കവൻട്രി: അട്ടിമറിയെങ്കിൽ അങ്ങനെ, കുടിയേറ്റക്കാരന്റെ പോരാട്ട വീര്യം എങ്കിൽ അങ്ങനെ, ഇതല്ല ചെറുപ്പത്തിന്റെ ചുറു ചുറുക്കു ആണെങ്കിൽ അങ്ങനെ....എങ്ങനെ വിശേഷിപ്പിച്ചാലും ബ്രിട്ടണിലെ മലയാളികളുടെ ചരിത്രത്തിൽ മറ്റൊരു നാഴിക കല്ലാണ് ഇന്നലെ സംഭവിച്ചത്.

മഞ്ജു ഷാഹുൽ ഹമീദ് എന്ന മലയാളി യുവതി മേയർ ആയതിന്റെ അത്ഭുതം തീരും മുൻപ് മറ്റൊരു മലയാളി ഒരേ സമയം രണ്ട് സീറ്റുകളിൽ വിജയം കൈവരിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി യുകെയിൽ ഒരേ സമയം രണ്ട് സ്ഥലങ്ങളിൽ മത്സരിച്ച് വിജയിക്കുന്നത്. ഹണ്ടിങ്ടൺ ഡിസ്ട്രിക്റ്റ് കൗൺസിലിലേക്കും ടൗൺ കൗൺസിലിലേക്കും ഒരേ സമയം തിരഞ്ഞെടുക്കപ്പെട്ടാണ് ലീഡോ ജോർജ് എന്ന എറണാകുളം ജില്ലയിലെ അങ്കമാലിക്കാരൻ ചരിത്രം കുറിച്ചത്.

ഹണ്ടിങ്ടൺ നോർത്ത് ജില്ല കൗൺസിൽ സീറ്റ് ലേബർ പാർട്ടിക്കു വേണ്ടി പിടിച്ചെടുത്ത ലീഡോ ജോർജിലൂടെ ബ്രിട്ടീഷ് മലയാളികൾ സ്വന്തമാക്കിയത് അഭിമാന വിജയമാണ്. ഹണ്ടിങ്ടണിൽ അത്ര വേരോട്ടം ഇല്ലാത്ത ലേബർ പർട്ടി വലിയ പ്രതീക്ഷ ഇല്ലാതെയാണ് ലീഡോയെ രംഗത്ത് ഇറക്കിയത്. പാർട്ടി ഇതുവരെ ജയിക്കാത്ത സീറ്റിൽ എന്നാൽ ആത്മ വിശ്വാസത്തോടെ കഴിഞ്ഞ മാസങ്ങളായി ലീഡോ പൊരുതുകയായിരുന്നു. അതിന് ഫലവും കിട്ടി.

അടുക്കും ചിട്ടയുമായി ലീഡോ നടത്തിയ പ്രവർത്തനം ലേബർ പാർട്ടിക്ക് തന്നെ ആശ്വാസമായിരിക്കുകയാണ്. പ്രചരണത്തിലെ ഈ കൃത്യതയാണ് ലീഡോയ്ക്ക് ലോക്കൽ കൗൺസിലിലേക്ക് കൂടി സീറ്റ് ഉറപ്പിച്ചത്. ഒരേ സമയം രണ്ട് വിവിധ സ്ഥലങ്ങളിൽ മത്സരിക്കാൻ അനുവദിക്കുക പാർട്ടിയുടെ ചരിത്രത്തിലും അപൂർവ്വമായിരുന്നു. ഹണ്ടിങ്ടൺ ടൗൺ കൗൺസിലിലേക്ക് നോർത്ത് ഹണ്ടിങ്ടൺ ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെടേണ്ടത് നാല് പേരായിരുന്നു. ഒന്നാമതെത്തിയ ആൾ 635 വോട്ട് നേടിയപ്പോൾ 624 വോട്ട് നേടി ലീഡോ രണ്ടാമത്തെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുക ആയിരുന്നു. ലോക്കൽ കൗൺസിലിലെ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ഡിസ്ട്രിക്റ്റ് കൗൺസിലിലെ വിജയം അപ്രതീക്ഷിതമായിരുന്നെന്ന് ലീഡോ മറുനാടൻ മലയാളിയോട് പറഞ്ഞു.

