വടക്കഞ്ചേരി : കനത്തമഴയിൽ കുതിരാൻ തുരങ്കത്തിലുണ്ടായ ചോർച്ച ആശങ്ക പടർത്തുന്നു. സംരക്ഷണഭിത്തിയുടെ ഒരു ഭാഗവും തകർന്നു. ഇടത് തുരങ്കം ഗതാഗതത്തിന് തുറന്ന ശേഷം ആദ്യമായാണ് കനത്ത മഴ പെയ്യുന്നത്.

കുതിരാൻ മലയുടെ മുകളിൽനിന്നും ഊർന്നിറങ്ങി പാറയിലൂടെയാണ് തുരങ്ക പാതയിൽ വെള്ളം വീഴുന്നത്. മുകളിലെ വെള്ളം ഇരുവശത്തേക്കും തിരിച്ചുവിട്ട് അഴുക്ക് ചാലിലേക്ക് ഒഴുക്കാൻ സൗകര്യമുണ്ടെങ്കിലും വെള്ളം പൂർണമായും പോകുന്നില്ല. തുരങ്കത്തിനുള്ളിലെ പാറക്കെട്ടുകളിൽ സിമന്റ് മിശ്രിതം തേച്ചിട്ടുണ്ടെങ്കിലും നിരന്തരം വെള്ളം ഒഴുകിയാൽ അടർന്ന് വീഴാനിടയുണ്ട്.

വിളക്ക്, ക്യാമറ തുടങ്ങിയ സംവിധാനങ്ങളും തകരാറിലാകും. തുരങ്കത്തിനുള്ളിലെ റോഡിൽ വെള്ളം കെട്ടി നിന്നാൽ ഇരു ചക്രവാഹനങ്ങൾ ഉൾപ്പെടെ തെന്നി വീഴും. തുരങ്കത്തിലേക്ക് പ്രവേശിക്കുന്നിടത്തും പുറത്ത് കടക്കുന്നിടത്തും നിർമ്മിച്ച സംരക്ഷണഭിത്തിയും അപകട ഭീഷണിയിലാണ്.

തുരങ്കമുഖത്തെ പാറക്കെട്ടുകൾ താൽക്കാലികമായി സിമന്റ് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും അതിനുള്ളിലേക്ക് വെള്ളം ഊർന്നിറങ്ങുന്നു.തുരങ്കത്തിൽനിന്നും പുറത്ത് കടക്കുന്ന പടിഞ്ഞാറ് ഭാഗത്തെ മലയിൽനിന്നും മരം വീഴാനും മണ്ണിടിയാനും സാധ്യത ഏറെയാണ്. തുരങ്കത്തിന് മുകളിൽ 2018-ൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് ഇരുമ്പ് വല സ്ഥാപിച്ച് ഷോർട്ട് ക്രീറ്റ് ചെയ്തിട്ടുണ്ട്. മഴയെത്തുടർന്ന് കുതിരാനിൽ ഇപ്പോഴുള്ള പ്രശ്‌നം കാര്യമാക്കേണ്ടതില്ലെന്ന് കരാർ കമ്പനി അധികൃതർ പറയുന്നുണ്ടെങ്കിലും ആശങ്ക ഒഴിയുന്നില്ല.