'രു നടിയാവുകയെന്നതായിരുന്നു എന്റെ സ്വപ്നം. വെറും നടിയല്ല, എല്ലാവരും അറിയപ്പെടുന്ന നടി. അതിനായി ഞാൻ എന്തും ചെയ്യാൻ തയാറായിരുന്നു. ഈ മോഹമാണെന്റെ ജീവിതം തകർത്തത്...' പറയുന്നത് കോടികളുടെ തട്ടിപ്പുകേസിൽ പിടിയിലായി ജീവിതം തകർന്ന നടി റെഡ് ചില്ലി ഗേൾ ലീനാ മരിയാ പോൾ. കാമുകനായ സുഹാസ് ചന്ദ്രശേഖരനുമായുള്ള ചങ്ങാത്തമാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കിയത്. അയാൾ എന്റെ ജീവിതം തകർക്കുകയും വഞ്ചിക്കുകയും ചെയ്തു. - സിനിമാ മംഗളത്തിനു നൽകിയ അഭിമുഖത്തിലാണു ലീന കുറ്റസമ്മതം നടത്തിയത്.

ഹിന്ദി സിനിമയിലെ പ്രശസ്തനായ സംവിധായകൻ എന്നു പറഞ്ഞാണു സുഹാസ് തന്നെ പരിചയപ്പെട്ടത്. ബംഗളുരുവിലെ ഒരു ജൂവൽറി ഉടമയെയും പരിചയപ്പെടുത്തി. ഈ ജുവൽറിയുടെ പരസ്യത്തിൽ അഭിനയിക്കാൻ ക്ഷണിച്ചു. നേരിൽ കാണണമെന്ന് ഇൻർനെറ്റിലൂടെ ക്ഷണിച്ചു. ബോംബെയിലെ ഒരു മോഡൽ സുന്ദരി എന്റെ അടുത്ത സുഹൃത്തായിരുന്നു. അവരുടെ കാമുകനും സുഹാഷ് ചന്ദ്രശേഖറും ഉറ്റസുഹൃത്തുക്കളായിരുന്നു. ഒടുവിൽ ബോംബെയിലെ പ്രസ്തുത സുഹൃത്തിന്റെ വീട്ടിൽവച്ച് ഞാൻ ആദ്യമായി സുഹാസിനെ പരിചയപ്പെട്ടു. അതോടൊപ്പം എന്നെ ബോളിവുഡിലെ നായികാപദവിയിലേക്ക് ഉയർത്താമെന്നും അയാൾ വാഗ്ദാനം ചെയ്തു. വളരെ മാന്യമായ ഇടപെടലായിരുന്നു അയാളുടെ ഭാഗത്തുനിന്നും എനിക്ക് ലഭിച്ചത്. പക്ഷേ അയാളുടെ ഉള്ളിൽ ഒരു കൊടിയ മൃഗം പതിയിരിപ്പുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. മാത്രമല്ല, അയാളുടെ യഥാർത്ഥ മുഖമായിരുന്നില്ല ഞാൻ കണ്ടതും. എന്തായാലും ഹിന്ദി സിനിമയുടെ ഒരു സംവിധായകൻ കൂടിയാണല്ലോ അയാൾ? എന്ന നിലയ്ക്ക് ഞാൻ അയാളുമായി അടുത്തുതുടങ്ങി.

ഇതിനിടെ ഒരു തമിഴ്‌നടനും ഒരു നൃത്തസംവിധായകനും കൂടി സുഹാഷിനെ സന്ദർശിക്കാൻ മിക്കപ്പോഴും വരാറുണ്ടായിരുന്നു. ഇതെന്റെ ഊഹം ബലപ്പെടുത്താൻ സഹായിക്കുകയുണ്ടായി. സുഹാസിൽ ഞാൻ ഏറ്റം വിശ്വാസമർപ്പിക്കുകയും ചെയ്തു. ഇതിനിടെ പലപ്പോഴും ഞാൻ സുഹാസുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയുണ്ടായി. 2010 മുതൽ ഞങ്ങൾ ഭാര്യാഭർത്താക്കന്മാരെപ്പോലെ ജീവിച്ചുപോന്നു. ചുരുക്കം ഹിന്ദി സിനിമയിൽ നായികയാകാൻ കൊതിച്ച ഞാൻ ഒടുവിൽ അയാളുടെ നായികയായിത്തീരുകയാണുണ്ടായത്. പക്ഷേ ഈ ബന്ധത്തിന് ഒരു സാധുത വേണമല്ലോ? നിയമപരമായി വിവാഹിതരാകാൻ ഞാൻ അയാളെ നിരന്തരം പ്രേരിപ്പിച്ചു. പക്ഷേ അയാൾ അപ്പോഴൊക്കെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് വഴുതിമാറുകയാണ് ചെയ്തത്.

