ന്യൂഡൽഹി: കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ എത്തുമെന്ന് ഭൂരിപക്ഷം എക്‌സിറ്റ് പോളുകൾ. ദേശീയ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ട ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും എൽഡിഎഫിന് അനുകൂലമായാണ് പ്രവചനം നടത്തിയത്. എൽഡിഎഫ് 80 മുതൽ 101 സീറ്റ് വരെ നേടുമെന്ന് ആക്‌സിസ്- ഇന്ത്യാടുഡേ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. ശക്തമായ ഭരണ വിരിദ്ധ തരംഗത്തിൽ 39 മുതൽ 48 സീറ്റുകൾ വരെ യുഡിഎഫ് നേടുമെന്നാണ് പ്രവചനം. ഇടതിന് മുൻതൂക്കമെന്ന് ടുഡേയ്‌സ് ചാണക്യയുടെയും ടൈംസ് നൗവിന്റെയും സർവേകൾ പ്രവചിച്ചു. ബിജെപിക്ക് പരമാവധി മൂന്ന് സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്.

കേരളത്തിൽ കടുത്ത ഭരണവിരുദ്ധ വികാരമെന്ന് ഇന്ത്യാടുഡേ-മൈ ആക്‌സിസ് എക്‌സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു. കേരളത്തിൽ അധികാരം എൽഡിഎഫിനു തന്നെയെന്ന് ടൈംസ് നൗ സർവേ പ്രവചിക്കുന്നത്. ഇന്ത്യാ ടുഡേയുടെ സർവേ പോലുള്ള വൻ ഭൂരിപക്ഷം ഇടതുമുന്നണിക്ക് സീ വോട്ടർ നൽകുന്നില്ല. 78 സീറ്റുകൾ വരെയാണ് ടൈംസ് നൗ-സീ വോട്ടർ എക്‌സിറ്റ് പോൾ എൽഡിഎഫിന് പ്രവചിക്കുന്നത്.

മന്ത്രിമാർക്ക് കൂട്ടത്തോൽവിയെന്ന് പ്രവചനം കേരളത്തിലെ അഞ്ച് മന്ത്രിമാർ തോൽക്കുമെന്ന് ഇന്ത്യാ ടുഡേ-അക്സിസ് മൈ ഇന്ത്യാ എക്സിറ്റ് പോൾ. കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞ്, കോഴിക്കോട് സൗത്തിൽ എംകെ മുനീർ, പാലായിൽ കെഎം മാണി, തൃപ്പൂണിത്തുറയിൽ ബാബു, കൂത്തുപറമ്പിൽ കെപി മോഹനൻ എന്നിവർ തോൽക്കുമെന്നും പ്രവചിക്കുന്നു.

നഗരത്തിലും ഗ്രാമത്തിലും ഇടതുപക്ഷം വ്യക്തമായ മേധാവിത്വം നേടും. എറണാകുളത്ത് യുഡിഎഫ് മൂന്ന് സീറ്റിൽ ഒതുങ്ങും. പാലായിൽ മന്ത്രി കെഎം മാണി തോൽക്കും. മന്ത്രിമാരായ കെപി മോഹനൻ കൂത്തുപറമ്പിലും ഇബ്രാഹിംകുഞ്ഞ് കളമശേരിയിലും തോൽക്കും. തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ അട്ടിമറിച്ച് എം സ്വരാജ് നിയസഭയിലെത്തും. കോഴിക്കോട് സൗത്തിൽ മന്ത്രി എംകെ മുനീർ തോൽക്കും.

സീറ്റിലൊതുങ്ങുന്ന കോൺഗ്രസ് യുഡിഎഫിലെ രണ്ടാം കക്ഷിയാകും. 18 സീറ്റിൽ ജയിക്കുന്ന ലീഗിന് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കും. മലപ്പുറത്ത് ലീഗ് മേധാവിത്വം പുലർത്തും. എൽഡിഎഫ് 3 സീറ്റുകൾ വരെ നേടുമെന്നും ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.

അതേസമയം കേളത്തിൽ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് ന്യൂസ് നേഷൻസ് പ്രവചിക്കുന്നത്. യുഡിഎഫ് 68 മുതൽ 72 സീറ്റുകൾ വരെ നേടുമെന്നാണ് ന്യൂസ് നേഷൻസ് പ്രവചനം. എൽഡിഎഫ് 69 സീറ്റുകൾ വരെ പരമാവധി പ്രവചിക്കുമ്പോൾ ബിജെപിക്ക് ഒരു സീറ്റ് കിട്ടുമെന്നും പറയുന്നു.

കഴിഞ്ഞ തവണ ഇടതുമുന്നണിക്ക് ആദ്യം 68 സീറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ശെൽവരാജ് കോൺഗ്രസ്സിലേയ്ക്ക് പോയതോടെ എൽഡിഎഫിന്റെ സീറ്റുകൾ 67 ആയി ചുരുങ്ങി. യുഡിഎഫിന് 73 സീറ്റുകളും ലഭിച്ചു. 2011 ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് 45 സീറ്റുകളാണ് ലഭിച്ചത്. 38 സീറ്റുകളായിരുന്നു കോൺഗ്രസ്സിന് ഉണ്ടായിരുന്നത്. 20 സീറ്റുകളിൽ ജയിച്ച മുസ്ലിം ലീഗ് മൂന്നാം സ്ഥാനത്തും 13 സീറ്റുകളിൽ വിജയിച്ച സിപിഐ നാലാം സ്ഥാനത്തും ആയിരുന്നു.