കൊച്ചി: മോളിവുഡിൽ മികച്ച അഭിനേതാവെന്ന പേരെടുക്കുകയും മികച്ച സഹനടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്ത അലൻസിയർ മീ ടു ആരോപണത്തിൽ കുടുങ്ങിയിരിക്കുകയാണ്. പുരോഗമനപരവും സ്വതന്ത്രവുമായ നിലപാടുകൾ പുലർത്തുന്ന വ്യക്തിയായിട്ടാണ് അലൻസിയറെ കരുതിയിരുന്നതെങ്കിലും നേരിട്ട് പരിചയപ്പെട്ടപ്പോൾ അതെല്ലാം വഷളത്തരങ്ങൾ മറയ്ക്കാനുള്ള മുഖംമൂടിയാണെന്ന് മനസ്സിലായെന്നാണ് നടി ദിവ്യ ഗോപിനാഥ് തന്റെ വെളിപ്പെടുത്തലിനിടെ വിലയിരുത്തിയത്.

മികച്ച സഹനടനുള്ള പുരസ്‌ക്കാരം നേടിയ അലൻസിയൽ ഒരു ഇടതു സഹയാത്രികനായാണ് അറിയപ്പെടുന്നത്. വ്യത്യസ്തമായ പതിഷേധങ്ങളിലൂടെയാണ് അലൻസിയർ പുരസ്‌ക്കാരവും വിമർശനങ്ങളും ഏറ്റുവാങ്ങിയത്. ഇടതുപക്ഷത്തെ നോവിക്കാതെ മുന്നേറുന്ന വ്യക്തിത്വമായിരുന്നു അലൻസിയറുടേത്.

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങിനിടെ മോഹൻലാലിനെതിരെ 'കൈതോക്ക്' ഏന്തി പ്രതീകാത്മകമായി വെടിവെച്ച് പ്രതിഷേധിച്ചതാണ് ഏറ്റവുമൊടുവിൽ വിവാദമായ സംഭവം. സംഘടനയുടെ അധ്യക്ഷനെ പരസ്യമായി അധിക്ഷേപിച്ചത് വച്ചുപൊറുപ്പിക്കാൻ സാധിക്കാത്ത നടപടിയായാണ് എഎംഎംഎ ഭാരവാഹികൾ വിലയിരുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റ് സിനിമാ പ്രവർത്തകരും വേദിയിൽ ഇരിക്കേയാണ് അലൻസിയറിന്റെ മോശം പെരുമാറ്റമുണ്ടായത്.

മോഹൻലാൽ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകൾ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിയുതിർക്കുകയാണ് നടൻ ചെയ്തത്. തുടർന്ന് ലാലിന്റെ പ്രസംഗ പീഠത്തിന് സമീപത്തേക്ക് എത്താനും ശ്രമം നടത്തി. ഇത് മോഹൻലാലിനെ മനപ്പൂർവ്വം അവഹേളിക്കാൻ വേണ്ടി ചെയ്തതാണ് എന്നാണ് വിമർശനമുയർന്നത്. മൂത്രമൊഴിക്കാൻ പോകുന്നതിനിടെയിൽ മോഹൻലാലിന്റെ പ്രസംഗം നീണ്ടു നീണ്ടു പോയപ്പോൾ വലിയ ടെൻഷൻ തോന്നി. പ്രസംഗം അവസാനിച്ചപ്പോൾ ഡിഷ്യൂ ഡിഷ്യൂവെന്ന് കൈകാണിച്ച് പോയി. അത്രയേ ഉള്ളൂ.. തീർന്നില്ലേ. ഞാൻ വെടിവച്ചിട്ടുമില്ല. ലാലേട്ടന് വെടിയേറ്റിട്ടുമില്ല. എന്റെ വെടിയേറ്റ് മരിക്കുന്ന മനുഷ്യനുമല്ല മോഹൻലാൽ.-അലൻസിയർ തന്റെ ചെയ്തിയെ വിശദീകരിച്ചത്് ഇങ്ങനെയാണ്

ഇത്തരത്തിൽ പ്രതീകാത്മക പ്രതിഷേധങ്ങൾ നടത്തി പ്രസിദ്ധനായ വ്യക്തിയാണ് അലൻസിയർ.സിനിമക്ക് പുറത്തു അദ്ദേഹം വാർത്തകളിൽ നിറഞ്ഞത് പലപ്പോഴും വ്യത്യസ്ത പ്രതിഷേധങ്ങൾക്കൊപ്പം നിന്നിരുന്നു. കേന്ദ്രസർക്കാറിനെതിരായ വിമർശനങ്ങളുടെ പേരിൽ സംഘപരിവാർ കക്ഷികളുടെ ഭാഗത്തു നിന്നും കടുത്ത വിമർശനം അദ്ദേഹം കേൾക്കേണ്ടി വന്നു. അസഹിഷ്ണുതക്കെതിരെ തുണിയഴിച്ചുള്ള പ്രതിഷേധമായിരുന്നു അലൻസിയറുടേത്.

