- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മശ്രീ ഗുലാം മുസ്തഫ ഖാൻ അന്തരിച്ചു; ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം വിട പറഞ്ഞത് വാർധക്യസഹജമായ അസുഖത്തെ തുടർന്ന്
മുംബൈ: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം പത്മശ്രീ ഗുലാം മുസ്തഫ ഖാൻ(90) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. മരുമകൾ നമ്രത ഗുപ്ത ഖാനാണ് മരണ വിവരം അറിയിച്ചത്. ഉച്ചയ്ക്ക് 12.37ന് ആണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ മരണമെന്ന് നമ്രത പറഞ്ഞു.
ഉസ്താദ് ഇനായത്ത് ഹുസൈൻ ഖാന്റെ പൗത്രനായ ഉസ്താദ് ഗുലാം മുസ്തഫ ഖാൻ 1931 മാർച്ച് മൂന്നാംതീയതിയാണ് ജനിച്ചത്. ഹിന്ദി ചലച്ചിത്ര ലോകത്ത് ഗായകനായും സംഗീത സംവിധായകനായും പ്രവർത്തിച്ചു. മൃണാൾസെന്നിന്റെ ഭുവൻഷോമിലും നിരവധി മറാത്തി, ഗുജറാത്തി സിനമകൾക്കു വേണ്ടിയും പാടി. ഹിന്ദി ചലച്ചിത്ര സംഗീത ലോകത്തെ നിരവധി പ്രതിഭകളുടെ പരിശീലകനാണ്.
ഉത്തർപ്രദേശിലെ ബഡായൂൺ ആണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം. പിതാവായ ഉസ്താദ് വാരിസ് ഹുസൈൻ ഖാനും മാതാവായ ഷബ്രി ബീഗത്തിനും ഉസ്താദ് ഇനായത്ത് ഹുസൈൻ ഖാന്റെ മൂന്നാമത്തെ പുത്രിയുടെ മകൻ ഒരു സംഗീതജ്ഞനായിത്തീരണം എന്നുതന്നെയായിരുന്നു ആഗ്രഹം. അതിനാൽ ശൈശവകാലം മുതൽക്കുതന്നെ മുസ്തഫ ഖാനെ അച്ഛൻ സംഗീതം പഠിപ്പിച്ചുതുടങ്ങിയിരുന്നു. അതിനുശേഷം ഉസ്താദ് ഫിദ ഹുസൈൻഖാനാണ് മുസ്തഫഖാനെ സംഗീതം പഠിപ്പിച്ചത്.
സംഗീതത്തിലുള്ള ഉപരിപാഠങ്ങൾ ഉസ്താദ് ഗുലാം മുസ്തഫ ഖാൻ ഹൃദിസ്ഥമാക്കിയതാകട്ടെ ഉസ്താദ് നിസാർ ഹുസൈൻഖാനിൽനിന്നായിരുന്നു. ഈ വിധത്തിൽ കുടുംബത്തിലുള്ള സംഗീതകാരന്മാരാൽതന്നെ വാർത്തെടുക്കപ്പെട്ട ഗുലാം മുസ്തഫ ഖാൻ എട്ടാം വയസ്സിൽതന്നെ അരങ്ങേറ്റക്കച്ചേരിയും നടത്തി. ഇന്ത്യയിലും വിദേശങ്ങളിലുമായി അനവധി ശാസ്ത്രീയസംഗീതക്കച്ചേരികളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. എന്നാൽ ഈ സംഗീതജീവിതത്തിന് സമാന്തരമായിത്തന്നെ ഉസ്താദ് ഗുലാം മുസ്തഫഖാൻ സിനിമാസംഗീതമേഖലയിലും പ്രശസ്തനായി
1991-ൽ പത്മശ്രീ, 2003-ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, 2006-ൽ പത്മഭൂഷൺ, 2018-ൽ പദ്ഭവിഭൂഷൺ എന്നിവ അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു.