അബുദാബി: ഭീകരവാദത്തെ പ്രോത്സഹിപ്പിക്കുന്നെന്നും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നെന്നും ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദി അറേബ്യയും ബഹ്റൈനും യുഎഇയും ഈജിപ്തും വിച്ഛേദിച്ചത്. സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നയതന്ത്ര ഇ-മെയിലുകൾ ഖത്തറിലെ വാർത്താ ഏജൻസി ചോർത്തിയതാണ് ജിസിസി രാജ്യങ്ങളുടെ പെട്ടന്നുള്ള ഈ പ്രകോപനത്തിന് കാരണമെന്ന് വ്യക്തം.

ഏതാനും ദിവസങ്ങളായി ജിസിസി രാജ്യങ്ങൾക്കിടയിൽ ഭിന്നത രൂക്ഷമായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ സൗദി അറേബ്യ സന്ദർശനവുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് രാജ്യങ്ങൾ തമ്മിലുള്ള ഭിന്നത മൂർച്ഛിച്ചത്. ഖത്തർ വാർത്ത ഏജൻസികൾ നൽകിയ ചില വാർത്തകൾ പടലപ്പിണക്കത്തിന് പ്രധാന കാരണമായി. ഏജൻസി ഹാക്ക് ചെയ്യപ്പെട്ടതുകൊണ്ടാണ് തെറ്റായ വാർത്ത പ്രചരിച്ചത് എന്നായിരുന്നു ഖത്തർ നൽകിയ ഔദ്യോഗിക വിശദീകരണം. കുവൈത്തിന്റെ മധ്യസ്ഥതയിൽ ചില ചർച്ചകൾ നടന്നിരുവെങ്കിലും വിഫലമാവുകയായിരുന്നു. തുടർന്നാണ് ഈ രാജ്യങ്ങൾ ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

യെമനിൽ ഹൂദി വിമതർക്കെതിരെ സൗദിയുടെ നേതൃത്വത്തിൽ നടത്തുന്ന സൈനിക നടപടികളിൽ നിന്ന് ഖത്തറിനെ ഒഴിവാക്കി. അൽഖ്വൊയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളെ ഖത്തർ പിന്തുണക്കുന്നുവെന്നാണ് ഗൾഫ് രാജ്യങ്ങൾ ആരോപിക്കുന്നത്. ഇതിനിടെ യുഎഇയിലെ യുഎസ് അംബാസിഡർ യൂസഫ് അൽ ഒറ്റെയ്ബയുടെ ഇ-മെയിലേക്ക് വന്ന സന്ദേശങ്ങൾ ഖത്തറിലെ ഹാക്കർമാർ ചോർത്തിയിരുന്നു. ഇത് ഖത്തറിലെ 'ഗ്ലോബൽ ലീക്സ്' എന്ന വെബ്സൈറ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.

അൽ-ഒറ്റായിബയ്ക്ക് ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ഫൗണ്ടേഷൻ ഫോർ ഡിഫെൻസ് ഓഫ് ഡെമോക്രാറ്റസ് (എഫ്ഡിഡി) എന്ന സംഘടനയുമായുള്ള അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുന്ന ഇ-മെയിലാണ് ഖത്തർ വെബ്സൈറ്റ് പുറത്തുവിട്ടത്. ഇതിൽ 2014-ലെ ചില ഇ മെയിലുകൾ ഇസ്രയേലിലെകോടീശ്വരനായ ഷെൽഡൺ അഡെൽസണിും യു.എ.ഇയും എഫ്ഡിഡിക്ക് സാമ്പത്തിക സാഹായം നൽകുന്നെന്ന് വ്യതമാക്കുതാണെന്നും വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നു.

