ശ്രീനഗർ: കശ്മീരിലെ സൈനിക ഓഫീസർ ഉമർ ഫയാസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ലഷ്‌കർ ഇ തൊയ്ബ ഭീകരനെ സൈന്യം വധിച്ചു. കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇഷ്ഫാക് പദ്ദറെന്ന ഭീകരനെ വധിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും പൊലീസും ചേർന്ന് ലഷ്‌കർ ഭീകരന്റെ ഒളിത്താവളം വളഞ്ഞതോടെ ശക്തമായ വെടിവെപ്പുണ്ടായി. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിക്കാൻ സൈന്യത്തിന് കഴിഞ്ഞത്.

സൈനിക ഓഫീസർ ലഫ്റ്റനന്റ് ഉമർ ഫയാസിനെ കഴിഞ്ഞ മെയ് മാസത്തിൽ വധിച്ചതിന് പിന്നിൽ കൊല്ലപ്പെട്ട ഭീകരൻ ആയിരുന്നുവെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അവധിയിലായിരുന്ന സൈനിക ഓഫീസറെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്.

ദേഹമാസകലം വെടിയുണ്ടകൾ തറച്ച നിലയിൽ 22 കാരനായ സൈനിക ഓഫീസറുടെ മൃതദേഹം തൊട്ടടുത്ത ദിവസം ഷോപിയാനിൽ കണ്ടെത്തുകയായിരുന്നു. കശ്മീരിലെ ബാങ്കുകൾ കൊള്ളയടിച്ചതിന് പിന്നിലും പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിലും കൊല്ലപ്പെട്ട ഭീകരന് പങ്കുണ്ടെന്ന് സൈന്യം വ്യക്തമാക്കി. എ കെ 47 തോക്കുകളും നിരവധി വെടിയുണ്ടകളും ഭീകരന്റെ ഒളിത്താവളത്തിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.