കോഴിക്കോട്: വിജയകരമായ ശസ്ത്രക്രിയക്കുശേഷം സുഖംപ്രാപിച്ച് ലേഖാ നമ്പൂതിരി ഇന്ന് തിരികെ ഐസിയുവിൽ നിന്ന് ആശുപത്രിമുറിയിലേക്ക്. ശസ്ത്രക്രിയക്ക് തൊട്ടുമുമ്പ് തന്റെ ഇഷ്ട നടനും വൃക്കദാനത്തിൽ മാതൃകയുമായ മമ്മുട്ടിയുടെ ഫോൺവിളിയെത്തിയതോടെ ആ വാക്കുകൾ കേട്ട് സന്തോഷവതിയായാണ് ലേഖ ഇന്നലെ ഓപ്പറേഷൻ ടേബിളിലെത്തിയത്. ശസ്ത്രക്രിയയോടെ എല്ലാം ഭേദമാകുമെന്ന് ആശ്വസിപ്പിച്ച മമ്മുട്ടി വേഗം സുഖംപ്രാപിക്കട്ടെയെന്ന ആശംസിക്കുകയും തന്റെ സുഹൃത്ത് വഴി ഒരുലക്ഷം രൂപയുടെ ചെക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. താമസിയാതെ നേരിട്ടുകാണാൻ എത്തുമെന്നും തന്റെ പ്രാർത്ഥനകൾ കൂട്ടുണ്ടെന്നും അറിയിച്ചതോടെ ലേഖയ്ക്ക് ആഹ്ളാദം അടക്കാനായില്ല. 

വൃക്കദാനത്തിന്റെ മഹനീയമാതൃക സമൂഹത്തിനു പകർന്നു നല്കിയ മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് അശ്വതിയിൽ ലേഖ എം നമ്പൂതിരി(31)യുടെ ശസ്ത്രക്രിയ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ഇന്നലെയാണ് പൂർത്തിയാക്കിയത്. ശസ്ത്രക്രിയ വിജയകരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ കുടുംബവും സന്തോഷത്തിലാണ്. ഇന്നുരാവിലെ ലേഖയുമായി സംസാരിച്ചെന്നും ഉടനെ പ്രത്യേക മുറിയിലേക്ക് മാറ്റുമെന്നും ഭർത്താവ് സാജൻ മറുനാടനോട് പറഞ്ഞു.

വ്യാഴാഴ്ചയായിരുന്നു ലേഖയെ ആസ്റ്റർ മിംസിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെ തുടങ്ങിയ ശസ്ത്രക്രിയ പന്ത്രണ്ടോടു കൂടി അവസാനിച്ചു. നട്ടെല്ല് രോഗവിദഗ്ധൻ ഡോ. സുരേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നിർവഹിച്ചത്. ഒരു വീഴ്ചയെ തുടർന്ന് നട്ടെല്ലിന്റെ കശേരുക്കളിലുണ്ടായ തകരാറുമൂലം കാലിലേക്കുള്ള രക്തപ്രവാഹം തടസപ്പെട്ട് പരസഹായമില്ലാതെ നടക്കാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നു ലേഖ. നേരത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സയിൽ രോഗകാരണം സ്ഥിരീകരിച്ചുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം തുടർ ചികിത്സ നടത്താനാകാതെ ആശുപത്രി വിടുകയായിരുന്നു. 

ഇതു സംബന്ധിച്ച വാർത്ത മറുനാടൻ മലയാളിയിൽ വന്നതോടെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് സുമനസുകൾ ലേഖയ്ക്കു സാന്ത്വനം പകരാനെത്തി. ഇക്കൂട്ടത്തിൽ തിരുവനന്തപുരത്ത് ബിസിനസുകാരനായ കവടിയാർ സ്വദേശി സജി നായരുടെ സഹായവാഗ്ദാനവുമുണ്ടായിരുന്നു. രോഗമുക്തിക്കു ശസ്ത്രക്രിയ മാത്രമേ പോംവഴിയുള്ളൂവെന്നു ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നതിനാൽ അതിനുള്ള മുഴുവൻ ചെലവും വഹിക്കാമെന്ന് സജി നായർ ലേഖയെ അറിയിക്കുകയായിരുന്നു. ചികിത്സയ്ക്ക് സർക്കാരും സഹായവാഗ്ദാനം നൽകിയിരുന്നു.

ഇക്കാര്യം മന്ത്രി ജി സുധാകരൻ തന്നെ നേരിട്ട് ലേഖയെ അറിയിച്ചിരുന്നു. എന്നാൽ ശസ്ത്രക്രിയ വൈകിക്കരുതെന്ന വൈദ്യോപദേശം ഉണ്ടായതിനാൽ ഉടൻ അതിന് തീരുമാനിക്കുകയായിരുന്നു.
ഇതു പ്രകാരമാണ് ലേഖയെ കോഴിക്കോട് ആസ്റ്റർ മിംസിലെത്തിച്ചത്. ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് സ്‌പൈനൽ സർജനായ ഡോ. സുരേഷ് എസ് പിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരാണ് ശസ്ത്രക്രിയ നിർവഹിച്ചത്. സജി നായരുടെ സഹപാഠികൂടിയാണ് ഡോ. സുരേഷ് പിള്ള.

2012 നവംബർ 15-നാണു പട്ടാമ്പി സ്വദേശിയായ ഷാഫിക്കു സ്വന്തം വൃക്ക നൽകി ലേഖ എം നമ്പൂതിരി അവയവദാനത്തിൽ മാതൃകയായത്. മമ്മുട്ടിയുടെ ലൗഡ്‌സ്പീക്കർ സിനിമയിലെ മൈ്ക്ക് എന്ന കഥാപാത്രം മാതൃകയായതോടെയായിരുന്നു ലേഖയുടെ വൃക്കദാനം. ഇപ്പോൾ ലേഖയുടെ ദുരിതകഥകൾ മറുനാടനിലൂടെ പുറത്തുവന്നപ്പോൾ വന്ന് നേരിൽക്കാണാമെന്നും സഹായങ്ങളെത്തിക്കാമെന്നും മമ്മുട്ടി അറിയിച്ചു. തന്റെ കഥാപാത്രത്തിന് ജീവിതത്തിൽ അർത്ഥംനൽകിയ ലേഖയെ ശസ്ത്രക്രിയക്ക തൊട്ടുമുന്നേ നേരിട്ടുവിളിച്ച് മമ്മുട്ടി വൈകാതെ കാണാനെത്താമെന്ന് അറിയിക്കുകയായിരുന്നു.