തികഞ്ഞ വംശീയത ചൂണ്ടിക്കാട്ടി യുകിപ് നേതാവ് ലീഡോയ്ക്ക് എതിരെ ഡിസ്ട്രിക്റ്റ് കൗൺസിലിലെ മത്സരത്തിൽ രംഗത്ത് വന്നപ്പോൾ ഒരു സുനിശ്ചിത വിജയമാണ് യുകിപ് ക്യാമ്പ് മനസ്സിൽ കണ്ടത്. നാട്ടുകാർക്ക് അപരിചിതനും കുടിയേറ്റക്കാരനും ആയതിനാൽ കൺസർവേറ്റീവുകളുടെ വോട്ടു കൂടി യുകിപ് നേതാവ് പ്രതീക്ഷിച്ചു, അനായാസ വിജയവും. എന്നാൽ സകല കണക്കു കൂട്ടലും തെറ്റി. ഫലം പ്രഖ്യാപിക്കുമ്പോൾ വെറും 39 വോട്ടിന് എതിരാളിയായ പീറ്റർ ആഷ്‌ക്രോഫ്ട്ടിനെ മലർത്തിയടിക്കുക ആയിരുന്നു ലീഡോ ഒരു ഗുസ്തിക്കാരനെ പോലെ. രണ്ടാമത് എത്തിയത് ലീഡോയ്‌ക്കെതിരെ വംശീയ വിരുദ്ധ പ്രചാരണം നടത്തിയ യുകിപ് നേതാവാണ് എന്നത് ഏറെ ശ്രദ്ധേയമായി.

കുടിയേറ്റക്കാരുടെ വോട്ടുകൾ മുഴുക്കെ സ്വന്തം പെട്ടിയിലാക്കാൻ കഴിഞ്ഞതാണ് ലീഡോയ്ക്ക് നേട്ടമായത്. വംശീയതയുടെ മുഖം മുദ്ര അണിയുന്ന യുകിപ് പാർട്ടി പ്രധാന എതിരാളി ആയി വന്നതും ഗുണമായി. പാക്കിസ്ഥാൻ വംശജരുടെയും വടക്കേ ഇന്ത്യക്കാരുടെയും തികഞ്ഞ സാന്നിധ്യം ലീഡോയ്ക്ക് അനുഗ്രഹമായി മാറുക ആയിരുന്നു.

ഏറെക്കാലമായി മുടങ്ങി കിടന്ന ഹണ്ടിങ്്ടൺ കാർണിവൽ പുനർജ്ജനിക്കാൻ കാരണക്കാരനായ ലീഡോയെ ലേബർ നേതൃത്വം തിരിച്ചറിയുക ആയിരുന്നു. ഹിൻച്ച്ബ്രൂക് എൻഎച്ച്എസ് ട്രസ്റ്റ് ജീവനക്കാരൻ ആയ ലീഡോ യുകെയിൽ എത്തിയിട്ട് വെറും ആറ് വർഷം മാത്രമേ ആയിട്ടുള്ളൂ. ഒരു പക്ഷെ ഈ കുറഞ്ഞ സമയത്തിനുള്ളിൽ ദേശീയ കക്ഷിയുടെ തന്നെ സ്ഥാനാർത്ഥി ആയി വിജയിച്ചത് അപൂർവ്വത ആയിരിക്കും. അങ്കമാലി സ്വദേശിയായ ലീഡോയുടെ പത്‌നി റാണി ഹിൻച്ച്ബ്രൂകിൽ സ്റ്റാഫ് നേഴ്‌സാണ്. നാലു വയസുകാരി നേഹയും ഒരു വയസുള്ള അന്നയുമാണ് മക്കൾ. ലീഡോയുടെ സഹോദരൻ ലോയ്ഡ് ജോർജ് വോക്കിംഗിൽ ഐ ടി രംഗത്ത് പ്രവർത്തിക്കുന്നുണ്ട്.

ഈ മാസം സ്ഥാനം ഒഴിയുന്ന ക്രോയിഡോൺ മേയർ മഞ്ജു ഷാഹുൽ ഹമീദിന് ഒരു പകരക്കാരനെ ലിഡോയിലൂടെ ബ്രിട്ടീഷ് മലയാളികൾക്ക് കിട്ടുകയാണ്. പുതിയ തലമുറയുടെ പ്രതിനിധിയാണ് ലീഡോ. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ ഒരു ഡസനോളം മലയാളികൾ മത്സരിക്കുകയും അര ഡസനോളം പേർ വിജയിക്കുകയും ചെയ്ത സ്ഥാനത്ത് ഇത്തവണ പേരിന് ചൂണ്ടിക്കാട്ടാൻ മാത്രമായാണ് ലീഡോയുടെ വിജയം. ഇത്തവണ മത്സരിക്കാൻ ആളുകൾ കുറവായിരുന്നതും വിജയ സാധ്യത കുറവുള്ള സീറ്റുകൾ ആണ് മലയാളികൾക്ക് ലഭിച്ചിരുന്നത് എന്നതുമായിരുന്നു ഇതിന് കാരണം.