എഫ്ഡിഡിയുമായി ചേർത്ത് ഖത്തറും കുവൈത്തും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്ത വരുത്തുന്നതിനുവേണ്ടിയുള്ള ഗൂഢാലോചന യുഎഇ നടത്തിയെന്നും വെളിപ്പെടുത്തുന്നുണ്ട്. യു.എ.ഇയുടെ സായുധസേനയെ നയിക്കുന്ന കിരീടാവകാശി മുഹമ്മദ് ബിൻ സയീദ്, അബുദാബിയിൽ താമസിക്കുന്ന ഫലസ്തീൻ ഫത്താ ഗ്രൂപ്പിലെ മൊഹമ്മദ് ഡഹ്ലാൻ എന്നിവർക്കൊപ്പെ എഫ് ഡി ഡി ഗ്രൂപ്പിലുള്ളവർ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ആവശ്യപ്പെടുന്ന ഇ-മെയിലുകളും പുറത്തു വന്നിരുന്നു.

സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങൾ നടത്തുന്ന രഹസ്യനീക്കങ്ങളുടെ വിവരങ്ങൾ അടങ്ങിയ ഇ മെയിലുകളാണ് ഖത്തറിലെ ഹാക്കർമാർ ചോർത്തിയതെന്ന് അൽജസീറയും വ്യക്തമാക്കിയിട്ടുണ്ട്. ഡൊണാൾഡ് ട്രംപുമായി ചേർന്ന് അൽ ജസീറയെ അട്ടിമറിക്കാനും ഖത്തർ പിടിച്ചെടുക്കാനുമുള്ള നീക്കം നടക്കുകയാണെന്നും ആരോപണമുയർന്നിരുന്നു. നയതന്ത്രനീക്കങ്ങളുടെ വിവരങ്ങൾ ചേർന്ന പശ്ചാത്തലത്തിലാണ് യുഎഇ ഉൾപ്പെടെയുള്ള ജി.സിസി രാജ്യങ്ങൾ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതെന്നാണ് സൂചന. ഖത്തറിനെതിരായ നീക്കത്തിന് പിന്നിൽ അമേരിക്കയുടെ സഹായമുണ്ടെന്നും ഉറപ്പാണ്.

നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിമാന കമ്പനികൾ ഖത്തറിലേക്കുള്ള സർവീസുകളും നിർത്തിവെച്ചു. എമിറേറ്റ്സ് എയർവെയ്സ്, ഇത്തിഹാദ്, സൗദിയ, ഗൾഫ് എയർ, ഈജിപ്ത് എയർ എന്നീ വിമാന കമ്പനികൾ ഇനി ഖത്തറിലേക്ക് സർവീസ് നടത്തില്ല. അതേ സമയം ഖത്തറിലെ തീർത്ഥാടകരെ എത്തിക്കുന്നതിൽ സൗദി അറേബ്യയുടെ വിലക്കില്ല. ഖത്തറിലേക്കുള്ള വിമാന സർവീസുകൾ ഈ രാജ്യങ്ങൾ നിർത്തിവെച്ചതോടെ സ്വദേശികൾക്കൊപ്പം മലയാളികളടക്കമുള്ള പ്രവാസികളും പ്രതിസന്ധിയിലാകും. ഖത്തർ പ്രവാസികൾക്കൊപ്പം യുഎഇ,സൗദി അറേബ്യ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളെയും ബാധിക്കും.

ഖത്തറിലും മറ്റ് ഗൾഫ് രാജ്യങ്ങളിലുമായി വ്യാപാര സ്ഥാപനങ്ങൾ നടത്തുന്ന അനേകം മലയാളികളാണുള്ളത്. ഇവർക്ക് ഖത്തറിലേക്കും അവിടേ നിന്ന് നയതന്ത്രം വിച്ഛേദിച്ച രാജ്യങ്ങളിലേക്കും കടക്കണമെങ്കിൽ മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികളെ ആശ്രയിക്കേണ്ടി വരും. തീവ്രാവാദ സംഘടനകൾക്ക് പിന്തുണ നൽകുന്നെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദി,യുഎഇ,ബഹ്റൈൻ, ഈജിപ്ത് എന്നീ നാല് രാജ്യങ്ങൾ ഉപേക്ഷിച്ചത്.