- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോൺബിൽ ഫെസ്റ്റിവലും യാത്രയോടുള്ള പ്രണയവും പ്രചോദനമായപ്പോൾ ലെസ്‌ലി അഗസ്റ്റിൻ ബൈക്കിൽ താണ്ടിയത് അയ്യായിരത്തോളം കിലോമീറ്റർ; സുരക്ഷിത യാത്രയ്ക്കു പറ്റിയ ഇടമാണ് ഇന്ത്യയെന്നു തെളിയിച്ച ഒരു കണ്ണൂർക്കാരിയുടെ കഥ
'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' എന്ന ദുൽഖർ സൽമാൻ ചിത്രം കണ്ടവരൊക്കെ ഒരു നിമിഷം കൊതിച്ചിട്ടുണ്ടാകും അത്തരത്തിൽ ഒരു യാത്ര പോകണമെന്ന്. സ്വന്തം ബൈക്കിൽ ഒരു ദീർഘയാത്ര. നാടിന്റെ മുഴുവൻ സൗന്ദര്യവും ആസ്വദിച്ച്, പോകുംവഴികളിലെ കാഴ്ചകൾ കണ്ടു മനം നിറച്ച് നാഗാലാൻഡ് എന്ന മനോഹരഭൂവിലേക്കുള്ള യാത്ര. സാധാരണക്കാരിൽ പലരും അങ്ങനെയൊരു സ്വപ്‌നം കാണ
'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' എന്ന ദുൽഖർ സൽമാൻ ചിത്രം കണ്ടവരൊക്കെ ഒരു നിമിഷം കൊതിച്ചിട്ടുണ്ടാകും അത്തരത്തിൽ ഒരു യാത്ര പോകണമെന്ന്. സ്വന്തം ബൈക്കിൽ ഒരു ദീർഘയാത്ര. നാടിന്റെ മുഴുവൻ സൗന്ദര്യവും ആസ്വദിച്ച്, പോകുംവഴികളിലെ കാഴ്ചകൾ കണ്ടു മനം നിറച്ച് നാഗാലാൻഡ് എന്ന മനോഹരഭൂവിലേക്കുള്ള യാത്ര. സാധാരണക്കാരിൽ പലരും അങ്ങനെയൊരു സ്വപ്‌നം കാണാൻ തുടങ്ങിയത് റോഡ് മൂവി ഗണത്തിൽപ്പെടുന്ന 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' എന്ന ചിത്രത്തിന്റെ വരവോടെയാണ്. മുമ്പുതന്നെ ബൈക്കു യാത്രയുടെ ഹരവുമായി യുവാക്കൾ ചുറ്റിയടിച്ചിട്ടുണ്ടെങ്കിലും സമീർ താഹിർ സംവിധാനം ചെയ്ത ആ ചിത്രത്തിന്റെ വരവാണ് നീണ്ടയാത്രയുടെ സാധ്യതകൾ മലയാളിക്കു പരിചയപ്പെടുത്തിയത്.
ഇതാ അത്തരത്തിലൊരു യാത്രയുടെ ഹരം സ്വന്തമാക്കിയ ഒരു പെൺകുട്ടിയെ പരിചയപ്പെടാം. ഹോൺബിൽ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് ബൈക്കോടിച്ച് നാഗാലാൻഡിലേക്കുപോയ സാഹസികയെ. തൃശൂരിൽ സ്ഥിരതാമസമാക്കിയ മാദ്ധ്യമപ്രവർത്തകകൂടിയായ ലെസ്‌ലി അഗസ്റ്റിനെന്ന കണ്ണൂർക്കാരിയാണ് ആരും കൊതിക്കുന്ന ഒരു മനോഹര യാത്രയുടെ സൗന്ദര്യം നുണഞ്ഞത്.
