തിരുവനന്തപുരം: സ്വാശ്രയ കോളേജുകൾക്കെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷ നേതാക്കളുടെ മക്കൾ സ്വാശ്രയ കോളേജുകളിലാണ് പഠിക്കുന്നതെന്ന റിപ്പോർട്ട് പുറത്തുവിട്ട് കൈരളി-പീപ്പിൾ ടിവി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ അമൃതയിൽ എംഡിക്ക് പഠിക്കുകയാണ്. എംബിബിഎസും ഇവിടെയാണ് പഠിച്ചത്. രണ്ട് മാനേജ്‌മെന്റ് ക്വാട്ടയിലാണ്. എംകെ മുനീർ, അബ്ദുറബ്ബ് എന്നിവരുടെ മക്കളും ആര്യാടൻ മുഹമ്മദിന്റെ പേരക്കുട്ടികളും സ്വാശ്രയത്തിലാണ് പഠിക്കുന്നത്. ഇരുപത്തിയഞ്ച് നേതാക്കളുടെ മക്കൾ സ്വകാര്യ കോളേജുകളിൽ മെഡിക്കൽ പഠനം നടത്തിയതെന്നാണ് കൈരളിയുടെ റിപ്പോർട്ട്. സ്വാശ്രയ കോളേജിൽ സർക്കാരിനെതിരെ പ്രതിപക്ഷം സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് കൈരളിയുടെ വെളിപ്പെടുത്തൽ. തലവരി പണം കൊടുത്താണ് രമേശ് ചെന്നിത്തലയുടെ മകനും മറ്റും പഠിച്ചതെന്ന് പറയുന്നു. തലവരി പണം കൊടുത്തില്ലെങ്കിൽ സ്വാശ്രയ മാനേജ്‌മെന്റുകളുമായി ധാരണയിലാണ് ഇത് സാധിച്ചതെന്നും കൈരളി ആരോപിക്കുന്നു. അമ്പത് ശതമാനം മെരിറ്റ് സീറ്റെന്ന ലക്ഷ്യം അട്ടിമറിക്കപ്പെട്ടത് ഇതുകൊണ്ടാണെന്നും കൈരളി ആരോപിക്കുന്നു.

25ഓളം യുഡിഎഫ് പ്രമുഖരുടെ മക്കളാണ് സ്വാശ്രയ കോളജുകളിൽ ലക്ഷങ്ങൾ കോഴ കൊടുത്ത് പഠിക്കുന്നത്. ഇതിൽ തന്നെ ആറോളം പേർക്ക് എൻട്രൻസ് പരീക്ഷയിൽ യോഗ്യത പോലും ലഭിച്ചിരുന്നില്ല. അപ്പോൾ പിന്നെ എങ്ങനെ പ്രവേശനം വാങ്ങി എന്നു നോക്കുമ്പോൾ തന്നെ സംഗതികളുടെ കിടപ്പുവശം മനസ്സിലാകും. എല്ലാവരും മാനേജ്‌മെന്റ് ക്വാട്ടയിൽ തന്നെയാണ് പ്രവേശനം നേടിയതും. മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുന്നത് എന്നു ഈ മാനേജ്‌മെന്റുകൾ തന്നെ വാദിക്കുമ്പോഴാണ് യുഡിഎഫ് നേതാക്കളുടെ കള്ളക്കളി ഇക്കാര്യത്തിൽ വ്യക്തമാകുന്നതെന്ന് കൈരളി പറയുന്നു. നിയമസഭയിൽ ഘോരഘോരം പ്രസംഗിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകൻ മെഡിക്കൽ പിജിക്ക് പഠിക്കുന്നത് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ. അതും മാനേജ്‌മെന്റ് ക്വാട്ടയിൽ. ഇയാൾ എംബിബിഎസിനു പഠിച്ചതും ഇവിടെ തന്നെയായിരുന്നു. ലക്ഷങ്ങൾ കോഴ നൽകിയ ശേഷമായിരുന്നു പ്രവേശനം. മെഡിക്കൽ പിജിക്ക് മതിപ്പ് ഫീസ് മൂന്നു കോടി രൂപയും എംബിബിഎസിനു ഒരു കോടി രൂപയും ആണ്.

ലീഗിന്റെ മുൻ മന്ത്രിമാരായ എം.കെ മുനീറിന്റെ മകൻ പഠിക്കുന്നത് എംഇഎസ് മെഡിക്കൽ കോളജിലാണ്. അബ്ദുറബിന്റെ മകൻ പഠിക്കുന്നത് തൃശ്ശൂർ അമലയിലും. ഇതെല്ലാം തന്നെ മാനേജ്‌മെന്റ് ക്വാട്ടയിൽ. കഴിഞ്ഞ ദിവസം അനുഭാവ സത്യഗ്രഹം നടത്തിയ ലീഗ് എംഎൽഎ എൻ.ഷംസുദ്ദീന്റെ മകൾ പഠിക്കുന്നത് പാലക്കാട് കരുണ മെഡിക്കൽ കോളജിലാണ്. സർക്കാരിന്റെ ഒരു കരാർ വ്യവസ്ഥയും അംഗീകരിക്കാത്ത കോളജായ കരുണയിൽ കുറഞ്ഞ ഫീസ് തന്നെ 10 ലക്ഷം രൂപയാണ്. കരുണ കോളജ് ഇതുവരെ സർക്കാരിന്റെ കരാർ അംഗീകരിക്കുകയോ ഒപ്പുവയ്ക്കാൻ തയ്യാറാകുകയോ ചെയ്യാതെ സ്വന്തം നിലയിൽ പ്രവേശനം നടത്തുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്വാശ്രയ കോളജുകൾക്ക് അനുകൂലമായി കരാർ നൽകിയ ശേഷമാണ് ഇതിൽ മിക്ക അഡ്‌മിഷനുകളും നടന്നത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് കൈരളി പറയുന്നു.

