഞ ദിവസം കണ്ണൂർ പൗരാവലി എന്ന പേരിൽ ബിജെപി അബ്ദുല്ലക്കുട്ടിക്ക് കണ്ണൂർ ചേംബർ ഹാളിൽ നൽകിയ സ്വീകരണത്തിൽ മുസ്ലിം യൂത്ത് ലീഗ് നേതാവും ലീഗിന്റെ നാറാത്ത് പഞ്ചായത്ത് മെംബറുമായ സൈഫുദ്ദീൻ നാറാത്ത് പങ്കെടുത്തിരുന്നു. സ്വീകരണത്തിൽ പങ്കെടുത്ത വീഡിയോ പുറത്തുവന്നതോടെ ലീഗ് പ്രവർത്തകർ വിവാദം ആക്കിയപ്പോൾ വാർഡിലെ അങ്കണവാടിക്കു വേണ്ടി കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കു നിവേദനം നൽകാൻ വേണ്ടിയാണ് അബ്ദുല്ലക്കുട്ടിയെ സന്ദർശിച്ചതന്ന് വിശദീകരിക്കുകയായിരുന്നു.
കണ്ണൂർ ജില്ലയിലെ ലീഗിലെ ഒരു വിഭാഗം നേതാക്കൾ അബ്ദുല്ലക്കുട്ടിയുമായി അടുത്ത ബന്ധം പുലർത്തുകയാണ് എന്ന് മുസ്ലിം ലീഗ് നേതൃത്വത്തെ അറിയിച്ചിട്ടും ഇവരെ വിലക്കാൻ തയ്യാറായില്ല എന്നാണ് ലഭിക്കുന്ന വിവരം. അബ്ദുള്ളക്കുട്ടിയുമായി ബന്ധം നിലനിർത്തുന്നതത് നിലവിലെ സാഹചര്യത്തിൽ അത്യാവശ്യമാണ് എന്ന് കരുതുന്ന നേതാക്കൾ ലീഗിൽ ഏറിവരികയാണ്. ഹജ്ജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തതിന് പിന്നാലെ മുസ്ലിംലീഗിലെ മുതിർന്ന നേതാക്കൾ അബ്ദുള്ളക്കുട്ടിക്ക് ആശംസകൾ നേരിട്ട് അറിയിച്ചതായും അബ്ദുള്ളക്കുട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞിരുന്നു.
ബിജെപിയുമായും ലീഗ് നേതാക്കൾ അടുപ്പമുണ്ടാക്കുന്നത് ലിഗ് അണികളിലും അമർഷമുണ്ടാക്കിയിട്ടുണ്ടെങ്കിലും ഹജ്ജ് കമ്മിറ്റി ചെയർമാന് എതിരെ പരസ്യമായി പ്രതികരിക്കരുത് എന്ന നിർദ്ദേശമാണ് നേതൃത്വം നൽകിയിരുന്നത് .
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്