സഞ്ചാരികൾക്കു മുന്നിൽ നാഗാ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ജാലകം തുറന്നിടുന്ന ആഘോഷമാണ് ഹോൺബിൽ ഫെസ്റ്റിവൽ. നാഗാലാൻഡിന്റെ തലസ്ഥാനമായ കൊഹിമയ്ക്കടുത്തുള്ള കിസാമ ഹെറിറ്റേജ് വില്ലേജിൽ സംസ്ഥാനത്തെ എല്ലാ ഗോത്രവിഭാഗങ്ങളും കലാകായിക പരിപാടികളും ഭക്ഷ്യ, കരകൗശല മേളകളുമായെത്തും. വിദേശബാൻഡുകളുടെ സംഗീതവിരുന്ന്, എരിവിന്റെ രാജാവായ നാഗാമുളകുതീറ്റമത്സരം, സംഗീതസൗന്ദര്യസാഹസികമത്സരങ്ങൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി നടക്കും. സംസ്ഥാനത്തെ പതിനാറ് ഗോത്രവിഭാഗങ്ങൾക്കും അവരുടേതായ ആഘോഷവേളകളുണ്ട്. എല്ലാ വിഭാഗങ്ങളെയും ഒത്തൊരുമിപ്പിക്കാനായി സംസ്ഥാന സർക്കാരാണ് ഹോൺബിൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
ഈ ഉത്സവത്തിൽ പങ്കെടുക്കാനായി ഒരു സാഹസിക യാത്രയ്ക്ക് തയ്യാറെടുക്കാൻ ലെസ്‌ലിക്കു പ്രേരണയായത് യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു കുട്ടിക്കാലമാണ്. ഒപ്പം ബൈക്ക് റൈഡിങ്ങിനോടുള്ള അടങ്ങാത്ത പ്രണയവും. ഇവയ്‌ക്കെല്ലാം പുറമെ ലെസ്‌ലിയുടെ ആഗ്രഹങ്ങൾക്കെല്ലാം എന്നും അനുവാദം നൽകിയിട്ടുള്ള അച്ഛനമ്മമാരും ഏട്ടന്മാരും. ഒരുപാട് ആഗ്രഹിച്ചു നടത്തിയ ആ യാത്രയെക്കുറിച്ച് ലെസ്‌ലി മറുനാടൻ മലയാളിയോട് മനസുതുറക്കുന്നു.
- ഹോൺ ബിൽ ഫെസ്റ്റിവൽ കാണാനായി ഏകദേശം അയ്യായിരം കിലോമീറ്ററോളം ബൈക്ക് യാത്ര. സ്ത്രീകളുടെ ബൈക്ക് യാത്രതന്നെ അപൂർവമായ കൊച്ചുകേരളത്തിൽ നിന്ന് ഇത്രയും ദൂരം ബൈക്കോടിച്ചു പോയതിനെപ്പറ്റി...
എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹം ഇന്ത്യയുടെ ഓരോ മുക്കും മൂലയും കാണുക എന്നതായിരുന്നു. കാണുക മാത്രമല്ല പല സംസ്‌കാരങ്ങൾ അടുത്തറിയാനും അവിടങ്ങളിൽ തങ്ങി അതാതിടങ്ങളിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടണമെന്നുമെല്ലാം ഹൈസ്‌കൂൾ കാലംമുതൽക്കേ ആഗ്രഹമുണ്ടായിരുന്നു. എല്ലാ ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് അവിടത്തെ കാര്യങ്ങളെപ്പറ്റിയൊക്കെ എഴുതണമെന്നും മനസിൽ മോഹമുണ്ടായിരുന്നു.
ഹൈസ്‌കൂൾ ക്ലാസിലായപ്പോൾ തന്നെ പത്താം ക്ലാസൊക്കെ കഴിയുമ്പോഴേക്കും ഞാൻ നാടുവിട്ടുപോകുമെന്നു വീട്ടിൽ പറയുമായിരുന്നു. ഒരു സ്ഥലത്തു പോകുക എന്ന ആഗ്രഹമാണ് ഉണ്ടായിരുന്നത്. അതു ബൈക്കിൽ പോകണമെന്നില്ല. പോകുന്ന സ്ഥലത്ത് ഒരു മാസം താമസിക്കുക. ജോലി ചെയ്യുക. അവിടത്തെ കാര്യങ്ങളൊക്കെ മനസിലാക്കുക എന്നതായിരുന്നു മനസിലെ മോഹം.
