- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോസഫ് വാഴയ്ക്കന് പാറമടയുണ്ടോ എന്നും അഴിമതിക്കാരനാണോ എന്നും അയാൾ ചോദിക്കുന്നു; അല്ല എന്ന് ഞാൻ വ്യക്തമായി മറുപടി പറയുന്നു; ഒരു മാസത്തിന് ശേഷം ഇയാൾ എന്നോട് ചോദിക്കുന്നു, സുപ്രീം കോടതിയിലെ ഒരു മുൻ ന്യായാധിപൻ അഴിമതിക്കാരനാണോ എന്ന്; രണ്ടുമറുപടികളും ഒട്ടിച്ച് ഓഡിയോ ടേപ്പുണ്ടാക്കി വേട്ടയാടിയത് നാല് വർഷം മുമ്പ്; വീണ്ടും സൈബറിടത്തിൽ തന്നെ ആക്രമിക്കുമ്പോൾ പിന്നാമ്പുറക്കഥ തുറന്നുപറഞ്ഞ് മാധ്യമപ്രവർത്തക ലേബി സജീന്ദ്രൻ
തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കു നേരെയുണ്ടായ സൈബർ ആക്രമണത്തെ ചൊല്ലിയുള്ള സംവാദങ്ങളുടെ ചൂട് ഇനിയും ആറിത്തണുത്തിട്ടില്ല. ഈ വിഷയത്തിൽ വി.പി. സജീന്ദ്രൻ എംഎൽഎ. എഴുതിയ കുറിപ്പ് വൈറലായിരുന്നു. ഭാര്യയും മാധ്യമപ്രവർത്തകയുമായ ലേബി സജീന്ദ്രൻ നേരിട്ട സൈബർ ആക്രമണത്തെ കുറിച്ചാണ് സജീന്ദ്രൻ കുറിപ്പിൽ എഴുതിയത്. മാതൃഭൂമി ന്യൂസിലായിരുന്നു ലോബിയുടെ ജോലി. പിന്നീട് ഇത് രാജിവച്ചു. സൈബർ ആക്രമണം നേരിടുന്ന മാധ്യമപ്രവർത്തകരുടെ വേദന മനസ്സിലാകും. താനും കുടുംബവും ഒരിക്കൽ ഇത്തരം ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്നും സജീന്ദ്രൻ കുറിക്കുന്നു.
കുന്നത്തുനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയും എംഎൽഎയുമായ സജീന്ദ്രനെ വിജയപ്പിക്കാൻ ഭാര്യയും മാതൃഭൂമി ചാനലിലെ ലേഖികയുമായ ലേബി സജീന്ദ്രൻ നടത്തിയ ഇടപെടലുകളുടെ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് ഏറെ രാഷ്ട്രീയ ചർച്ചകൾക്കും ഇടനൽകി. അതിനിടെ ഫെയ്‌സ് ബുക്കിലൂടെ ഈ വിവാദത്തിന് പിന്നിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് കെജി ബാലകൃഷ്ണന്റെ മരുമകൻ ശ്രീനിജനാണെന്ന സൂചനകളുമായി ലേബി രംഗത്തെത്തുകയും ചെയ്തു. പിന്നാലെ താൻ മാധ്യമപ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും ലേബി സജീന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. അതിന് ശേഷമായിരുന്നു ആത്മഹത്യാ ശ്രമം. ഇതിൽ നിന്നും ലേബി രക്ഷപ്പെട്ടു.