എൻസിപി മന്ത്രി തോമസ് ചാണ്ടിയുടെ രാജി വൈകിയതിലുണ്ടായ പ്രതിഷേധത്തിലും നടൻ ആ പുതുമ കൊണ്ടുവന്നു. ഒരു ദിവസം മുഴുവൻ പാന്റിന്റെ സിപ് തുറന്നിട്ടായിരുന്നു ഇത്തവണ അലൻസിയറിന്റെ പ്രതിഷേധം. രാജി വലിച്ചു നീട്ടിക്കൊണ്ടു പോയതിലും മുഖ്യമന്ത്രിയുടെ പ്രതികരണത്തിലും പ്രതിഷേധിച്ചായിരുന്നു അത്. തോമസ് ചാണ്ടിയെ ചുമക്കുന്നത് ജനാധിപത്യത്തിനു നാണക്കേടാണെന്നു അദ്ദേഹം പറയുകയുണ്ടായി. രാജി വൈകിപ്പിച്ച തോമസ് ചാണ്ടിയുടേയും മുഖ്യമന്ത്രിയുടേയും നിലപാടിനെതിരെ ഒരു ദിവസം മുഴുവൻ പാന്റിന്റെ സിപ് തുറന്നിടുകയാണെന്നും നടൻ തുറന്നടിച്ചിരുന്നു. ഈ വിഷയത്തിന് അപ്പുറം ഇടതുപക്ഷത്തിനെതിരെ കാര്യമായ വിമർശനം അലൻസിയർ ഉയർത്തിയിരുന്നില്ല.

ബിജെപി പ്രവർത്തകർക്കുനേരെ സിപിഎം കണ്ണുരുട്ടിയാൽ അവരുടെ കണ്ണുകൾ വീട്ടിൽക്കയറി ചൂഴ്ന്നെടുക്കുമെന്ന ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെയുടെ പ്രസ്താവനയ്ക്കെതിരെ കണ്ണുകെട്ടിയായിരുന്നു നേരത്തെ നടന്റെ പ്രതിഷേധം. കറുത്ത തുണി കൊണ്ടു കണ്ണുമൂടിക്കെട്ടി സിഐ ഓഫിസിലെത്തിയ അലൻസിയർ തന്റെ കണ്ണ് ചൂഴ്ന്നെടുക്കുമെന്നു ഭയക്കുന്നതായും, എനിക്കു സംരക്ഷണം തരണമെന്നും പറഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

സംവിധായകൻ കമലിനെതിരെയുള്ള ആരോപണങ്ങൾക്കെതിരെ അമേരിക്കയിലേക്കുള്ള ടിക്കറ്റ് ചോദിച്ച് തെരുവിലിറങ്ങിയാണ് പ്രതിഷേധിച്ചത്. ഒറ്റമുണ്ടുടുത്തു കയ്യിൽ കിലുക്കാംപെട്ടിയുമായി കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ അലൻസിയർ ആമുഖം ഒന്നുമില്ലാതെ ഒറ്റയാൾ നാടകം നടത്തുകയായിരുന്നു. അമേരിക്കയിൽ പോകാൻ ടിക്കറ്റ് വേണമെന്നായിരുന്നു ആവശ്യം. രാജ്യസ്‌നേഹിയുടെ സർട്ടിഫിക്കറ്റ് തേടുന്നവർ ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും അതുകൊണ്ട് അമേരിക്കയിലേക്കോ പോർച്ചുഗലിലേക്കോ രക്ഷപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം പ്രതിഷേധങ്ങൾക്ക് ശേഷം അലൻസിയർ എവിടെ എന്നു ചോദിച്ച് സംഘപരിവാർ അണികൾ രംഗത്തെത്തിയ സംഭവങ്ങളുമുണ്ടായി. കണ്ണൂരിൽ ഷുഹൈബിനെ വെട്ടിക്കൊന്ന സംഭവത്തിലും മറ്റും അലൻസിയറിന്റെ മൗനം ഏറെ ചോദ്യം ചെയ്യപ്പെട്ടു. ഏതായാലും മികച്ച സഹനടനുള്ള പുരസ്‌ക്കാരം നേടി തിളങ്ങി നിൽക്കുന്ന അവസരത്തിലാണ് സിനിമാ സെറ്റിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ, അലൻസിയർ മീടൂ ആരോപണത്തിൽ കുടുങ്ങുന്നത്. സംഘപരിവാറിന്റെ കണ്ണിലെ കരടായ അലൻസിയർ മീ ടുവിൽ കുടങ്ങിയത് ഇടതുപക്ഷത്തിനും ക്ഷീണമായി.