നാഗാലാൻഡിലെ ഹോൺബിൽ ഫെസ്റ്റിനെപ്പറ്റി നാഷണൽ ജ്യോഗ്രഫിക് ട്രാവൽ മാസികയിൽ വായിച്ചിട്ടുണ്ട്. അപ്പോൾ മുതൽ തോന്നിയ ആഗ്രഹമാണ് ഫെസ്റ്റ് കാണണമെന്നത്. ഡോക്യുമെന്ററി ഫിലിം മേക്കറായ തൃശൂർ സ്വദേശി സതീഷേട്ടൻ ഫെസ്റ്റിവൽ ഷൂട്ടുചെയ്യാൻ ബൈക്കിൽ പോകുന്നു എന്നറിഞ്ഞപ്പോൾ ബൈക്കോടിച്ചുതന്നെ പോകാം എന്നു തീരുമാനിക്കുകയായിരുന്നു. മുമ്പു ഗോവയിലേക്കും ധനുഷ്‌കോടിയിലേക്കും ഒറ്റയ്ക്കു ബൈക്കോടിച്ചു പോയതിന്റെ ആത്മവിശ്വാസവും ഈ യാത്രയിൽ കൈമുതലായുണ്ടായിരുന്നു.
- സ്ത്രീകൾ ഒറ്റയ്ക്കു യാത്രചെയ്താൽ തുറിച്ചുനോക്കുന്ന നാടാണു നമ്മുടേത്. അത്തരത്തിൽ എന്തെങ്കിലും പ്രശ്‌നം...
യാത്ര മാഗസിനിൽ സ്ത്രീകൾ യാത്രചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന നിലയിൽ ഒരു ലേഖനം കണ്ടിരുന്നു. അതുകണ്ടാൽ ഒരച്ഛനും അമ്മയും പെൺകുട്ടികളെ ഒരു യാത്രയ്ക്കും വിടില്ല എന്നതുറപ്പാണ്. പക്ഷേ, പെൺകുട്ടികൾക്ക് യാത്ര ചെയ്യാൻ ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് ഇന്ത്യയെന്നാണ് എന്റെ യാത്രകൾ എന്നെ പഠിപ്പിച്ചിട്ടുള്ളത്. ഒരു പ്രശ്‌നവുമില്ലാതെ ഇവിടെ യാത്രചെയ്യാം.
കേരളത്തിന്റെ അതിർത്തി കടന്നാൽ നമുക്കു മനസിലാക്കാം സമീപനത്തിന്റെ വ്യത്യാസം. ഒരാൾപോലും നമ്മെ തുറിച്ചുനോക്കുകയോ മോശമായി നോക്കുകയോ സമീപിക്കുകയോ മോശമായി സംസാരിക്കുകയോ ഉണ്ടാകില്ല. പെൺകുട്ടി തനിച്ചോ പെൺകുട്ടികളുടെ സംഘമോ യാത്രചെയ്താൽ അവർക്കെല്ലാം അത്ഭുതമായി തോന്നും. പേടിയില്ലേ ഈ കുട്ടികൾക്ക്, വീട്ടുകാരൊക്കെ സമ്മതിച്ചോ എന്നാകും ചോദ്യം.
സാധാരണഗതിയിൽ ആരും മോശമായി പെരുമാറില്ല. പത്തുശതമാനം സാധ്യത മാത്രമേ ഇത്തരത്തിൽ അപമര്യാദയായുള്ള പെരുമാറ്റങ്ങൾക്കുള്ളൂ. എന്റെ അഭിപ്രായത്തിൽ യാത്രയുടെ 110 ശതമാനവും സുരക്ഷിതമാണ്. അത്തരത്തിൽ ഒരു അനുഭവം ഈ യാത്രയിൽ എനിക്ക് ഉണ്ടായിട്ടില്ല.
