പാലക്കാട്: ഉമ്മിനിയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നും കണ്ടെത്തി മൃഗാശുപത്രിയിലേക്കും മാറ്റിയ പുലിക്കുഞ്ഞുങ്ങളെ തേടി അമ്മപ്പുലിയെത്തി. ജനിച്ചിട്ട് പത്ത് ദിവസം മാത്രം പ്രായമുള്ള തന്റെ അരുമകളെ തേടി മൂന്ന് തവണയാണ് അമ്മപ്പുലി ആളൊഴിഞ്ഞ വീട്ടിലെത്തിയത്. പുലിക്കെണി സ്ഥാപിച്ച സ്ഥലത്താണ് അമ്മപ്പുലിയെത്തിയതെങ്കിലും  പിടികൂടാനായില്ല. ഇതേത്തുടർന്ന് സ്ഥലത്ത് പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

ഇന്നലെ രാത്രി 11.45 ഓടു കൂടിയാണ് പുലി സ്ഥലത്തെത്തിയത്. പുലിയുടെ ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇന്നലെ സ്ഥാപിച്ച കൂട്ടിൽ പുലി കയറാത്തതിനാൽ കുറച്ചു കൂടി വലിയ കൂട് സ്ഥലത്ത് സ്ഥാപിക്കുമെന്നും വാളയാർ റേഞ്ച് ഓഫീസർ അറിയിച്ചു. നിലവിൽ പാലക്കാട് മൃഗാശുപത്രിയിലാണ് പുലിക്കുഞ്ഞുങ്ങളുള്ളത്.

വൈദ്യ സഹായം ഉറപ്പാക്കിയെങ്കിലും പുലിക്കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നതാണ് പ്രതിസന്ധി. ആട്ടിൻ പാൽ കുപ്പിയിലാക്കിയാണ് കുഞ്ഞുങ്ങൾക്ക് ഇപ്പോൾ നൽകുന്നത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.

ക്യാമറ ട്രാപ്പ് പരിശോധനയിലാണ് പുലിയുടെ ചിത്രം ലഭിച്ചത്. ഇന്നലെ സ്ഥാപിച്ച കൂടിനേക്കാൾ വലിപ്പമുള്ള പുലിയാണ്. ഈ സാഹചര്യത്തിൽ ഇന്ന് വലിയ കൂട് വനം വകുപ്പ് സ്ഥാപിച്ചു. ജനവാസ കേന്ദ്രമായതിനാൽ പുലിപ്പേടിയിലാണ് നാട്ടുകാരും.

പുലിയെ പിടികൂടി കുഞ്ഞുങ്ങളോടൊപ്പം കാട്ടിലേക്ക് അയക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. വനംവകുപ്പിന്റെ ദ്രുതകർമ്മ സേന സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. പാലക്കാട് ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. പുലിക്കുഞ്ഞുങ്ങൾക്ക് പതിനഞ്ച് ദിവസം പ്രായമുണ്ട്. പുലി കുഞ്ഞുങ്ങളെ കണ്ടെത്തിയ മാധവൻ എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീടും പറമ്പും 15 വർഷത്തോളമായി ആൾത്താമസമില്ലാത്തതാണ്.

പത്തു ദിവസം പ്രായമുള്ള പെൺപുലിക്കുഞ്ഞുങ്ങളെയാണ് വീടിനുള്ളിൽ നിന്നും ലഭിച്ചത്. ഉച്ചക്ക് 12 മണിയോടെയാണ് പപ്പാടിയിലെ മാധവൻ എന്നയാളുടെ അടച്ചിട്ട വീട്ടിൽ തള്ളപ്പുലിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്. നായ വല്ലാതെ കുരക്കുന്നത് കണ്ട് പൊന്നൻ എന്ന അയൽവാസിയാണ് മതിൽ ചാടി കടന്ന് തകർന്ന വീടിന്റെ ജനൽ പാളി തുറന്ന് അകത്തേക്ക് നോക്കിയത്. ആൾ പെരുമാറ്റം കേട്ട പുലി പിൻഭാഗത്തുകൂടി ഓടി മറഞ്ഞു.

നാട്ടുകാരൻ കൂടിയായ പൊന്നൻ ആണ് ഈ വീടും പറമ്പും പരിപാലിക്കുന്നത്. വീട് വൃത്തിയാക്കുന്നതിനും മറ്റുമായി സംഭവസ്ഥലത്തേക്ക് എത്തിയ പൊന്നൻ തെരുവുനായ്ക്കളെ ഓടിക്കാനായി വീടിന്റെ ജനലിൽ തട്ടി ശബ്ദം പുറപ്പെടുപ്പിച്ചു. ഈ സമയത്താണ് വീടിന് പുറത്തേക്ക് അമ്മപ്പുലി പോകുന്നത് കണ്ടത്. പിന്നീട് ഇക്കാര്യം പൊന്നനാണ് നാട്ടുകാരെ അറിയിച്ചത്. നാട്ടുകാർ ചേർന്ന് വനപാലകരേയും വിവരം അറിയിച്ചു തുടർന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വീടിനകത്ത് പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞുങ്ങളെ കണ്ടെത്തിയത്.

എന്നാൽ അമ്മ പുലിയെ കണ്ടെത്താനായില്ല. അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഉമ്മിനി. ധോണി വനമേഖലയും ചിക്കുടി മലയും ഇതിനു സമീപത്താണ്. ഇതിനാൽ തന്നെ അമ്മപ്പുലി കുഞ്ഞുങ്ങളെ തേടി തിരികെ വരുമോ എന്ന ഭയത്തിലായിരുന്നു പ്രദേശവാസികൾ. പുലിക്കുഞ്ഞുങ്ങളെ ആദ്യം ഡിഎഫ് ഒ ഓഫീസിലേക്കും പിന്നീട് പാലക്കാട് മൃഗാശുപത്രിയിലേക്കും മാറ്റി.

നിലവിൽ പാലക്കാട് മൃഗാശുപത്രിയിലാണ് പുള്ളിപ്പുലി കുഞ്ഞുങ്ങൾ ഉള്ളത്. പുലിക്കുഞ്ഞുങ്ങൾക്ക് ഡോക്ടർമാരുടെ സാന്നിധ്യത്തിൽ പരിചരണം നൽകി വരികയാണെന്നും വനംവകുപ്പ് അറിയിച്ചു.

തന്റെ അരുമകളെ തേടി ആ അമ്മപ്പുലി എത്തിയത് മൂന്ന് തവണ; ക്യാമറ ട്രാപ്പ് പരിശോധനയിൽ കണ്ടത് സ്ഥാപിച്ച കൂടിനേക്കാൾ വലിപ്പമുള്ള പുലിയെ; വലിയ കൂട് സ്ഥാപിച്ച് വനംവകുപ്പ്; ആട്ടിൻപാല് കുടിച്ച് അമ്മയ്ക്കു വേണ്ടി കാത്തിരിപ്പുമായി പുലിക്കുഞ്ഞുങ്ങളും; അമ്മപുലിയെ പിടികൂടി കുഞ്ഞുങ്ങളോടൊപ്പം കാട്ടിലേക്ക് തിരിച്ചയയ്ക്കും. റേഞ്ച് ഓഫിസർ ആഷിഖലി, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി.ജി. കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യേഗസ്ഥർ സ്ഥലത്തുണ്ട്.