അയാളെന്നെ വിവാഹം വിവാഹം കഴിക്കുമെന്ന ഉറച്ച വിശ്വാസം എനിക്ക് ഉണ്ടായിരുന്നത് നിമിത്തം, കിടപ്പറയിൽ ഒരു യഥാർത്ഥ ഭാര്യയുടെ സമീപനവും സഹകരണവുമാണ് എന്നിൽനിന്നും ഉണ്ടായത്. ഞാൻ ഗർഭം ധരിച്ചു. രണ്ടുമാസമായപ്പോഴേയ്ക്കും അയാളുടെ ഭീഷണി മൂലം എനിക്ക് ഗർഭം അലസിപ്പിക്കേണ്ടതായി വന്നു. ''നമുക്ക് കുഞ്ഞുങ്ങൾ വേണം. നിന്നെക്കാൾ ആഗ്രഹം എനിക്കുണ്ട്. പക്ഷെ എനിക്ക് കുറച്ചുകൂടി സമയം വേണം.' അയാൾ ഇടയ്ക്കിടെ ഇങ്ങനെ പറയുമായിരുന്നു. രണ്ടാംതവണയും ഗർഭം ധരിച്ചപ്പോൾ, അതും അലസിപ്പിച്ചേ മതിയാകൂ എന്നയാൾ ശാഠ്യം പിടിച്ചു. അല്ലെങ്കിൽ എന്നെ ഉപേക്ഷിച്ചുപോകുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ എന്റെ രണ്ടാമത്തെ കുഞ്ഞിനെയും ഞാൻ കൊല്ലുകയായിരുന്നു. അപ്പോഴൊക്കെ എന്റെ ഹൃദയം തേങ്ങുകയായിരുന്നു. എന്റെ ആത്മനൊമ്പരം ദൈവത്തിനു മാത്രമേ അറിയുമായിരുന്നുള്ളൂ. ഇപ്പോഴും ഞാൻ ഗർഭിണിയാണ്. അതെ. എന്റെ ഋതുകാലങ്ങൾ മൂന്നാംതവണയും തെറ്റിക്കഴിഞ്ഞിരിക്കുന്നു. ഞാൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പായപ്പോൾ മൂന്നാമത്തെ കുഞ്ഞിനെയും ഗർഭഛിദ്രം ചെയ്തു...

19 കോടി രൂപ വ്യാജരേഖകൾ ചമച്ച് ബാങ്കിൽനിന്നും തട്ടിയെടുത്ത് ഒളിവിൽ പോയ നടി ലീനയെ ഡൽഹിയിലെ ഒളിസങ്കേതത്തിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽനിന്ന് ലീനയുടെ പ്രതികരണം അമ്പരപ്പിക്കും വിധമുള്ളതായിരുന്നു. മറ്റുള്ളവരെ വഞ്ചിച്ചും ചതിച്ചും കോടാനുകോടികൾ സമ്പാദിച്ചതുപോലെ സുഹാസ് ചന്ദ്രശേഖരൻ എന്നെയും വഞ്ചിക്കുകയും ചതിക്കുകയുമാണുണ്ടായത് ലീന പറഞ്ഞു.
''അയാളൊരു ആഗോള ക്രിമിനൽ ആണെന്നറിഞ്ഞിട്ടും ഒരു പെരുങ്കള്ളനാണെന്നറിഞ്ഞിട്ടും ഒരു മാന്ത്രിക ശക്തിയെന്നോണം അയാളിൽ ഞാൻ ആവാഹിച്ചു പോകുകയാണുണ്ടായത്. ഞാനൊരു അഗാധ ഗർത്തത്തിന്റെ വക്കിലാണെന്ന് തത്സമയം ചിന്തിച്ചിരുന്നില്ല.- ലീന പറഞ്ഞു.

