- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ കേസ് പിൻവലിച്ച് രക്ഷപ്പെടാൻ വരട്ടെ; മന്ത്രി കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പൊതുമുതൽ നശിപ്പിച്ച സംഭവം; എസ് എഫ് ഐക്കാർ വിചാരണ നേരിടണമെന്ന് കോടതി; പിൻവലിക്കൽ ഹർജി തള്ളി; അഞ്ചാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സർക്കാർ വാഹനം അടിച്ചു തകർത്ത് പൊതുമുതൽ നശിപ്പിച്ച കേസിൽ പ്രതികളായ അഞ്ച് എസ് എഫ് ഐ പ്രവർത്തകർ വിചാരണ നേരിടാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. സാക്ഷി വിസ്താര വിചാരണക്കായി മൂന്നു സാക്ഷികളെ മാർച്ച് 5 ന് ഹാജരാക്കാൻ കന്റോൺമെന്റ് സർക്കിൾ ഇൻസ്‌പെക്ടറോട് മജിസ്ട്രേട്ട് എ. അനീസ ഉത്തരവിട്ടു.
എസ് എഫ് ഐ പ്രവർത്തകരായ വലിയറത്തല സ്വദേശി രാജേഷ് , നെല്ലിമൂട് കണ്ണറവിള സ്വദേശി ദിലീപ്, വലിയവിള സ്വദേശി അജയൻ , കവഡിയാർ സ്വദേശി രഞ്ജിത്, കല്ലിയൂർ സ്വദേശി അഭിലാഷ് എന്നിവരാണ് പൊതുമുതൽ നശിപ്പിക്കൽ കേസിലെ ഒന്നുമുതൽ അഞ്ചു വരെയുള്ള പ്രതികൾ.
2004 ഡിസംബർ 2 ന് പട്ടാപ്പകൽ തലസ്ഥാന ജില്ലയിലെ തൈക്കാട് സംഗീത കോളേജിന് സമീപം പൊതു റോഡിൽ വച്ചാണ് സംഭവം നടന്നത്. അന്നത്തെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ പ്രവർത്തകർ അക്രമം അഴിച്ചു വിടുകയായിരുന്നു. മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ പ്രതികൾ സർക്കാർ വാഹനമായ സ്റ്റേറ്റ് കാർ അടിച്ചു തകർത്തു പൊതു ഖജനാവിന് നഷ്ടം വരുത്തിയെന്നാണ് കേസ്.
2008 ൽ എൽ ഡി എഫ് സർക്കാർ സമർപ്പിച്ച പിൻവലിക്കൽ ഹർജി കോടതി തള്ളിയിരുന്നു. എന്നാൽ പ്രതികൾ കോടതിയിൽ ഹാജരാകാതെ 2020 വരെ വിചാരണ നീട്ടുകയായിരുന്നു. ഇതിനിടെ കുറ്റപത്രം വായിച്ച് പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തിയിരുന്നു. വിചാരണക്കായി സാക്ഷി സമൻസ് പുറപ്പെടുവിക്കാനൊരുങ്ങവേ കേസ് പിൻവലിക്കാൻ സർക്കാർ ഉത്തരവുണ്ടെന്ന് പ്രതിഭാഗം കോടതിയിൽ തർക്കമുന്നയിച്ച് കോടതിയെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പിൻവലിക്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള ഹർജി 2008 ൽ തള്ളിയ കാര്യം വ്യക്തമാക്കിയ കോടതി പ്രതികളോട് വിചാരണ നേരിടാൻ ആവശ്യപ്പടുകയായിരുന്നു.
കോടതിയിൽ ഹാജരാകാത്ത മൂന്നും അഞ്ചും പ്രതികൾക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കോടതി അഞ്ചാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അറസ്റ്റ് വാറണ്ടും സ്ഥാവര ജംഗമ സ്വത്തുക്കൾ കണ്ടു കെട്ടാൻ ജപ്തി വാറണ്ടും പുറപ്പെടുവിച്ചു.