യാത്രയിലെ ആർട്ടിക്കിൾ കണ്ടപ്പോൾ ഞാൻ വിചാരിച്ചിരുന്നു ഒരെണ്ണം എഴുതണമെന്ന്. കാരണം ഒരുപാട് പെൺകുട്ടികളുടെ യാത്രാമോഹങ്ങൾ നശിപ്പിക്കുന്ന ഒന്നായിരുന്നു ആ ലേഖനം. പാടത്തും വഴിയരികിലും കടത്തിണ്ണയിലുമൊക്കെ കിടന്നിട്ടാണ് ഞാൻ യാത്രചെയ്തത്. അല്ലാതെ ഒരു സ്ഥലത്തും ഹോട്ടലിൽ മുറിയെടുത്തില്ല.
ഒരിടത്തുമാത്രം പഞ്ചാബി ധാബയിൽ മുറിയെടുത്തു. ലോറി ഡ്രൈവർമാർ വന്നു താമസിക്കുന്ന സ്ഥലമായിരുന്നു അത്. പക്ഷേ, ഞങ്ങൾ ചെന്ന ദിവസം അവിടത്തെ ജീവനക്കാർ വളരെയേറെ ശ്രദ്ധയാണ് ഞങ്ങൾക്കു തന്നത്. അന്നു തങ്ങാനെത്തിയ ലോറി ഡ്രൈവർമാരോട് അവിടെ പെൺകുട്ടികളുണ്ട്. അതിനാൽ ലോറിയിൽ തന്നെ കഴിയണമെന്നു പറഞ്ഞുവിടുകയായിരുന്നു. അത്രത്തോളം ശ്രദ്ധയും സുരക്ഷിതത്വവുമാണ് അവിടങ്ങളിൽ നിന്നു ലഭിച്ചത്. ഇങ്ങനെ തന്നെയാണ് ഇന്ത്യയിലെ മിക്കയിടങ്ങളിലും പെൺകുട്ടികളോടുള്ള ഇടപെടൽ. അതിനാൽ യാത്രചെയ്യുന്നതിന് പെൺകുട്ടികൾക്ക് പേടിക്കേണ്ട കാര്യമില്ല. ആ ആർട്ടിക്കിൾ എഴുതിയ ആൾ ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടുണ്ടോ എന്നു തന്നെ സംശയമാണ് വായിച്ചപ്പോൾ തോന്നിയത്.
- ബൈക്കു യാത്രയുടെ ഹരം പ്രേക്ഷകരിലെത്തിച്ച 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി'യുടെ സ്വാധീനം...
പലരും ചോദിച്ചു. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രം കണ്ടിട്ട് അതിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണോ യാത്രയെന്ന്. ഫേസ്‌ബുക്കിൽ ഒരു കമന്റ് കണ്ടിരുന്നു. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി കണ്ടശേഷം അതുപോലെ ഒരു യാത്ര ചയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. നീയത് സാധിച്ചല്ലോ എന്ന്. കൊഹിമയിൽ വച്ച് മലയാളികളെ കാണുമ്പോഴും ചോദിച്ചത് അതേ ചോദ്യമാണ്. സത്യത്തിൽ ആ സിനിമ ഇതുവരെ ഞാൻ കണ്ടിട്ടില്ല.
- നാഗാലാൻഡ് യാത്രയ്ക്കിടെ കണ്ട കാഴ്ചകളെയും അനുഭവങ്ങളെയുംപറ്റി...
നവംബർ 14നാരംഭിച്ച യാത്ര മൂന്നുദിവസം മുമ്പ് അവസാനിപ്പിക്കുമ്പോഴേക്കും പത്തുസംസ്ഥാനങ്ങൾ താണ്ടിയിരുന്നു. കൊച്ചു കേരളത്തിൽ തുടങ്ങി തമിഴ്‌നാട്, കർണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡിഷ, പശ്ചിമ ബംഗാൾ, അസം, നാഗാലാൻഡിൽ എത്തി. അവിടെ നിന്ന് അരുണാചൽ പ്രദേശിലേക്കും പോയി.