മാതൃഭൂമി കൊച്ചി ബ്യൂറോയിലെ ലേഖിക ലേബി സജീന്ദ്രന്റെ ഫോൺ സംഭാഷണമാണ് സോഷ്യൽ മീഡിയ വഴി അന്ന് പ്രചരിച്ചത്. കൊച്ചിയിലെ തന്റെ സഹപ്രവർത്തകനെ നിരീക്ഷിക്കാനും പ്രാദേശിക ലേഖകർക്ക് പണം കൊടുക്കാനും ഈ ലേഖിക നിർദ്ദേശിക്കുന്നതായി കേൾക്കാം. ഒമ്പത് മിനിറ്റോളം വരുന്ന ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായി. ഭർത്താവിനെ കാലുവാരുമെന്ന് സംശയമുള്ള കോൺഗ്രസ് പ്രവർത്തകരെ നിരീക്ഷിക്കാൻ ഏർപ്പാടാക്കിയ ആളുമായുള്ള സംഭാഷണമാണ് പുറത്തായത്. ആരോടാണ് സംഭാഷണമെന്ന് വ്യക്തമല്ല. പല കോളുകൾ ഒരുമിച്ച് എഡിറ്റ് ചെയ്ത ക്ലിപ്പാണ് തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകർക്ക് ലഭിച്ചത്. മാധ്യമ പ്രവർത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ചർച്ചയായതോടെ സോഷ്യൽ മീഡിയകളിൽ വൈറലാവുകയായിരുന്നു. ഈ വിഷയമാണ് വീണ്ടും സജീന്ദ്രൻ ചർച്ചയാക്കുന്നത്. ഇപ്പോൾ ലേബിയും അന്നുനടന്ന സംഭവത്തിന്റെ സത്യാവസ്ഥ വിവരിച്ച് പോസ്റ്റിട്ടു.
പോസ്റ്റ് വായിക്കാം:
പ്രിയപ്പെട്ടവരേ, ഈ പോസ്റ്റ് ഇപ്പോൾ ഇടണം എന്നു കരുതിയതല്ല. പക്ഷേ സൈബർ ആക്രമണം ചർച്ച ചെയ്യപ്പെടുന്ന ഈ അവസരം മുതലെടുത്ത് വേട്ടക്കാരൻ 'ഇര' യുടെ കുപ്പായം അണിഞ്ഞ് സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും എന്നെ അധിക്ഷേപിക്കുന്ന സാഹചര്യത്തിലാണ് ഈ കുറിപ്പ്.
നാല് വർഷം മുമ്പ് എനിക്ക് നേരേയുണ്ടായ സൈബർ ആക്രമണത്തെക്കുറിച്ച് ഒരിടത്തും ഞാൻ വിശദീകരിച്ചിട്ടില്ല. കൃത്രിമമായി തയ്യാറാക്കിയ സംഭാഷണം അടങ്ങുന്ന ഒരു ഓഡിയോ ക്ലിപ്പ് എന്റെ തലയിലേയ്ക്കിട്ട് സൈബർ ഗുണ്ടകൾ അന്ന് അഴിഞ്ഞാടി. തൊട്ടടുത്ത ദിവസം തന്നെ ഞാൻ സൈബർ സെല്ലിൽ പരാതി നൽകിയെങ്കിലും ചില കുബുദ്ധികളും സൈബർ ഗുണ്ടകളും എന്നെ വളഞ്ഞിട്ട് ആക്രമിച്ചതോടെ
ഞാൻ പൂർണമായും തകർന്നുപോയി!
മെഡിക്കൽ ട്രസ്റ്റിന്റെ വെന്റിലേറ്റർ വരെ നീണ്ടു അത് എനിയ്‌ക്കെതിരെ നടന്ന ക്രിമിനൽ ഗൂഢാലോചനയ്‌ക്കെതി െഞാനെന്ന പെണ്ണ് നടത്തുന്ന
നിയമ പോരാട്ടം അവസാനിക്കാത്തതിനാലാണ് ഇത്രകാലവും മിണ്ടാതിരുന്നത്. ഇതുവരെയുള്ള പൊലീസ് അന്വേഷണത്തിൽ എനിക്ക് പൂർണമായി നീതി കിട്ടിയിട്ടില്ല. അന്ന് പ്രചരിപ്പിച്ച ഓഡിയോ ക്ലിപ്പ് കൃത്രിമമായി തയ്യാറാക്കിയതാണ് എന്ന് ശാസ്ത്രീയ പരിശോധനയിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ സർക്കാറിലും പൊലീസിലും സ്വാധീനമുള്ള പ്രതികൾ രക്ഷപെട്ടു. ആ കേസ് പുനരന്വേഷിച്ച് പ്രതികളെ കണ്ടെത്തണമെന്നും
കൃത്രിമമായി തയ്യാറാക്കിയ ആ ഓഡിയോ വീണ്ടും പ്രചരിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതിയിൽ അന്വേഷണം നടക്കുന്നതിനാൽ ഞാൻ കൂടുതൽ ഒന്നും ഈ ഘട്ടത്തിൽ വ്യക്തമാക്കുന്നില്ല. എങ്കിലും അന്ന് പറയാതെ പോയ ചില കാര്യങ്ങൾ ഇവിടെ ചേർക്കാതെ വയ്യ.
മറ്റൊരു ചാനലിൽ മറ്റൊരു റിപ്പോർട്ടർ ചെയ്ത വാർത്തയുടെ ഉത്തരവാദിത്തം യുക്തിരഹിതമായി എന്റെ തലയിൽ ആരോപിച്ച് നാലര വർഷം മുമ്പ് ഒരാൾ സൈബർ ഇടത്തിൽ പെട്ടെന്ന് ലാൻഡ് ചെയ്യുന്നു. അഴിമതിക്കറയാൽ ഇന്ത്യൻ ജുഡീഷ്യറിക്ക് ലോക രാഷ്ട്രങ്ങളുടെ മുന്നിൽ നാണക്കേടുണ്ടാക്കിയെന്ന് മാധ്യമങ്ങൾ ആരോപിച്ച സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസിന്റെ അടുത്ത ബന്ധുവായ അയാൾ എനിയ്‌ക്കെതിരെ
സൈബർ ആക്രമണം അഴിച്ചുവിട്ടു.
അതിന്റെ കൊട്ടിക്കലാശം അത്യന്തം ഹീനമായ രീതിയിൽ ഒരു ഓഡിയോ പുറത്തുവിട്ടു കൊണ്ടായിരുന്നു. എന്തായിരുന്നു ആ ഓഡിയോ എന്നുകൂടി അറിയുക. പൗലോസ് പെരുവ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ 9656804227 എന്ന നമ്പറിൽ നിന്ന് 2016 മാർച്ചിലാണ് എന്നെ വിളിക്കുന്നത്. മുൻ ചീഫ് ജസ്റ്റിസിന്റെ ബന്ധുവിന്റെ പഴയ സുഹൃത്ത് എന്ന് പറഞ്ഞുകൊണ്ടാണ് അയാൾ
പരിചയപ്പെട്ടത്.(വ്യക്തി വിരോധത്താലും രാഷ്ട്രീയ വിരോധത്താലും മേൽ സൂചിപ്പിച്ചിരിക്കുന്ന സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസിന്റെ അടുത്ത ബന്ധു എനിക്കും ഭർത്താവ് വി.പി.സജീന്ദ്രൻ MLAയ്ക്കുമെതിരെ സൈബർ ആക്രമണംതുടങ്ങിയ സമയമായിരുന്നു അത്. )
ഞങ്ങളെ ഈ ഘട്ടത്തിൽ സഹായിക്കാൻ സന്നദ്ധനായതിന്റെ കാരണം പൗലോസ് പെരുവ പറഞ്ഞത് സാമാന്യബുദ്ധിക്ക് നിരക്കുന്നതായിരുന്നു. പിന്നീട് രണ്ടരമാസക്കാലത്തോളം അയാൾ നിരന്തരം വിളിച്ചു കൊണ്ടിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും മാധ്യമപ്രവർത്തനവുമായി ബന്ധപ്പെട്ടുമുള്ള വിഷയങ്ങൾ സംസാരിച്ചതിനു ശേഷം അയാൾ വളരെ സ്വാഭാവികമായി കോൺഗ്രസ് - സിപിഎം.നേതാക്കളെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചുമൊക്കെ ചോദിക്കുമായിരുന്നു. അതിനുള്ള മറുപടികൾ ഞാൻ നൽകുകയും ചെയ്തു.നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ്, 2016 മെയ് 8 ന് രാത്രി എന്റെ സംഭാഷണം എന്ന പേരിൽ 9 മിനിറ്റോളം ദൈർഘ്യമുള്ള ഒരു ഓഡിയോ പുറത്തിറങ്ങി.
രണ്ടര മാസത്തിനിടയിൽ ഞാൻ പല സന്ദർഭങ്ങളിലായി പല വ്യത്യസ്ത വിഷയങ്ങളിൽ പലരേക്കുറിച്ചും സംസാരിച്ച വിവരങ്ങൾ ക്രിമിനൽ സ്വഭാവത്തോടെ വെട്ടി ഒട്ടിച്ച് ഒരു സംഭാഷണ ശകലമാക്കിയിരിക്കുന്നു.
