വാഷിങ്ടൻ: ആയുധ നിർമ്മാണ രംഗത്തും ശേഖരത്തിന്റെ കാര്യത്തിലും ഇസ്രയേൽ എന്ന രാഷ്ട്രം മറ്റാരേക്കാളും മുമ്പിലാണെന്നത് വസ്തുതയാണ്. പശ്ചിമേഷ്യയെ മുഴുവൻ അടക്കഭരിക്കുന്നത് ഇസ്രയേലിന്റെ കാഞ്ഞ ബുദ്ധിക്ക് മുമ്പിലാണ്. തങ്ങളുടെ എതിരാളികൾ എന്ന് തോന്നുന്ന രാഷ്ട്രങ്ങളിലെല്ലാം അശാന്തി വിതയ്ക്കുന്ന ഇസ്രയേന്റെ കണ്ണിലെ കരടായി ഇറാൻ എന്ന രാഷ്ട്രം നിൽക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. ഇസ്രയേൽ - അമേരിക്കൻ കൂട്ടുകെട്ടിന്റെ ഭീഷണിക്ക് വഴങ്ങാതെ തലയുയർത്തി നിൽക്കുന്ന ഈ രാഷ്ട്രത്തെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമങ്ങൾ ഏറെ നാളുകളായി നടക്കുന്നുണ്ട്. ഇറാന്റെ ന്യൂക്ലിയർ പദ്ധതികൾക്കെതിരെ അമേരിക്കയും ഇസ്രയേലും പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. നിരവധി ഉപരോധങ്ങളും തീർത്ത് ഇക്കൂട്ടർ ഈ മുസ്ലിം രാഷ്ട്രത്തെ ശ്വാസം മുട്ടിക്കുകയും ചെയ്തു. അടുത്തിടെയാണ് ഇറാന് മേലുള്ള ഉപരോധത്തിൽ നേരിയ ഇളവു വരുത്താൻ ഇവർക്ക് സാധിച്ചതും.

ഇങ്ങനെ ഇറാൻ അപകടകാരിയായ രാഷ്ട്രമെന്ന് പ്രചരിപ്പിക്കുന്ന ഇസ്രയേൽ തന്നെയാണ് ലോകത്തെ ഏറ്റവും അപകടകരായിയ രാജ്യമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇതിന് തെളിവായി ഒടുവിൽ പുറത്തുവന്നത് മുൻ യുഎസ് പ്രതിരോധ സെക്രട്ടറി കോളിൻ പവലിന്റെ ഇമെയ്ൽ പുറത്തുവന്നതാണ്. ഇറാനെതിരെ ഏത് നിമിഷവും തൊടുക്കാനായി 200 അണുബോംബുകൾ ഇസ്രയേൽ സജ്ജമാക്കി നിർത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ ലോകത്തെ തന്നെ ഞെട്ടിക്കുന്നതാണ്. വടക്കൻ കൊറിയ ഉയർത്തുന്ന ആണവഭീതിയേക്കാൾ വലിയ ഭീതിയാണ് ഇസ്രയേൽ എന്ന അണുശക്തി ലോകത്തിന് തീർക്കുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. പവലിന്റെ ഇമെയ്ൽ ഹാക്ക് ചെയ്താണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

ഇറാനിലേക്ക് തൊടുക്കാൻ തയ്യാറാക്കി ഇസ്രയേൽ 200ലധികം ആണവായുധങ്ങൾ തയാറാക്കിവച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ കോളിൻ പവൽ നടത്തിയത് തന്റെ സുഹൃത്തുമായി നടത്തിയ ഇമെയിൽ സംഭാഷണത്തിലൂടെയാണ്. ഈ വിവരം ചോർത്തതോടെയാണ് ഇസ്രയേൽ ഉയർത്തുന്ന ഭീതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിവായത്. ടെഹ്‌റാനെ ലക്ഷ്യം വച്ച് ഇസ്രയേലിന്റെ പക്കൽ 200 ലധികം ആണവായുധങ്ങൾ ഉള്ള വിവരം ഇറാൻകാർക്ക് അറിയില്ലെന്നായിരുന്നു ജെഫ്രി ലീഡ്‌സ് എന്ന സുഹൃത്തുമായി നടത്തിയ ഇമെയിൽ സംഭാഷണത്തിലെ കോളിൻ പവലിന്റെ പരാമർശം. ഇസ്രയേലിന്റെ പക്കൽ 200 എണ്ണമാണെങ്കിൽ യുഎസിന്റെ പക്കൽ അത് ആയിരത്തിലധികമുണ്ടെന്നും അദ്ദേഹം മെയിലിൽ കുറിച്ചിട്ടുണ്ട്. ചുരുക്കത്തിൽ ഇറാനെ ഭയക്കുന്ന യുഎസും- ഇസ്രയേലും ആണവശക്തി കാണിച്ച ഭീഷണിപ്പെടുത്താൻ ഒരുങ്ങുന്നു എന്നതിന്റെ തെളിവായാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്.

