കണ്ണൂർ: രാജ്യത്തെ പ്രമുഖ കേന്ദ്ര സർവ്വകലാശാലകളിൽ ഇടതുപക്ഷ തീവ്ര വിദ്യാർത്ഥി സംഘടനകൾ പിടിമുറുക്കുന്നു. പ്രോഗ്രസ്സീവ് സ്റ്റുഡൻസ് അസോസിയേഷൻ, അംബേദ്കർ സ്റ്റുഡൻസ് അസോസിയേഷൻ എന്നീ സംഘടനകൾ വഴി വിദ്യാർത്ഥികളെ ഏകോപിപ്പിച്ച് ശക്തിയാർജിക്കാനാണ് ശ്രമം നടത്തുന്നത്.

കേന്ദ്ര സർവ്വകലാശാലയുടെ കാസർഗോഡ് കേന്ദ്രത്തിലും തീവ്ര സംഘടനകളുടെ ഏകോപനമുണ്ടായതായും വിവരം ലഭിച്ചിട്ടുണ്ട്. ഹിന്ദി സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളും അവരെ സഹായിക്കുന്ന ഒരു കൂട്ടം അദ്ധ്യാപകരും ഇതിന് നേതൃത്വം നൽകുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ അതാത് സ്ഥലങ്ങളിലെ ജില്ലാ കലക്ടർമാർ കേന്ദ്ര സർവ്വകലാശാലാ വൈസ് ചാൻസലർമാരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കയാണ്. കാസർഗോഡ് ജില്ലാ കലക്ടർ ദേവദാസ്, കേന്ദ്രസർവ്വ കലാശാലാ വൈസ് ചാൻസലറോട് വിശദീകരണം ചോദിച്ചു കഴിഞ്ഞു. നേരത്തെ കേന്ദ്ര സർവ്വകലാശാല ഹൈദരബാദ് സെൻട്രലിലെ വിദ്യാർത്ഥിയായിയരുന്ന പത്തനംതിട്ട സ്വദേശിയാണു പുതിയ വിദ്യാർത്ഥി മുന്നേറ്റത്തിന് നേതൃത്വം നൽകുന്നതെന്നാണു വിവരം.

കർണ്ണാടകത്തിലെ ധാർവാഡ് കേന്ദ്രത്തിലും സമാനമായ രീതിയിൽ വിദ്യാർത്ഥി സംഘടന രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. കേന്ദ്ര സർവ്വകലാശാലയിലെ അദ്ധ്യാപകരിൽ ഈ സംഘടനയുമായി ആഭിമുഖ്യം പുലർത്തുന്നവരും വിദ്യാർത്ഥികൾക്ക് സഹായം നൽകി വരുന്നുണ്ട്. സാമ്പത്തിക സഹായത്തിനു പുറമേ തീവ്ര ഇടതുപക്ഷ അനുകൂലികളായ വിദ്യാർത്ഥികൾക്ക് മാർക്ക് ദാനം നല്കുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗം രാജ്യത്തെ എല്ലാ കേന്ദ്ര സർവ്വകലാശാലകളിലും നിരീക്ഷണം വ്യാപിപ്പിച്ചിരിക്കയാണ്. രാജസ്ഥാൻ, ഒഡീഷ, ജാർഖണ്ഡ്, കർണ്ണാടകം, ഹരിയാന എന്നിവിടങ്ങളിലാണ് ശക്തമായ നിരീക്ഷണം നടത്തുന്നത്. തീവ്ര നിലപാടുള്ള അദ്ധ്യാപകരെ ക്കുറിച്ചുള്ള വിവരങ്ങളും രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു വരികയാണ്.