രണ്ട് ഉദാഹരണങ്ങൾ വളരെ പ്രസക്തമാണ്.
1. മൂവാറ്റുപുഴയിലെ യു.ഡി.എഫ്.സ്ഥാനാർത്ഥി ആരെന്ന് ചോദിക്കുന്നു. ജോസഫ് വാഴയ്ക്കൻ എന്ന് ഞാൻ മറുപടി പറയുന്നു. ജോസഫ് വാഴയ്ക്കന് പാറമടയുണ്ടോ എന്നും അഴിമതിക്കാരനാണോ എന്നും അയാൾ ചോദിക്കുന്നു. അല്ല എന്ന് ഞാൻ വ്യക്തമായി മറുപടി പറയുന്നു.
ഒരു മാസത്തിന് ശേഷം ഇയാൾ എന്നോട് ചോദിക്കുന്നു, സുപ്രീം കോടതിയിലെ ഒരു മുൻ ന്യായാധിപൻ അഴിമതിക്കാരനാണോ എന്ന്.
ഞാൻ മറുപടി നൽകി, ' അയാൾക്ക് കുവൈറ്റിലും ലണ്ടനിലുമെല്ലാം സ്വത്തുണ്ടെന്നാണ് മാധ്യമങ്ങളിലും മറ്റും കേൾക്കുന്നത്. '
എന്നാൽ ഇവർ വെട്ടി ഒട്ടിച്ച ഓഡിയോയിൽ വന്നിരിക്കുന്നത്, ജോസഫ് വാഴയ്ക്കന് കുവൈറ്റിലും യു.കെ.യിലും സ്വത്തുണ്ട് എന്ന് ഞാൻ പറഞ്ഞതായി ( ഈ ഓഡിയോയുടെ ഒറിജിനൽ ഭാഗം ശ്രീ.ജോസഫ് വാഴയ്ക്കൻ 4 വർഷം മുമ്പ് മൂവാറ്റുപുഴയിൽ വാർത്താ സമ്മേളനം നടത്തി മാധ്യമ പ്രവർത്തകരെ കേൾപ്പിച്ചതാണ് .)
2. സജീന്ദ്രനെ തിരഞ്ഞെടുപ്പിൽ ആക്രമിക്കാനുള്ള കുറേ ലഘുലേഖകൾ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസിന്റെ ബന്ധു തയ്യാറാക്കിയിട്ടുണ്ട്. അയാളുടെ ഡ്രൈവറുടെ പക്കൽ അതുണ്ട്. ഡ്രൈവറുമായി പൗലോസ് പെരുവയ്ക്കുള്ള ബന്ധം ഉപയോഗിച്ച് അത് എനിക്ക് കൈമാറും. പകരം ആ ഡ്രൈവറിന് എന്തെങ്കിലും സാമ്പത്തിക സഹായം നൽകിയേ പറ്റൂ എന്ന് പൗലോസ് പെരുവ പറഞ്ഞു. അതിന് ഞാൻ നൽകിയ മറുപടിയാണ് കോലഞ്ചേരിയിലെ പത്രപ്രവർത്തകർക്ക് പണം വാഗ്ദാനം ചെയ്തു എന്ന രീതിയിൽ പ്രചരിപ്പിച്ചത്!
മനസ്സറിയാത്ത കാര്യങ്ങളിൽ വാക്കുകളും വാചകങ്ങളും വെട്ടി ഒട്ടിച്ച് എഡിറ്റ് ചെയ്ത് എന്നെ ദളിത് വിരുദ്ധയെന്ന് മുദ്ര കുത്തി!
ജാതിയും മതവും നോക്കാതെ ഒരു ദളിതനെ ജീവിത പങ്കാളിയാക്കിയ എന്നെക്കുറിച്ചാണ് ഇതൊക്കെ പറഞ്ഞത് എന്നോർക്കണം. ഇത്തരത്തിലാണ് 9 മിനിറ്റുള്ള ഓഡിയോയിലെ മുഴുവൻ ഭാഗങ്ങളും തയ്യാറാക്കിയിരിക്കുന്നത്.