2015 മാർച്ചിൽ അമേരിക്ക സന്ദർശിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ കോൺഗ്രസിൽ നടത്തിയ പ്രസംഗത്തെക്കുറിച്ച് പറയവേയാണ് ഇറാൻ തലസ്ഥാനമായ ടെഹ്‌റാനെ ലക്ഷ്യം വച്ച് ഇസ്രയേൽ ഇരുന്നോറോളം ആണവമിസൈലുകൾ വിന്യസിച്ചിട്ടുണ്ടെന്ന് കോളിൻ പവൽ പറയുന്നു. ആണവായുധങ്ങൾ ഉണ്ടാക്കിയാൽ പോലും അത് ഉപയോഗിക്കുവാൻ ഇറാനാവില്ല. ടെഹ്‌റാനെ ലക്ഷ്യം വച്ച് ഇരുന്നൂറോളം ആണവമിസൈലുകളാണ് ഇസ്രയേൽ വിന്യസിച്ചിരിക്കുന്നത്, നമ്മൾ ആയിരത്തിലേറെയും പവൽ പറയുന്നു.

ഇസ്രയേലിന്റെ പക്കൽ ആണവായുധങ്ങളുണ്ട് എന്നത് പരസ്യമായ രഹസ്യമാണെങ്കിലും ഒരു ആണവ രാജ്യമായി അവർ ഇതുവരെ സ്വയം പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടെ മറ്റ് രാജ്യങ്ങളുടെ ആണവ പദ്ധതികളെ അവർ എതിർക്കുകയും ചെയ്യുന്നുണ്ട്. ഈ കാപട്യത്തിനേറ്റ തിരിച്ചടി കൂടിയാണ് ഇപ്പോൾ പുറത്തുവന്ന വെളിപ്പെടുത്തലുകൾ. ഇസ്രയേലിന്റെ ആണവ പദ്ധതിയേക്കുറിച്ച് യുഎസിനും ധാരണയുണ്ടെന്ന വിവരമാണ്് ഇപ്പോൾ പുറത്തുവന്നത്. അതുകൊണ്ട് തന്നെ കോളിൻ പവലിന്റെ വെളിപ്പെടുത്തൽ രണ്ട് രാഷ്ട്രങ്ങളെയും ഏറെ പ്രതിരോധത്ിലാക്കും.

ഇസ്രയേലിന്റെ പക്കൽ 150നും 300നും ഇടയിൽ ആണവായുധങ്ങൾ ഉള്ളതായി മുൻ യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടറും പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കോളിൻ പവലിന്റെ ഇമെയിലിൽ നിന്നു ചോർന്നത് എന്ന പേരിൽ പ്രചരിക്കുന്ന വിവരങ്ങളെക്കുറിച്ച് പ്രതികരിക്കാൻ വാഷിങ്ടണിലെ ഇസ്രയേൽ എംബസി വക്താവ് വിസമ്മതിച്ചു. യുഎസ് വിദേശകാര്യ വക്താവ് ജോൺ കിർബിയും വിഷയത്തേക്കുറിച്ച് പ്രതികരിച്ചില്ല.

അതേസമയം, ഇസ്രയേലിന്റെ പക്കലുള്ള ആണവായുധങ്ങളേക്കുറിച്ചുള്ള പൊതുധാരണയാണ് താൻ ഇ-മെയിലിലൂടെ പങ്കുവച്ചതെന്ന് കോളിൻ പവൽ തന്റെ വക്താവ് വഴി വ്യക്തമാക്കി. പവലിന്റെ ഇ മെയിൽ സന്ദേശങ്ങൾ ഹാക്കർമാർ പരസ്യപ്പെടുത്തിയതിന് പിന്നാലെയാണ് കോളിൻ പവൽ വിശദീകരണവുമായി രംഗത്തെത്തിയത്.

ഇസ്രയേലിന്റെ പക്കൽ ആണവായുധമുണ്ടോ, ഉണ്ടെങ്കിൽത്തന്നെ അത് എത്രത്തോളമുണ്ട് മുതലായ കാര്യങ്ങളെക്കുറിച്ച് പവലിന് ഔദ്യോഗികമായി അറിവില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി. എല്ലാവരും വിശ്വസിക്കുന്നതുപോലെ ഇസ്രയേലിന്റെ പക്കൽ ആണവായുധങ്ങൾ ഉണ്ടാകാമെന്നും അത് 200നടുത്തു വരുമെന്നും മാത്രമാണ് പവൽ പറഞ്ഞത്. തന്റെ ഔദ്യോഗിക പദവി ഒഴിഞ്ഞ് 10 വർഷങ്ങൾക്കുശേഷമാണ് പവൽ ഇക്കാര്യത്തേക്കുറിച്ച് ഇമെയിലിൽ പ്രതിപാദിച്ചത്. അതുകൊണ്ടുതന്നെ ഇത് യുഎസ് കേന്ദ്രങ്ങളിൽനിന്നുള്ള ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നും വക്താവ് പറഞ്ഞു.

അമേരിക്ക, റഷ്യ, ബ്രിട്ടൺ, ഫ്രാൻസ്, ചൈന, ഇന്ത്യ, പാക്കിസ്ഥാൻ, ഉത്തരകൊറിയ എന്നിവർ ആണവപരീക്ഷണം നടത്തി സ്വയം ആണവശക്തികളായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇസ്രയേൽ ഇക്കാര്യത്തിൽ മൗനം പാലിച്ചിരിക്കുകയാണ്. അൻപതിനും ഇരുന്നൂറിനും ഇടയിൽ ആണവായുധങ്ങൾ ഇസ്രയേലിന്റെ കൈവശമുണ്ടെന്നായിരുന്നു അനൗദ്യോഗിക കണക്കുകൾ. എന്നാൽ ഇതിലും അധികമാണ് ഇസ്രയേലിന്റെ ആണവശക്തി എന്ന സൂചനയാണ് പുതിയ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്.