കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ സത്യം നേരിട്ട് മനസ്സിലാക്കിയവരിൽ ഒരാളാണ് തൃക്കാക്കര എംഎൽഎയായ പിടി തോമസ്. ആക്രമണത്തിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയാൻ സംവിധായകൻ ലാലിന്റെ വീട്ടിലെത്തിയ പിടി തോമസ് നടി പറയുന്നത് കേട്ട് ഞെട്ടി. ഈ കേസിൽ ഏറ്റവും നിർണ്ണായകമായത് പിടി തോമസിന്റെ ഇടപെടലാണ്.

എറണാകുളം റേഞ്ച് ഐജി വിജയനെ ഫോണിൽ വിളിച്ചതും നടിക്ക് അത് കൈമാറി കാര്യങ്ങൾ വിശദീകരിക്കാൻ അവസരമൊരുക്കിയതും പിടി തോമസായിരുന്നു. അതുകൊണ്ട് മാത്രമാണ് ഈ കേസിൽ എഫ് ഐ ആർ ഇടേണ്ട സാഹചര്യം പോലും ഉണ്ടായതെന്ന് കരുതുന്നവരും ഏറെ. എന്താണ് നടി തന്നോട് പറഞ്ഞതെന്ന് പിടി തോമസ് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഗൂഢാലോചന നടന്നുവെന്ന് അദ്ദേഹം അന്നും ഇന്നും വിശ്വസിക്കുന്നു.

നിലവിൽ പുറത്തുവരുന്ന വെളിപ്പെടുത്തലുകളിലും പിടി തോമസ് കരുതലോടെയാണ് പ്രതികരിക്കുന്നത്. ഗൂഢാലോചനയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്കാളിത്തവും അന്വേഷണ പരിധിയിൽ കൊണ്ടു വരണമെന്നാണ് പിടി തോമസിന്റെ ആവശ്യം. ആദ്യം ഈ ആക്രമണത്തിൽ ഗൂഢാലോചനയില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. ഈ സാഹചര്യത്തിൽ ആരെയോ രക്ഷിക്കാനുള്ള ഇടപെടൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്നിട്ടുണ്ട്. ഇക്കാര്യവും അന്വേഷിക്കണം. ഇത് പ്രധാനമാണ്. ഇപ്പോഴും കേരളാ പൊലീസ് ചിലതെല്ലാം വിട്ടുകളയുന്നുവെന്നും പിടി തോമസ് തുറന്നു പറയുന്നു. വരും ദിവസങ്ങളിൽ കൂടതൽ പറയാമെന്ന നിലപാടിലാണ് പിടി തോമസ്.

ആകാശത്തിന് കീഴെയുള്ള എന്തിനെ കുറിച്ചും അഭിപ്രായം പറയുന്നവരാണ് താര സംഘടനയും അഭിനേതാക്കളും. എന്നാൽ സിനിമാ ലോകത്തെ ഈ വിഷയത്തിൽ മാത്രം പ്രതികരണമില്ല. നടിമാരുടെ കൂട്ടായ്മ ഈയിടെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. അവരും ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പ്രശ്‌നം കൊണ്ടുവന്നിട്ടുണ്ടാകാം. എന്നാൽ മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളിൽ ഇത് മാത്രം കാണുന്നില്ല. ഇതെല്ലാം സംശയത്തിന് ഇട നൽകുന്നതാണെന്ന് പിടി തോമസ് പറയുന്നു.

നടിയെ ആക്രമിച്ച കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് പിടി തോമസ് പറയുന്നു. ആക്രമണത്തിന്‌ശേഷം പ്രതിഷേധവുമായി എത്തിയ സിനിമ പ്രവർത്തകരെ ആരേയും ഇപ്പോൾ കാണാനില്ല. പ്രതി പൾസർ സുനിക്ക് തനിച്ച് ഇത് ചെയ്യാനാവില്ലെന്നും പി.ടി തോമസ് വിശദീകരിക്കുന്നു. ആവശ്യം ഉന്നയിച്ചുകൊണ്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തും നൽകിയിരുന്നു. കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസ് വീണ്ടും സംസ്ഥാന പൊലീസ് അന്വേഷിക്കുന്നതുകൊണ്ട് വസ്തുതകൾ പുറത്തുവരുമെന്ന് വിശ്വസിക്കാൻ കഴിയില്ല. അതിനാൽ ഇതുവരെ നടന്ന അന്വേഷണത്തിൽ ക്രമക്കേട് നടന്നുവോ എന്നതടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടെ കേസിന്റെ പിന്നിലുള്ള ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരുന്നതിനും യഥാർഥ കുറ്റവാളികളെ കണ്ടെത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.