ബെയ്ജിങ്: ടിബറ്റൻ ആത്മീയനേതാവ് ദലൈലാമയെ രാഷ്ട്രപതി ഭവനിൽ ക്ഷണിച്ചുവരുത്തിയതിൽ ഇന്ത്യയ്ക്കു നേരേ ആക്രമണം കടുപ്പിച്ച് ചൈന. ഔദ്യോഗിക മാദ്ധ്യമമായ ഗ്ലോബൽ ടൈംസിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിലാണ് മോശമായ ഭാഷയിലും സ്വരത്തിലും ഇന്ത്യയ്‌ക്കെതിരേ ചൈന മുന്നറിയിപ്പു നല്കുന്നത്. ചൈനയുമായുള്ള ബന്ധം വഷളാകുമ്പോൾ യുഎസ് വരെ രണ്ടാമതൊന്ന് ആലോചിക്കാറുണ്ട്. പിന്നെ എന്തു കണ്ടിട്ടാണ് ഇന്ത്യ ഇത്ര ആത്മവിശ്വാസത്തോടെ പെരുമാറുന്നതെന്ന് ലേഖനത്തിൽ ചോദിക്കുന്നു.

ദലൈലാമ കാർഡുപയോഗിച്ചുള്ള കളി ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ലെന്ന് ലേഖനത്തിൽ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന അഹങ്കാരം വച്ചു കൊണ്ട് വഷളായ കുട്ടിയെപ്പോലെ പലപ്പോഴും ഇന്ത്യ പെരുമാറുന്നു. മഹത്തായ ഒരു രാജ്യമാവാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെങ്കിലും രാജ്യത്തിന്റെ കാഴ്ചപ്പാടുകൾ സങ്കുചിതിമായിപ്പോയെന്നു ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'വൺ ചൈന പോളിസി'യെ എതിർത്തപ്പോൾ ചൈന അത് കൈകാര്യം ചെയ്ത രീതി ഇന്ത്യ കണ്ടു പഠിക്കണമെന്നും ലേഖനത്തിൽ പരിഹസിക്കുന്നു.

പത്തിന് നൊബേൽ പുരസ്‌കാരജേതാവ് കൈലാഷ് സത്യാർത്ഥി നേതൃത്വം നല്കുന്ന ചിൽഡ്രൻസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച കുട്ടികളുടെ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ദലൈലാമ രാഷ്ട്രപതി ഭവനിലേക്കു ക്ഷണിക്കപ്പെട്ടത്. രാഷ്ട്രപതി പ്രണബ് മുഖർജി ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ടിബറ്റ് തങ്ങളുടെ അഭിവാജ്യഘടകമായി അവകാശപ്പെടുന്ന ചൈന, ദലൈലാമയെ വിഘടനവാദി നേതാവായാണു പരിഗണിക്കുന്നത്.

കഴിഞ്ഞ മാസം ദലൈലമയെ ക്ഷണിച്ച മംഗോളിയയുടെ നടപടി ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ചൈനയുടെ കടുത്ത എതിർപ്പിനെത്തുടർന്ന് ഇനി മംഗോളിയയിലേക്ക് ദലൈലാമയെ ഒരിക്കൽ കൂടി സന്ദർശനത്തിന് അനുവദിക്കില്ലെന്ന് മംഗോളിയൻ വിദേശ കാര്യ മന്ത്രി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യയ്ക്ക നേരെയുള്ള ചൈനയുടെ രൂക്ഷ വിമർശം.