ഇസ്ലാമാബാദ്: ലഷ്കറെ തൊയ്ബ ഭീകരൻ സാക്കിർ റഹ്‌മാൻ ലഖ്‌വിക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ച് പാക്കിസ്ഥാൻ കോടതി. മുംബൈയിൽ 2008ൽ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് സാക്കിർ റഹ്‌മാൻ ലഖ്‌വി. പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതിയാണ് ലഖ്‌വിക്ക് തടവുശിക്ഷ വിധിച്ചതെന്ന് പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ മാസം രണ്ടിനാണ് ഭീകരവാദവുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ പേരിൽ ലഖ്‌വി അറസ്റ്റ് ചെയ്യപ്പെട്ടത്. ലാഹോറിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ പഞ്ചാബ് പ്രവിശ്യയിലെ ഭീകരവിരുദ്ധ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ നടത്തിയിരുന്ന ആശുപത്രിയുടെ പേരിൽ ഭീകരവാദത്തിന് ധനസമാഹരണം നടത്തിയിരുന്നെന്ന് അന്വേഷണ ഏജൻസി വെളിപ്പെടുത്തിരുന്നു. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനു ശേഷം റാവൽപിണ്ടിയിലെ ജയിലിൽനിന്ന് 2015-ലാണ്‌ ലഖ്‌വി ജാമ്യത്തിൽ ഇറങ്ങിയത്. പിന്നീട് ഇയാളെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ജയിലിൽ കിടന്ന കാലത്തടക്കം ഇയാൾ ലഷ്കറെ തൊയ്ബയുടെ പ്രവർത്തനങ്ങൾ നയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിരുന്നതായാണ് കരുതപ്പെട്ടിരുന്നത്.

മുംബൈയിൽ 2008-ലെ ഭീകരാക്രമണത്തെ തുടർന്ന് ലഖ്‌വിയെ ആഗോള ഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരുന്നു. ലഷ്കറെ തൊയ്ബയെ കൂടാതെ അൽ ഖ്വയ് ‌ദയുമായും ഇയാൾ ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നതായും യു.എൻ. കണ്ടെത്തിയിരുന്നു. മുംബൈ ഭീകരാക്രമണത്തിനുശേഷം യുഎൻ സമിതി ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ലഖ്‌വി 2015 മുതൽ ജാമ്യത്തിലായിരുന്നു. റാവൽപിണ്ടിയിലെ ജയിലിൽ കഴിയുമ്പോഴാണ് ലഖ്‌വി ഒരു കുഞ്ഞിന്റെ പിതാവായത്. ലഖ്‌വിയുടെ ജയിൽവാസം തട്ടിപ്പാണെന്ന ആരോപണം ഇന്ത്യ ഉയർത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലെ പഞ്ചാബിൽ ലഖ്‌വിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്. പഞ്ചാബ് ഭീകരവിരുദ്ധ വിഭാഗമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾ തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കുകയും അതുപയോഗിച്ച് ഒരു ആശുപത്രി നടത്തുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

സാക്കിയുർ റഹ്മാൻ ലഖ്‌വിക്ക് പ്രതിമാസ ചെലവിനായി 1.5 ലക്ഷം പാക്കിസ്ഥാൻ രൂപ നൽകാൻ പാക്കിസ്ഥാന് യുഎൻ രക്ഷാകൗൺസിൽ ഉപരോധ സമിതി അനുമതി നൽകിയിരുന്നു. ഭക്ഷണത്തിന് 50,000 രൂപ, മരുന്നിന് 45,000 രൂപ, മറ്റ് ആവശ്യങ്ങൾക്ക് 20,000 രൂപ, അഭിഭാഷകഫീസ് 20,000 രൂപ ഗതാഗതത്തിന് 15,000 രൂപ എന്ന നിരക്കിലാണ് ലഖ്‌വിക്കു പാക്കിസ്ഥാൻ സർക്കാർ ധനസഹായം നൽകുന്നത്. യുഎൻ സമിതിക്ക് പാക്കിസ്ഥാനിലെ ഇമ്രാൻ ഖാൻ സർക്കാർ നൽകിയ അപേക്ഷ പരിഗണിച്ചാണ് അനുമതി നൽകിയിരിക്കുന്നത്.

മുംബൈ ആക്രമണത്തെ തുടർന്ന് ലഖ്‌വിയെ യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2008ൽ നടന്ന മുംബൈ ഭീകരാക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും 300ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാനിൽ നിന്നുള്ള 10 ലഷ്കറെ തൊയ്ബ ഭീകരരാണ് ആക്രമണം നടത്തിയത്. ആറ് വർഷത്തോളം പാക്കിസ്ഥാനിൽ തടവിൽ കഴിഞ്ഞ സാക്കിയുർ റഹ്മാൻ ലഖ്‌വി 2015ൽ ആണ് മോചിതനായത്.