ന്യൂഡൽഹി: സെലബ്രിറ്റികളെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതു കൊണ്ട് നാട്ടുകാർക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടോ? രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പില്ലാതെ ഏവരും ചേർന്ന് നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ സഭയിലെ പ്രകടനം പരിശോധിച്ചാൽ ഇങ്ങനെ നോമിനേറ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കാൻ സമയമായെന്ന കാര്യം വ്യക്തമാകും. സ്വന്തം ഫണ്ട് പൊതുനന്മയ്ക്കായി വിനിയോഗിക്കുന്നില്ല എന്നത് മാത്രമല്ല, സഭയിൽ ഇടപെടിൽ നടത്തുന്ന കാര്യത്തിലും ഇവർ വളരെ പിന്നിലാണ്. ക്രിക്കറ്റിലും സിനിമയിലും സൂപ്പറാണെങ്കിലും രാജ്യസഭയിൽ ഇരുവരും പൂർണ്ണ പരാജയമാണ്.

രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവരിൽ ഏറ്റവും മോശം പ്രകടനം ഇവർ രണ്ടുപേരുടേതുമാണ്. ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നു. ഇരുവർക്കും ആറു ശതമാനത്തിൽ താഴെയാണ് ഹാജർനില. മൂന്നുവർഷമായിട്ടും രേഖ സഭയിൽ വായ് തുറന്നിട്ടില്ല. ചർച്ചയിൽ പങ്കെടുക്കുകയോ ഒരു ചോദ്യംപോലും ചോദിക്കുകയോ ചെയ്തിട്ടില്ല. ഒരു ചർച്ചയിലും പങ്കെടുക്കാത്ത സചിൻ ഏഴുചോദ്യം ചോദിച്ചുവന്നത് തന്നെ വലിയ കാര്യമായി. ജാവേദ് അക്തറാണ് മോശം പ്രകടനത്തിൽ മൂന്നാം സ്ഥാനത്ത്.

യുപിഎ സർക്കാറിന്റെ കാലത്ത് 2012 ഏപ്രിൽ 27നാണ് സചിനും രേഖയും രാജ്യസഭാംഗങ്ങളായത്. സച്ചിന് 5.5 ശതമാനം ഹാജറും രേഖക്ക് 5.1 ശതമാനം ഹാജറുമാണുള്ളത്. സചിനോടൊപ്പം നാമനിർദ്ദേശം ചെയ്യപ്പെട്ട വനിതാവ്യവസായി അനു ആഗ സഭയിൽ കൃത്യമായി ഹാജരാകുകയും ചർച്ചകളിൽ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു. സാമ്പത്തികവിദഗ്ധൻ ബാൽചന്ദ്ര മുഞ്ചേക്കറാണ് ഏറ്റവും കൃത്യമായി സഭയിൽ വരുന്നയാൾ, 89.10 ശതമാനം ഹാജർ.

ചോദ്യം ചോദിച്ചതിലും (272) ചർച്ചയിൽ പങ്കെടുത്തതിലും ഇദ്ദേഹമാണ് മുന്നിൽ. 178 ചോദ്യം ചോദിച്ച മണിശങ്കർ അയ്യരാണ് രണ്ടാമത്. പ്രാദേശിക വികസന ഫണ്ട് ഏറ്റവും കൂടുതൽ ചെലവഴിച്ചതും ബാൽചന്ദ്ര മുഞ്ചേക്കറാണ്്; 28.03 കോടി രൂപ. മണിശങ്കർ അയ്യർ 27.13 കോടി രൂപ ചെലവാക്കി. സചിൻ 14.95 കോടി രൂപയുടെ പദ്ധതികൾക്ക് ശിപാർശ നൽകി.

രേഖയെ കൂടാതെ മുൻ അറ്റോണി ജനറൽ കെ. പരാശരൻ, അനു ആഗ, നടിയും ഗായികയുമായ ബി. ജയശ്രീ, ജാവേദ് അക്തർ എന്നിവർ ഒരു ചോദ്യംപോലും ചോദിച്ചില്ല. ജയശ്രീ ഒരു ചർച്ചയിൽപോലും പങ്കെടുത്തിട്ടില്ല. രാജ്യസഭയിൽ ഇപ്പോൾ നാമനിർദ്ദേശം ചെയ്യപ്പെട്ട 10 അംഗങ്ങളാണുള്ളത്. ഇതിൽ ഭൂരിപക്ഷവും മോശം പ്രകടനമാണ് കാഴ്ചവച്ചതെന്നാണ് പുറത്തുവന്ന റഇപ്പോർട്ടിൽ വനിന്നും വ്യക്തമാകുന്നത്.

പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലേക്ക് 12 പേരാണ് നാമനിർദ്ദേശം ചെയ്യപ്പെട്ട് എത്തുന്നത്. അതാത്കാലത്തെ കേന്ദ്രസർക്കാരുകളുടെ ശുപാർശ അനുസരിച്ച് രാഷ്ട്രപതിയാണ് ഇവരെ നാമനിർദ്ദേശം ചെയ്യുന്നത്. ഇത്തരത്തിൽ എത്തിയ 10 പേർ സഭയിൽ മോശം പ്രകടനമാണ് നടത്തുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇതിൽ നാലുപേർ 2010 ലും അഞ്ചുപേർ 2012ലും ഒരാൾ 2014ലും ആണ് രാജ്യസഭയിൽ എത്തിയത്.