ബൈക്കിൽ യാത്രചെയ്യുമ്പോൾ പല കാലാവസ്ഥകളാണ് നമ്മുടെ ശരീരത്തിൽ നേരിട്ട് അനുഭവപ്പെടുക. ചാറ്റൽ മഴയും വെയിലും മഞ്ഞുമൊക്കെ നമ്മളെ മാറിമാറിത്തഴുകി കടന്നുപോകും. കേരളത്തിൽ നിന്ന് ചാറ്റൽമഴയും തമിഴ്‌നാട്ടിൽ നിന്ന് നല്ല മഴയുംകിട്ടി. പിന്നീട് വരണ്ടുതുടങ്ങുകയും ചെയ്തു. ആന്ധ്രാപ്രദേശിലെത്തിയപ്പോൾ ചൂടായിത്തുടങ്ങി. ഒഡിഷയിൽ ചൂടുകൂടുകയും ചെയ്തു. പിന്നീടങ്ങോട്ട് തണുപ്പായി. കൊഹിമ എത്തിയപ്പോൾ 10 ഡിഗ്രിയായിരുന്നു താപനില. സെപ്റ്റംബർ-ഒക്ടോബർ-നവംബർ മാസങ്ങളാണ് യാത്രയ്ക്ക് ഏറ്റവും നല്ല സമയം.
പല കാലാവസ്ഥകൾ മാത്രമല്ല, സംസ്‌കാരവും ജീവിതരീതിയും ഭക്ഷണ ശീലങ്ങളുമൊക്കെ മാറിമാറിപ്പോകുന്നത് നേരിട്ടറിയാനും ബൈക്ക് യാത്രയാണ് നല്ലത്. ട്രെയിനിലായിരുന്നു യാത്രയെങ്കിൽ ഇത്തരം അനുഭവങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ല. സ്ഥിരം ചായയും ഭക്ഷണക്രമവുമൊക്കെയാണ് ട്രെയിനിൽ. എന്നാൽ, പ്രദേശങ്ങൾ മാറുന്നതോടെ ഭക്ഷണരീതിയും മറ്റും മാറുന്നത് ആസ്വദിക്കണമെങ്കിൽ ബൈക്ക് യാത്ര തന്നെയാണ് നല്ലത്.
ഒഡീഷയിലെത്തിയപ്പോൾ ഇഡലിയുടെ കൂട്ടത്തിൽ ജിലേബി കൊണ്ടുതന്നത് ഏറെ കൗതുകമായിത്തോന്നി. വിളമ്പുന്ന സാധനങ്ങൾ, ആൾക്കാരുടെ രീതി, വസ്ത്രധാരണം എന്നിവയെല്ലാം മാറിമാറി വരുമ്പോൾ തോന്നുക പല സംസ്‌കാരങ്ങളുടെ ഉള്ളിലൂടെ നമ്മൾ കടന്നുപോകുന്നതായാണ്. വടക്കോട്ടു പോകുന്തോറും വസ്ത്രധാരണത്തിൽ നിറങ്ങൾ കൂടിവരുമെന്നതാണ് മറ്റൊരു പ്രത്യേകത. ഒഡിഷയിലെ വേഷവിധാനങ്ങളാണ് ഏറെ വർണങ്ങൾ ചാലിച്ചത്. ഭാഷ, വേഷം, സംസ്‌കാരം എന്നിവയെല്ലാം മനസിലാക്കി മുന്നോട്ടുപോകുന്നത് വലിയ അനുഭവം തന്നെയാണ്.
ആതിഥ്യമര്യാദയിൽ നാഗാലാൻഡിലെ ജനങ്ങളെ കഴിഞ്ഞിട്ടേ മറ്റുള്ളവർക്കു സ്ഥാനമുള്ളു. ആതിഥ്യമര്യാദ അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അതിഷ്ടപ്പെട്ടിട്ടില്ലെങ്കിൽ സംസ്‌കാരത്തെ ചോദ്യംചെയ്യുമ്പോലെയാണ് അവർക്ക് അതനുഭവപ്പെടുക.
