ആലപ്പുഴ: കാലം തെറ്റി പെയ്യുകയാണ് മഴ. എന്നും എപ്പോഴും മഴ. ഇത് പകർച്ച വ്യാധികളേയും സജീവമാക്കുന്നു. കോവിഡ് ഭീതിയിൽ നിൽക്കുന്ന സംസ്ഥാനത്ത് എലിപ്പനിയും വ്യാപകമാകുന്നു. എലിപ്പനി സംശയിച്ചു ചികിത്സതേടിയവരും സ്ഥിരീകരിച്ചവരുമുൾപ്പെടെ നാലുമാസത്തിനിടെ 68 പേർ മരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം-16. കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും എലിപ്പനി മരണമുണ്ടായി. ഡങ്കിപ്പനിയും കേരളത്തിൽ മരണമെത്തിക്കുന്നുണ്ട്. ഇതും മഴയുടെ പ്രതിഫലനമാണ്.

എലിപ്പനി സംശയത്തോടെ ചികിത്സതേടിയവരാണ് മരിച്ചവരിൽ കൂടുതലുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. രോഗംസംശയിച്ചു ചികിത്സതേടിയ 669 പേരിൽ 56 പേർ മരിച്ചു. രോഗം സ്ഥിരീകരിച്ച 474 പേരിൽ 12 പേർക്കും ജീവൻ നഷ്ടമായി. വെള്ളക്കെട്ടിലും മലിനജലത്തിലും ഇറങ്ങിയവരാണ് രോഗബാധിതരിലേറെയും. മഴ അതിശക്തമായി പെയ്യുന്നത് വെള്ളക്കെട്ടുകൾ സജീവമാക്കുന്നു. അതുകൊണ്ട് തന്നെ രോഗ വ്യാപനം തടയാനും കഴിയാത്ത അവസ്ഥ. പരമാവധി ശുചിത്വം അനിവാര്യമാണ്.

മഴ വെള്ളക്കെട്ടുകളിലും മറ്റും ജോലി ചെയ്യുന്നവർ ഡോക്ടർമാരുടെ നിർദ്ദേശാനുസരണം പ്രതിരോധഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യവകുപ്പറിയിച്ചിട്ടുണ്ട്. പലയിടത്തും ഗുളികവിതരണം നടക്കുന്നുണ്ടെങ്കിലും അവ കൃത്യമായി കഴിക്കുന്നുണ്ടെന്ന് ഉറപ്പിക്കാൻ സംവിധാനമില്ല. മഴ പെയ്യുന്നതിനാൽ ഈ ഗുളികയിലൂടെ മാത്രമേ രോഗത്തെ പിടിച്ചു നിർത്താൻ കഴിയൂവെന്നതാണ് വസ്തുത.

ഡോക്‌സിസൈക്ലിൻ ലഭ്യത ഉറപ്പാക്കാൻ നിർദ്ദേശം സർക്കാർ നൽകി കഴിഞ്ഞു. ഇതിന്റെ വിതരണവും കാര്യക്ഷമമാക്കും. മഴ ശക്തമായതോടെ എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്‌സിസൈക്ലിൻ ലഭ്യത ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും ആശുപത്രികളിൽ മരുന്നില്ലെങ്കിൽ കൂടുതലുള്ള ഇടങ്ങളിൽനിന്ന് എത്തിക്കാനാണ് നിർദ്ദേശം. എലിപ്പനിയിൽ മരണ നിരക്ക് ഉയരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. മലബാറിൽ രോഗം വലിയ തോതിൽ വ്യാപിച്ചിട്ടില്ല.

തിരുവനന്തപുരത്ത് 153 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 16 പേർ മരിച്ചു. കൊല്ലത്ത് 37 പേർക്ക് രോഗമെത്തിയപ്പോൾ 5 മരണമുണ്ടായി. പത്തനംതിട്ടയിൽ 108 രോഗികളും 5 മരണവുമെന്നതാണ് കണക്ക്. ആലപ്പുഴ 143 പേർക്ക് രോഗം കണ്ടെത്തി 11 പേർ മരിച്ചു. എറണാകുളം 206 പേരിൽ രോഗമെത്തി. മരണം 8 ആണ്. മലപ്പുറത്തും കണ്ണൂരും കാസർഗോഡും മരണം റിപ്പോർട്ട് ചെയ്തതുമില്ല. ഡങ്കിപ്പനിയിലും മരണം റിപ്പോർട്ട് ചെയ്തത് ഗൗരവ സാഹചര്യമാണ് ഉണ്ടാക്കുന്നത്.

സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാൽ എല്ലാ ജില്ലകളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലകൾ കൂടുതൽ ശക്തമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. തദ്ദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ച് പ്രവർത്തനം നടത്തണം. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണം കൂടി ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. പകർച്ചവ്യാധി വ്യാപനം ഉണ്ടാകുന്നതിന് മുമ്പ് ഇപ്പോഴേ പ്രവർത്തിച്ച് തുടങ്ങണം. ജലജന്യ, ജന്തുജന്യ രോഗങ്ങൾക്കെതിരെ നിരീക്ഷണം ശക്തമാക്കണം. പകർച്ചവ്യാധികളെപ്പറ്റി പൊതുബോധം ശക്തിപ്പെടുത്തണമെന്നും മന്ത്രി നിർദ്ദേശം നൽകി.

കഴിഞ്ഞ വർഷങ്ങളിലെ പകർച്ചവ്യാധികളെപ്പറ്റി യോഗം വിലയിരുത്തി. കഴിഞ്ഞ വർഷം ഡെങ്കിപ്പനിയും എലിപ്പനിയുമാണ് സംസ്ഥാനത്ത് കൂടുതൽ റിപ്പോർട്ട് ചെയ്തത്. ഈ വർഷവും ഡെങ്കിപ്പനിയും എലിപ്പനിയും വളരെയധികം ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഡെങ്കിപ്പനി ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിലും എലിപ്പനി എറ്റവും കൂടുതൽ എറണാകുളം ജില്ലയിലുമാണ് റിപ്പോർട്ട് ചെയ്തത്. ഈ ജില്ലകൾ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ നിർദ്ദേശം നൽകി.

കോവിഡിനോടൊപ്പം നോൺ കോവിഡ് പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയും ഐഡിഎസ്‌പി യോഗം നടത്തി സ്ഥിതി വിലയിരുത്തും. രോഗങ്ങളെ സംബന്ധിച്ച ബുള്ളറ്റിൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറും. മലേറിയ, ലെപ്രസി, മന്ത് രോഗം, കാലാആസർ തുടങ്ങിയ രോഗങ്ങളുടെ നിർമ്മാർജന പ്രവർത്തനങ്ങൾ ഊർജിതമാക്കും. മലേറിയ മൈക്രോസ്‌കോപ്പി ട്രെയിനിങ് നൽകും. കാലാആസാർ പ്രതിരോധത്തിന് ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. ആരോഗ്യ ജാഗ്രത കലണ്ടർ അനുസരിച്ച് കൃത്യമായി പ്രവർത്തനങ്ങൾ നടത്തണം.

മലിനജലവുമായി സമ്പർക്കമുള്ളവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണം. മണ്ണുമായി സമ്പർക്കത്തിൽ വരുന്ന ആളുകളിലും എലിപ്പനി കണ്ടുവരുന്നതിനാൽ അവരും ശ്രദ്ധിക്കണം. വരുന്ന അഞ്ച് മാസങ്ങൾ പ്രത്യേക ശ്രദ്ധ നൽകി പ്രവർത്തിക്കേണ്ടതാണ്. കോർപറേഷൻ മുൻസിപ്പാലിറ്റി മേഖലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിർമ്മാണ കേന്ദ്രങ്ങൾ, തോട്ടങ്ങൾ, വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ, വീട്ടിനകത്തെ ചെടിച്ചട്ടികൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. കഴിഞ്ഞ വർഷം മെയ്‌ മാസത്തിലാണ് കോഴിക്കോട് നിപ വൈറസ് റിപ്പോർട്ട് ചെയ്തത്. അതിനാൽ നിപ വരാതിരിക്കാനുള്ള പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്നും യോഗം വിലയിരുത്തി.