- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഉത്തരവുണ്ടാകുന്നത് വരെ ലീവ് സറണ്ടർ അനുവദിക്കണ്ട; ട്രഷറിക്ക് നിർദ്ദേശവുമായി സംസ്ഥാന സർക്കാർ; ജീവനക്കാരുടെ ലീവ് സറണ്ടറിന് പൂട്ടിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നെന്ന് വിശദീകരണം; പെൻഷനും ശമ്പളവും നൽകാൻ വീണ്ടും കടമെടുത്ത് സർക്കാർ; ട്രഷറിയിൽ പെൻഷൻ വിതരണത്തിനും ക്രമീകരണം
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടറിന് താൽക്കാലിക പൂട്ടിട്ട് സംസ്ഥാന സർക്കാർ. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ലീവ് സറണ്ടർ അനുവദിക്കുന്ന ബില്ലുകൾ സ്വീകരിക്കേണ്ടന്ന് ട്രഷറി ഓഫിസർമാർക്ക് ട്രഷറി ഡയറക്ടർ നിർദ്ദേശം നൽകി.കടുത്ത സാമ്പത്തീക പ്രതിസന്ധിയെത്തുടർന്നാണ് പുതിയ നീക്കമെന്നാണ് സൂചന.ജൂൺ 1 മുതൽ ലീവ് സറണ്ടർ നൽകാമെന്നു കഴിഞ്ഞ നവംബറിലാണു സർക്കാർ ഉത്തരവിറക്കിയത്. കഴിഞ്ഞ വർഷത്തെ ലീവ് സറണ്ടർ പിഎഫിൽ ലയിപ്പിച്ചത് ഇന്നു മുതൽ പിൻവലിക്കാമെന്നും അന്ന് ഉറപ്പു നൽകിയിരുന്നു.
പുതിയ നിർദ്ദേശമനുസരിച്ച് അതും പിൻവലിക്കുന്നതിനു തടസ്സമുണ്ടെന്ന സൂചനയാണു സർക്കാർ വൃത്തങ്ങൾ നൽകുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ധനവകുപ്പിന്റെ ഉത്തരവോ വിശദീകരണമോ ഇതുവരെ വന്നിട്ടില്ല. ഒരു വർഷമുള്ള അവധിയിൽ ഉപയോഗിക്കാത്ത 30 അവധികളാണ് സറണ്ടർ ചെയ്യാൻ കഴിയുക. മാർച്ച് 31നു മുൻപ് സറണ്ടർ ചെയ്തു തുക കൈപ്പറ്റിയിരുന്നതാണ് സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കഴിഞ്ഞ വർഷം പിഎഫിൽ ലയിപ്പിച്ചതും ഈ വർഷം ജൂണിലേക്കു നീട്ടിയതും.
നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ഈ മാസത്തെ ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ 1000 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ കടമെടുപ്പാണിത്. 13 വർഷത്തെ കാലാവധിയുള്ള വായ്പയ്ക്കായി ഇന്നു റിസർവ് ബാങ്കിൽ ലേലം നടക്കും. കഴിഞ്ഞ 24ന് 6.67% പലിശയ്ക്ക് 1000 കോടിയും 6.83% പലിശയ്ക്ക് 500 കോടിയും സർക്കാർ കടമെടുത്തിരുന്നു. 36,800 കോടിയാണ് ഈ വർഷം ആകെ കടമെടുക്കാവുന്ന തുക.
അതേസമയം ലോക്ഡൗണും കോവിഡ് വ്യാപനവും കണക്കിലെടുത്ത് ട്രഷറിയിൽ തിരക്ക് ഒഴിവാക്കാനായി ഇന്നു മുതൽ പെൻഷൻ വിതരണത്തിന് അക്കൗണ്ട് നമ്പർ ക്രമത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. 0, 1 എന്നീ നമ്പറുകളിൽ അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർക്കാണ് മാസത്തിലെ ആദ്യ പ്രവൃത്തിദിനമായ ഇന്നു പെൻഷൻ നൽകുക.
രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ 0, ഉച്ചയ്ക്കു 2 മുതൽ വൈകിട്ടു 4 വരെ 1 എന്ന ക്രമത്തിലാണ് വിതരണം. രണ്ടാം പ്രവൃത്തി ദിനത്തിൽ 2, 3. മൂന്നാം ദിനം 4, 5. നാലാം ദിനം 6, 7. അഞ്ചാം ദിനം 8, 9 എന്നിങ്ങനെ വിതരണം ചെയ്യും. ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിലും ട്രഷറി പ്രവർത്തിക്കില്ല. ഡബിൾ മാസ്‌ക്, സാമൂഹിക അകലം അടക്കമുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി
മറുനാടന് മലയാളി ബ്യൂറോ