രണ്ടു ബൈക്കും രണ്ടുപേരുമായി ആയിരുന്നു തൃശൂരിൽ നിന്ന് യാത്ര തുടങ്ങിയത്. ഹൈദരാബാദിൽവച്ച് പരിചയക്കാരിയായ പെൺകുട്ടി ഒപ്പം കൂടി. രണ്ടുദിവസത്തേയ്‌ക്കെന്നായിരുന്നു അവൾ പറഞ്ഞിരുന്നത്. പക്ഷേ, യാത്രയുടെ ത്രില്ലിൽ അവളും യാത്രാവസാനംവരെ എന്റെ ബൈക്കിൽ ഒപ്പം കൂടി.
കൊഹിമയിൽ സതീഷേട്ടന്റെ ബൈക്കിന് ചെറിയൊരു അപകടം പറ്റി. യാത്ര മുഴുമിക്കാനാകാതെ സതീഷേട്ടൻ തിരികെപ്പോകുകയും ചെയ്തു. അപ്പോൾ ഞങ്ങൾ രണ്ടു പെൺകുട്ടികൾ മാത്രമായി തവാങ്ങിലേക്കു പോയി. അരുണാചൽ പ്രദേശിലെ തവാങ്ങിലേക്കുള്ള യാത്രയായിരുന്നു ഏറ്റവും ആവേശം പകർന്നത്. വഴി കണ്ടുപിടിക്കലൊന്നും യാത്രയുടെ ഒരുഘട്ടത്തിലും ബുദ്ധിമുട്ടായി തോന്നിയില്ല. സംശയമെന്തെങ്കിലും തോന്നിയാൽ നാട്ടുകാരോടും ചോദിക്കാമല്ലോ. ഒരു ഭാഗത്ത് അതിഭീകര ഗർത്തവും മറുഭാഗത്ത് വന്യസുന്ദരമായ കാഴ്ചകളും. തവാങ്ങിലേക്കുള്ള യാത്ര പകർന്ന അനുഭൂതി മറക്കാനാകില്ല.
- ഫോട്ടോ പകർത്തുന്നതിനിടെ ടാങ്കർ ലോറിയിൽവച്ച് മൊബൈൽ ഫോൺ നഷ്ടമായ കഥ...
ബോംഡില്ലയിൽ ബൈക്കിൽ യാത്രചെയ്യുന്നത് പട്ടാളക്കാർ തടഞ്ഞു. ടാക്‌സി വിളിച്ചു പോകാൻ നിർദ്ദേശിച്ചു. അങ്ങോട്ടു ടാക്‌സിയിൽ പോയി. നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തെ മടങ്ങേണ്ടിയിരുന്നതിനാൽ തിരിച്ചുള്ള വാഹനത്തിന് ബുക്കുചെയ്യാനായില്ല. പെട്രോൾ ബങ്കിനടുത്തുനിന്നു ടാങ്കർ ലോറിയിൽ കയറി തിരിച്ചുവന്നു. കൈയിലുണ്ടായിരുന്ന ഒരു ഫോണിൽ ഫോട്ടോയെടുത്തപ്പോ മറ്റേ ഫോൺ താഴെപ്പോയത് അറിഞ്ഞു. പകർത്തുന്ന ദൃശ്യത്തിന്റെ മനോഹാരിതയിൽ തൽക്കാലം ഇക്കാര്യം മറന്നു. ഫോൺ ലോറിയിൽ തന്നെ വീണിട്ടുണ്ടാകും എന്നും കരുതി. എന്നാൽ ലോറിയുടെ ഗിയർ ബോക്‌സിനുള്ളിലൂടെ ഫോൺ പുറത്തേക്കു പോയ വിവരം അറിഞ്ഞത് പിന്നീടാണ്.
- വിഷമിപ്പിച്ച കാഴ്ചകളെപ്പറ്റി...