സാമ്പത്തികമായി അത്ര നല്ല നിലയിൽ അല്ലാത്ത നേതാക്കളുടെ മക്കൾ പോലും ഇത്തരത്തിൽ പഠിക്കുന്നുണ്ടെന്നതാണ് വസ്തുതയെന്നും സിപിഐ(എം) അനുഭാവമുള്ള ചാനൽ വിശദീകരിക്കുന്നു. അതും മാനേജ്‌മെന്റ് ക്വാട്ടയിൽ. ഇതിൽ നിന്നു മനസ്സിലാകുന്നത് ഒന്നുകിൽ കോഴ കൊടുത്ത് അല്ലെങ്കിൽ സ്വാധീനം വഴിയാണ് ഇവർക്ക് പ്രവേശനം സാധ്യമായതെന്ന് വ്യക്തമാണ്. അപ്പോൾ ഈ പ്രവേശനങ്ങളെ തീർച്ചയായും അഴിമതിയുടെ ഗണത്തിൽ പെടുത്തുകയും ചെയ്യാം. ഒരുവശത്ത് സ്വാശ്രയ കോളജുകൾക്കെതിരെയും അവർ തലവരിപ്പണം വാങ്ങുന്നതിനെതിരെയും നിരാഹാരം കിടന്ന് ജനങ്ങളെ പറ്റിക്കുമ്പോഴും മറുവശത്ത് സ്വന്തം മക്കളെ ഇത്തരത്തിൽ കോഴ കൊടുത്ത് സ്വാശ്രയ കോളജുകളിൽ പഠിപ്പിക്കുന്നതിലൂടെ യുഡിഎഫിന്റെ ധാർമികതയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും കൈരളി കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം നിയമസഭയിൽ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ആരുടേയും പേര് തുറന്ന് പറഞ്ഞിരുന്നില്ല.

ആഹാരം കഴിച്ചു നിരാഹാരം ഇരിക്കുന്ന ലീഗ് എംഎൽഎ മകളെ സ്വാശ്രയ കോളേജിൽ ചേർത്തതു ലക്ഷങ്ങൾ മുടക്കിയാണെന്ന് ദേശാഭിമാനി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് കൈരളിയും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നത്. ഒരുകാലത്തും സംസ്ഥാന സർക്കാരുമായി സഹകരിക്കാതെ 100 ശതമാനം സീറ്റിലും സ്വന്തം നിലയിൽ ലക്ഷങ്ങൾ ഫീസ് വാങ്ങി പ്രവേശനം നടത്തുന്ന പാലക്കാട് കരുണ മെഡിക്കൽകോളേജിലാണ് ഷംസുദീൻ മകൾ ഷെഹർസാദിനെ എംബിബിഎസിന് ചേർത്തത്. 50 ശതമാനം സീറ്റ് സർക്കാരിന് കൊടുക്കാൻ തയ്യാറാകാത്ത സ്വകാര്യ മെഡിക്കൽകോളേജാണ് പാലക്കാട് കരുണ. എല്ലാസീറ്റും മാനേജ്‌മെന്റായി പരിഗണിച്ച് ലക്ഷങ്ങളാണ് ഇവിടെ വാർഷിക ഫീസ് ഈടാക്കുന്നത്. ഈ കോളേജിലെ പ്രവേശനം സുതാര്യമാകാത്തതിനാൽ മേൽനോട്ട സമിതിയായ ജസ്റ്റിസ് ജയിംസ് കമ്മിറ്റി രണ്ടുതവണ താക്കീത് നൽകി. ഈ കോളേജിലെ പ്രവേശന തിരിമറിക്കെതിരെ ജയിംസ് കമ്മിറ്റി മുമ്പാകെ നിരവധി പരാതി നിലവിലുണ്ട്. ഇവിടെയാണ് ലക്ഷങ്ങൾ നൽകി മകളെ എംബിബിഎസിന് ചേർത്തശേഷം ഉളുപ്പില്ലാതെ ജനങ്ങളെ വഞ്ചിക്കാനുള്ള കോൺഗ്രസിന്റെ സമരത്തിനൊപ്പം ചേർന്നത്.

ആചാരപരമായ കാരണങ്ങളാൽ ഭക്ഷണം കഴിച്ചാണ് സത്യഗ്രഹം. സർക്കാരിന് 50 ശതമാനം സീറ്റു വിട്ടുകൊടുത്ത കോളേജുകളിൽ 30 ശതമാനം സീറ്റിൽ 2.5 ലക്ഷം ഫീസ് ഇടാക്കിയതിനെതിരെയാണ് കോൺഗ്രസിന്റെ അക്രമ സമരം. 20 ശതമാനം സീറ്റിൽ 25,000 രൂപമാത്രമാണ് ഫീസ്. പൂർണമായും തലവരി തടഞ്ഞശേഷമാണ് നാമമാത്രമായ ഫീസ് വർധന സർക്കാർ അനുവദിച്ചത്. പാലക്കാട് കരുണയിൽ ഒരു സീറ്റിലും 2.5 ലക്ഷം ഫീസില്ല. കുറഞ്ഞ ഫീസ് 10 ലക്ഷമാണ്. എങ്കിലും ഇവിടെ പ്രവേശനം ലഭിക്കില്ല.