വാഷിങ്ടൺ: അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിലെ ചരിത്രപ്രാധാന്യമുള്ള ബാപ്റ്റിസ് പള്ളിയിൽ വനിതാ സ്വവർഗ ദമ്പതികളെ പാസ്റ്റർമാരായി നിയമിച്ചതിനെതിരെ വിശ്വാസികളുടെ പ്രതിഷേധം ശക്തമാകുന്നു. നിയമപ്രകാരം വിവാഹിതരായ സ്വവർഗ ദമ്പതികളായ സാലി സാറാട്ട്, മറിയ സ്വയറിങ്ൻ എന്നിവരാണ് ഈ മാസം ആദ്യം പ്രസിദ്ധമായ കാൽവറി ബാപ്റ്റിസ്റ്റ് പള്ളിയിലെ സീനിയർ പാസ്റ്റർമാരായി നിയമിക്കപ്പെട്ടത്.

2014 നവംബറിൽ സൗത്ത് കരോളൈനയിൽ സ്വവർഗ്ഗവിവാഹം നിയമവിധേയമാക്കിയ സമയത്താണ് ഇരുവരും വിവാഹിതരായത്. 2015 നവംബർ 15ന് ഗ്രീൻവില്ല ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിൽ വച്ച് ഇവർക്ക് പാസ്റ്റർ സ്ഥാനവും ലഭിച്ചു.

സീനിയർ പാസ്റ്റർമാരായി നിയമിതരായതിനുശേഷം കഴിഞ്ഞ വാരാന്ത്യം നടന്ന പ്രാർത്ഥനയ്ക്കിടയിലേക്ക് ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധവുമായി തള്ളികയറുകയായിരുന്നു.

സ്വവർഗ ദമ്പതിമാർ പാസ്റ്റർമാരായ ഈ ദേവാലയം ഇപ്പോൾ സാത്താന്റെ ഭവനമായി മാറിയിരിക്കുകയാണെന്ന് പ്രതിഷേധക്കാർ ആക്രോശിച്ചു. പൊലീസിനെ വിളിക്കുന്ന ഘട്ടമെത്തിയപ്പോഴാണ് പ്രതിഷേധക്കാർ മടങ്ങിയത്.

155 വർഷം പഴക്കമുള്ള കാൽവറി ബാപ്റ്റിസ്റ്റ് ചർച്ച് ഇതിനുമുമ്പും വിവാദപരമായ നിരവധി തീരുമാനങ്ങൾ സ്വീകരിച്ചിരുന്നു.