ക്വാറികൾ നാടിനെ ഇല്ലാണ്ടാക്കി തീർക്കുന്നത് യാത്രയിൽ പലപ്പോഴും വ്യക്തമായി കാണാനായി. ക്വാറികൾ മാത്രമല്ല, നിർമ്മാണപ്രവർത്തനങ്ങളും നാടിന്റെ വേരറുക്കുന്നത് കാണാനായി. ഒരിടത്ത് ക്വാറികളെങ്കിൽ മറ്റൊരിടത്ത് റോഡുപണിയും മേൽപാലം നിർമ്മാണവുമെല്ലാമാണ് വില്ലന്മാർ. പ്രധാന നഗരങ്ങളെല്ലാം ഇപ്പോഴും നിർമ്മാണത്തിലിരിക്കുകയാണ്. മേൽപാലം പണികൾ പൂർണമായി തീർത്ത ഒരു നഗരവുമില്ല. എന്നാൽ പണി തീർത്ത സ്ഥലങ്ങളിൽ ഗതാഗത തടസ്സത്തിന് കുറവുമില്ല.
ആവശ്യമില്ലാത്തയിടങ്ങളിൽപ്പോലും മേൽപ്പാലങ്ങൾ പണിഞ്ഞിരിക്കുകയാണ്. ചിലയിടങ്ങളിൽ വയലിന്റെ മുകളിൽകൂടിയൊക്കെയാണ് മേൽപ്പാലം നിർമ്മിച്ചിരിക്കുന്നത്. പ്രകൃതിയെ നശിപ്പിച്ചുള്ള നിർമ്മാണങ്ങളുടെ കാഴ്ച മാത്രമേ ഇനി കാണാനാകൂ എന്ന തരത്തിലായി കാര്യങ്ങൾ..
അപകടത്തെത്തുടർന്ന് ഹോൺബിൽ ഡോക്യുമെന്റേഷന് സതീേഷട്ടന് കഴിഞ്ഞില്ലെന്നതും വിഷമമായി. അപകടത്തിൽ അദ്ദേഹത്തിന്റെ ക്യാമറയ്ക്കും കേടുപറ്റി.
- വീടിനെയും വീട്ടുകാരെയും കുറിച്ച്...
സ്വന്തം സ്ഥലം കണ്ണൂരാണ്. ചെമ്പേരി. ഇപ്പോൾ താമസം തൃശൂർ പൂങ്കുന്നത്ത്. പീച്ചി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് ഫെലോ. അച്ഛൻ അഗസ്റ്റ്യൻ മാന്യത്ത് കർഷകനാണ്. അമ്മ സഹജമ്മ വീട്ടിലെ കാര്യങ്ങൾ നോക്കുന്നു. രണ്ടുചേട്ടന്മാർ. മൂത്തയാൾ ജിയോ കണ്ണൂരിൽ ബിസിനസാണ്. രണ്ടാമത്തെ ചേട്ടൻ ജിനോ ജർമനിയിലാണ്.
വണ്ടിയോടിക്കാൻ പഠിപ്പിച്ചത് അപ്പായിയാണ് (അച്ഛൻ). ഹൈസ്‌കൂൾ ക്ലാസിൽ വച്ചുതന്നെ വീട്ടിലുണ്ടായിരുന്ന എൽഎംഎൽ വെസ്പ ഓടിക്കാൻ പഠിച്ചു. 'പെൺകുട്ടിയായതിനാൽ അതു ചെയ്യരുത് ഇത് ചെയ്യരുത്' എന്ന തരത്തിൽ വിലക്കുകളൊന്നും വീട്ടിൽ ഇല്ലായിരുന്നു. ആവശ്യത്തിന് സ്വാതന്ത്ര്യം വീട്ടിൽ ലഭിച്ചിരുന്നു. തരുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യില്ല എന്നും വീട്ടുകാർക്കു വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം തകർക്കാതെ കാത്തുസൂക്ഷിച്ചതാണ് സമ്മർദമേതുമില്ലാതെ ഇത്തരമൊരു യാത്രചെയ്യാൻ എന്നെ സഹായിച്ചത്.
