കൊച്ചി: കന്യാസ്ത്രീയെ ലൈംഗിക പീഡിപ്പിച്ചെന്ന് ആരോപിച്ചുള്ള കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ വിവാദ പരാമർശം നടത്തിയ എസ്‌പി എസ്.ഹരിശങ്കറിന് അഡ്വക്കേറ്റ് ജനറൽ നോട്ടിസ് അയച്ചു. പരാമർശങ്ങളിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി എം.ജെ.ആന്റണി നൽകിയ അപേക്ഷയിലാണ് നടപടി.

കോട്ടയത്തെ മുൻ എസ്‌പിയായിരുന്ന ഹരിശങ്കർ മാർച്ച് 30നു നേരിട്ടു ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയിരിക്കുന്നത്. വിചാരണ കോടതിയുടെ വിധി വന്ന ഉടനെ ഹരിശങ്കർ നടത്തിയ പരാമർശങ്ങൾ ജുഡീഷ്യറിയെ അവഹേളിക്കുന്നതാണെന്നാണ് ആക്ഷേപം.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി നിർഭാഗ്യകരമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്‌പി എസ്. ഹരിശങ്കർ അന്ന് പറഞ്ഞത്. പ്രതിഭാഗത്തിന്റെ തെളിവുകൾ ദുർബലമായിരുന്നുവെന്നും എന്നിട്ടും ഇത്തരത്തിലുള്ള വിധി നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധമായി മൊഴി നൽകിയവർക്കുള്ള തിരിച്ചടിയാണ് ഈ വിധി. ഇരയുടെ മൊഴി ഉണ്ടായിട്ടും വിധി എതിരായത് നിർഭാഗ്യകരമാണ്. നൂറുശതമാനം ശിക്ഷ പ്രതീക്ഷിച്ചിരുന്ന കേസാണിതെന്നും ഹരിശങ്കർ കൂട്ടിച്ചേർത്തു.

എല്ലാ തെളിവുകളും ശക്തമായിട്ടും, ഒരാൾ പോലും കൂറുമാറാതിരുന്നിട്ടും കന്യാസ്ത്രീയുടെ മാനസികാവസ്ഥ പരിഗണിക്കാത്ത വിധിയാണ് ഉണ്ടായത്. സമാനകേസുകളിൽനിന്നു വേറിട്ടു നിൽക്കുന്ന വിധി അംഗീകരിക്കാനാകില്ല. കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടുമെന്ന സന്ദേശം വിധി നൽകുന്നില്ലെന്നും ഹരിശങ്കർ പറഞ്ഞു. കോടതി വിധിക്കെതിരെ ആക്ഷേപം ഉയർത്തിയ എസ്‌പിയുടെ വിമർശനങ്ങൾക്കെതിരെ അന്നുതന്നെ പല കോണിൽ നിന്നു വിമർശനം ഉയർന്നിരുന്നു.

ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്. പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷികൾ എല്ലാം കൂറുമാറാതെ സാക്ഷി പറഞ്ഞിട്ടും കുറ്റകൃത്യങ്ങൾ നടന്നെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെടുകയായിരുന്നു.