സൈബർ ആക്രമണത്തെ അതിജീവിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സജീന്ദ്രൻ വിജയിച്ചത് വലിയ ആശ്വാസമായി. സത്യത്തിന്റെ വിജയം! തിരഞ്ഞെടുപ്പിൽ ജയിക്കാൻ എതിർ സ്ഥാനാർത്ഥിയുടെ കുടുംബത്തിലെ സ്ത്രീകളെ തകർക്കുന്ന ഹീനമായ പ്രവർത്തി
ഇനി ആരും ആവർത്തിക്കാതിരിക്കട്ടെ! അന്ന് കൂടെ നിന്ന എല്ലാവരേയും സ്‌നേഹം കൊണ്ട് ഹൃദയത്തിൽ ചേർത്തുവച്ചിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥർ ഈ ഓഡിയോയുടെ കൃത്രിമത്വം കണ്ടെത്തിയതിന്റേയും 2016 മെയ് 9 ന് ഞാൻ സൈബർ സെല്ലിൽ പരാതി നൽകിയതിന്റേയും രേഖകൾ ഇതിനൊപ്പം ചേർത്തിട്ടുണ്ട്.
വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തുമ്പോഴും ആത്മഹത്യാ നാടകമെന്ന് പരിഹസിച്ചവർക്കായി, അതുമായി ബന്ധപ്പെട്ട കേസിന്റെ നടപടി ക്രമങ്ങളുടെ രേഖകളും ഒപ്പമുണ്ട്. വെളിച്ചത്തെ പേടിച്ചിരുന്ന, വിശപ്പും ദാഹവും നഷ്ടപ്പെട്ടുപോയ, ആറ് മാസം വരെ ഉറങ്ങാതിരുന്ന....ഡിപ്രഷന്റെ കടലാഴം കണ്ട ദിനങ്ങൾ! കഠിനാധ്വാനം കൊണ്ടും സ്ഥിരോത്സാഹം കൊണ്ടും കെട്ടിപ്പൊക്കിയ എന്റെ കരിയർ
ഉപേക്ഷിച്ച് ഇരുട്ടിൽ മരവിച്ചിരുന്നു.
സ്‌കൂളിൽ പോകാൻ കഴിയാതെ ദിവസങ്ങളോളം മുറിയിൽ മൗനിയായ് ഇരുന്ന മോൻ! ലോകം ഒരാഴ്ചകൊണ്ട് പുറംതിരിഞ്ഞു പോയി! ജീവിതത്തിന്റെ മറുകര കണ്ടതിനാൽ ഇനി ഭയമേതുമില്ല. അന്ന് ഭയന്നുവിറച്ച മോൻ ഇന്ന് രാഷ്ട്രീയ ബോധ്യങ്ങളുള്ള, പ്രശ്‌നങ്ങളെ നേരിടാൻ പാകതയുള്ള ഒരുവനാണ്.
എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് വീണ്ടും വരുന്നു എന്നറിയുമ്പോൾ എന്റെ മോൾ അരക്ഷിതയാകുന്നത് ഞാൻ അറിയുന്നുണ്ട്.
അവളെക്കുറിച്ച് മാത്രമാണ് എന്റെ ആധി! അന്ന് 8 വയസ്സ് മാത്രമുണ്ടായിരുന്ന എന്റെ മോളുടെ ചിത്രത്തിനടിയിൽ വന്ന് അശ്ലീല കമന്റുകളിട്ട് ആക്രമിച്ചവരെ ഞാൻ മറന്നിട്ടില്ല. അന്നവൾ വല്ലാതെ ഉലഞ്ഞു പോയിരുന്നു. സമ്പത്തിന്റേയും സ്വാധീനത്തിന്റേയും ബലത്തിൽ എന്ത് നീച പ്രവർത്തികളും ചെയ്യുന്ന നിക്ഷിപ്ത താൽപ്പര്യക്കാർ നെറികേടിന്റെ വിഷം തേച്ച ആയുധങ്ങളുമായി എന്റെ തൊട്ടുപിന്നിലുണ്ട് എന്നെനിക്കറിയാം.
അടുത്ത തിരഞ്ഞെടുപ്പിൽ
അവർ ഇതിനേക്കാൾ
വലിയ
ചതിക്കുഴികൾ തീർത്തേക്കാം...
' You can kill me,
But can't defeat me
'https://www.facebook.com/leby.sajeendran/posts/3122510041177492
മറുനാടന് ഡെസ്ക്