ഒരുപാട് നിഷ്‌കർഷകൾ വച്ച് ഒരു ഭാരമായി മാറി ഒന്നിനും കൊള്ളാത്ത പെൺകുട്ടിയായി എന്നെ എന്റെ വീട്ടുകാർ മാറ്റിയില്ല. എല്ലാ പെൺകുട്ടികളുടെയും ജീവിതം സന്തോഷകരവും സമാധാനപരവും സൗന്ദര്യപൂർണവും ആകുന്നത് വീട്ടിൽ നിന്നാണ്. വീട്ടിലെ സാഹചര്യമാണ് ഒരു പെൺകുട്ടിയുടെ ജീവിതം നല്ലതാണോ അല്ലയോ എന്നു തീരുമാനിക്കുന്നത്. ഈ യാത്ര പൂർത്തീകരിക്കാൻ സഹായിച്ചതിനു പിന്നിൽ എന്റെ വീട്ടിലെ എല്ലാവരുടെയും പൂർണ പിന്തുണയുണ്ടായിരുന്നു.
യാത്രയ്ക്ക് ഏറെ സഹായിച്ച മറ്റൊരാളെക്കുറിച്ചും പറയാതെ വയ്യ. എന്റെ സ്വന്തം ഹോണ്ട യുണികോൺ ബൈക്ക്. ഒറ്റക്കൊമ്പൻ എന്നു ഞാൻ വിളിക്കുന്ന ഈ 2006 മോഡൽ ബൈക്കില്ലായിരുന്നുവെങ്കിൽ പൂർണ ആരോഗ്യത്തോടെ ഈ യാത്ര മുഴുമിപ്പിക്കാൻ പറ്റുമായിരുന്നില്ല. പശ്ചിമ ബംഗാളിലെ മോശം റോഡുകളിലൂടെ ബുള്ളറ്റൊഴികെ ഏതു വണ്ടിയോടിച്ചാലും ആരോഗ്യത്തിനു ഹാനികരമാകുമെന്നുറപ്പാണ്. എന്നാൽ, എന്റെ ബൈക്ക് ഒരു അല്ലലുമില്ലാതെ ആ കടമ്പ കടക്കാൻ എന്നെ സഹായിച്ചു. യാത്രയ്ക്കിടെ ഒരു പ്രശ്‌നവും ഈ ഒറ്റക്കൊമ്പൻ ഉണ്ടാക്കിയില്ല. പുതിയ മോഡലുകൾക്ക് ഇത്രയും സ്മൂത്തായി റൈഡു നടത്താനാകുമോ എന്നതു സംശയമാണ്.
- ഒരു സാഹസിക യാത്ര കഴിഞ്ഞു. ഇനി...
നവംബർ 14നാണ് നാഗാലാൻഡിലേക്കു യാത്ര തുടങ്ങിയത്. ഡിസംബർ 18ന് തിരിച്ചെത്തി. ദിമാപുരിൽനിന്ന് ട്രെയിനിൽ വണ്ടി തിരിച്ചുകയറ്റി വിടുകയായിരുന്നു. ക്രിസ്മസിനു മുമ്പ് തിരിച്ചെത്തണമെന്ന ആഗ്രഹവും ഈ തീരുമാനത്തിനുപിന്നിൽ ഉണ്ടായിരുന്നു. നാഗാലാൻഡുവരെയുള്ള ഏതാണ്ട് 4290 കിലോമീറ്ററും പിന്നീട് തവാങ്ങിലേക്കുള്ള ദൂരവുമൊക്കെച്ചേർത്ത് അയ്യായിരത്തോളം കിലോമീറ്ററിലായിരുന്നു ബൈക്ക് യാത്ര.
അടുത്ത യാത്രയ്ക്ക് മനസു പറയുന്നതിങ്ങനെയാണ്; പ്രാദേശിക ഗതാഗതസംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ബസിനും ലോറിക്കുമൊക്കെ കൈകാണിച്ച് അതിൽ കയറി പോകുന്നിടത്തോളം ദൂരം സഞ്ചരിക്കുക - ലെസ്‌ലി പറഞ്ഞുനിർത്തി.