തൃശൂരുകാരിയാണു ഞാൻ. ആഢ്യ കുടുംബത്തിലാണു ജനിച്ചത്. ദുബായിൽ എൻജിനിയറാണ് അച്ഛൻ. എന്റെ രണ്ടു സഹോദരിമാരിൽ ഒരാൾ ഡോക്ടറാണ്. ഞാനൊരു ദന്തഡോക്ടറും. ഒരു ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്നെങ്കിൽ ഇന്നെനെിക്ക് ഈ ഗതി വരില്ലായിരുന്നു.

സുഹാഷ് ഒരു അന്തർദ്ദേശീയ കുറ്റവാളിയാണെന്ന് ബോധ്യം വരവേ ഞാൻ അയാളെ ഉപേക്ഷിച്ചുപോകാൻ പലകുറി ശ്രമിച്ചതായിരുന്നു. ബംഗളുരു പൊലീസിന് സുഹാസിനെ ഒറ്റുകൊടുത്തത് ഞാനാണ്. കാരണം അയാൾ ജയിലിൽ പോയാൽ എനിക്ക് അയാളുടെ നീരാളിപ്പിടിത്തത്തിൽനിന്ന് മുക്തി നേടാമല്ലൊ എന്ന് കരുതി. മറിച്ച് അയാളെന്നെ ഉപേക്ഷിക്കുമല്ലോ എന്നും വിചാരിച്ചു. പക്ഷേ മടങ്ങിയെത്തിയയാൾ വീണ്ടും എന്നെ സമീപിച്ചു, എന്നെ ആത്മാർത്ഥമായി സ്‌നേഹിക്കുന്നതായും ഉടനെ ഒരു കുഞ്ഞുണ്ടാകണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു. മാത്രമല്ല, തന്റെ ഈ മോഷണ തൊഴിൽ എന്നെ്നേയ്ക്കുമായി ഉപേക്ഷിച്ച് ഒരു നല്ല വ്യക്തിയായി ജീവിക്കാൻ ആഗ്രഹിക്കുന്നതായി അയാൾ അറിയിച്ചു. എന്റെ ഹൃദയം വീണ്ടും കനിഞ്ഞു..

അയാളോടൊപ്പം ഒരു രാജകുമാരിയെ പോലെയാണ് ഞാൻ കഴിഞ്ഞിരുന്നത്. അത്രകണ്ട് ആഡംബരമാർന്ന ജീവിതമായിരുന്നു നയിച്ചുകൊണ്ടിരുന്നത്. ഒടുവിൽ അയാൾ വീണ്ടും തന്റെ പഴയ തൊഴിലിൽ ഏർപ്പെട്ടു. കോടികൾ എന്റെ മുന്നിൽ കുമിഞ്ഞുകൂടി. ലോകസമ്പന്നർക്ക് പോലും സ്വപ്നം കാണാനാവാത്ത വിധമുള്ള ഒമ്പത് കാറുകൾ എന്റെ വാടകഭവനത്തിനു മുമ്പിൽ നിരന്നു. നോട്ട് കെട്ടുകൾക്കു മുമ്പിൽ ഞാൻ ഉന്മാദിനിയായി. വരുംവരായ്കയെക്കുറിച്ച് തെല്ലും ചിന്തിച്ചില്ല. ഞാൻ പാർക്കുന്ന വീടിന്റെ ഒരു മാസത്തെ വാടക നാലുലക്ഷം രൂപയായിരുന്നു. ഇതിൽനിന്നും മനസിലാക്കാം ഞങ്ങളുടെ സമ്പത്തിന്റെ വ്യാപ്തി. എന്തായാലും മീൻ വിറ്റ കാശ് നാറാൻ സാധ്യതയില്ല. ആ ഒരു തത്വം ഞാൻ മുറുകെപ്പിടിച്ചു.
തുടർന്ന് സുഹാഷ് അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ഒരു എം.പി.യാകാനും തീരുമാനിച്ചിരുന്നു. കാലാന്തരത്തിൽ ഒരു കേന്ദ്രമന്ത്രിയാകുമെന്ന് വരെ അയാൾ എന്നോട് വാതുവച്ചു. പക്ഷേ അതിനുള്ളിൽ ഞാൻ പിടിക്കപ്പെട്ടു. എന്റെ ജീവിതം ഒരു സ്വപ്നം പോലെയായിരുന്നു. ഇന്നലെ വരെ ഞാൻ കിരീടമില്ലാത്ത രാജ്ഞിയായിരുന്നു. ഇപ്പോഴെന്റെ പ്രാർത്ഥന, മരണം എന്നെത്തേടി എത്തണേ എന്നാണ്.