തിരുവനന്തപുരം: മലപ്പുറത്ത് നടന്ന കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ കൂട്ടത്തല്ല് നടക്കുകയും, യൂണിയൻ സംസ്ഥാന സെക്രട്ടറി സി.നാരായണൻ ഉൾപ്പെടെ എട്ടു മാധ്യമ പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് സി.നാരായണൻ മറുപടി പറയുന്നതിനിടെയാണ് ചില അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തുവന്നത്.

കെയുഡബ്ല്യുജെ ഡൽഹി ഘടകവുമായി ബന്ധപ്പെട്ട അഴിമതി ആരോപണം റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു.മറ്റൊരു വിഭാഗം ഇതിനെ എതിർത്തു.അതോടെ വാക്കേറ്റം തുടങ്ങി.അതിനിടെ സംഘടനയെ അപമാനിക്കും വിധം സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചെന്ന് റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട രണ്ടുപേരും എതിർപ്പുമായി രംഗത്തെത്തി.

റിപ്പോർട്ടിൽ നിന്ന് തങ്ങളുടെ പേര് ഒഴിവാക്കണമെന്നായിരുന്നു അവരുടെ ആവശ്യം.ഏതായാലും ഈ സംഭവം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. യൂണിയൻ സമാപന സമ്മേളനത്തിലുണ്ടായ കൂട്ടത്തല്ല് ഒരുവിഭാഗത്തിന്റെ അട്ടിമറി ശ്രമമാണെന്ന ആരോപണവുമായി പത്രപ്രവർത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ കത്ത് പ്രചരിക്കുന്നു.

ഒരു പുനർവിചിന്തനത്തിന് സമയമായിരിക്കുന്നു എന്ന ആമുഖത്തോടെയാണ് കത്ത് തുടങ്ങുന്നത്.ആത്മപരിശോധന നടത്തേണ്ട സമയമായി എന്ന് വിളിച്ച് പറയുന്ന പ്രകടനങ്ങളാണ് മലപ്പുറം സമ്മേളനത്തിൽ ചില എറണാകുളം പ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടായത്.സ്ത്രീകളടക്കമുള്ള സമ്മേളന പ്രതിനിധികൾക്ക് മുന്നിൽ, മലയാള ഭാഷയിൽ തെറികളുടെ പട്ടികയിലേക്ക് പുതിയ വാക്കുകൾ സംഭാവന ചെയ്തുവെന്ന് മാത്രമല്ല, സമ്മേളന വേദിക്ക് മുന്നിൽ തലയിൽ തൂവാല കെട്ടി ഗൂണ്ടാശൈലിയിലുള്ള വെല്ലുവിളികളും കണ്ടു, ഒക്കെ എറണാകുളം പ്രസ്‌ക്ലബ്ബിന്റെ സംഭാവന ആണല്ലോയെന്ന് ഓർക്കുമ്പോൾ കോരിത്തരിക്കുന്നുവെന്നും കത്തിൽ ആമുഖമായി പറയുന്നു.

സമ്മേളനം അവസാനിക്കാൻ ഏതാനും മിനിറ്റുകൾ ബാക്കി നിൽക്കെയാണ് എറണാകുളം മുൻ ഭാരവാഹികളുടെയും നിലവിലെ ചില ഭാരവാഹികളുടെയും നേതൃത്വത്തിൽ സമ്മേളനം അലങ്കോലമാക്കിയത്.എറണാകുളത്ത് നിന്നുള്ള ആറംഗ സംഘത്തിന്റെ ആക്രോശത്തിനും തെറിവിളിക്കും അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അവരെ ജയിപ്പിച്ചുവിട്ട തങ്ങൾക്ക് കൂടി ഉത്തരവാദിത്വമുണ്ടെന്നും ഓർമ്മിപ്പിച്ചു കൊണ്ടാണ് ആത്മപരിശോധനയ്ക്കായി കത്തിൽ ആഹ്വാനം ചെയ്യുന്നത്.

സാമൂഹിക മാധ്യമങ്ങളിൽ എറണാകുളം പ്രസ് ക്ലബ്ബിനെ മോശക്കാരാക്കുന്ന തരത്തിൽ വാർത്തയും വീഡിയോയും വരാൻ ഇടയാക്കിയ വിധം സമ്മേളനം അലങ്കോലമാക്കിയത് എന്തിനെന്ന ചോദ്യവും കത്തിൽ ഉയർത്തുന്നു.ഗൂണ്ടകളെ പോലെ അദ്ധ്യക്ഷവേദിയിലേക്ക് ചാടിക്കയറുകയും, തല്ലാൻ ഒരുങ്ങിയതുമാണോ മാധ്യമ പ്രവർത്തനവും ട്രേഡ് യൂണിയൻ പാരമ്പര്യവുമെന്ന് ചോദ്യം.മുൻ ജില്ലാ സെക്രട്ടറി ഈ പ്രകടനം താൻ അധികാരത്തിൽ ഇരുന്നപ്പോൾ ഉപയോഗിച്ചിരുന്നെങ്കിൽ,എന്തെല്ലാം ആരോപണങ്ങളും അഴിമതിയും ഒഴിവാക്കാമായിരുന്നു.ഈ ധീരതയും വീര്യവും നേരത്തെ കാണിച്ചിരുന്നുവെങ്കിൽ എറണാകുളത്തെ ഒരു അംഗം കൊടുത്ത തിരഞ്ഞെടുപ്പ് വ്യവഹാരം ഒഴിവാക്കാമായിരുന്നു.യൂണിയൻ തിരഞ്ഞെടുപ്പിൽ എറണാകുളത്തെ ജനഹിതം ഒഴിവാക്കാൻ അട്ടമിറിക്കാൻ ശ്രമിച്ചവർക്ക് കിട്ടിയ നോക്കുകൂലിയല്ലേ തിരഞ്ഞെടുപ്പ് കേസെന്നും കത്തിൽ ചോദ്യം ഉന്നയിക്കുന്നു

സി.നാരായണനോടുള്ള വ്യക്തിവരോധം തീർക്കാനുള്ളതാണോ സംസ്ഥാന സമ്മേളനം? ജനറൽ സെക്രട്ടറിയുടെ മറുപടിയിൽ മുൻ ജില്ലാ കമ്മിററിയെ കുറിച്ച് എന്തെങ്കിലും ആരോപണങ്ങലോ, കുറ്റപ്പെടുത്തലുകളോ ഉണ്ടായിരുന്നെങ്കിൽ, മാന്യമായി സ്‌റ്റേജിൽ കയറി മൈക്കിൽ വിളിച്ച് പറയാമായിരുന്നില്ല? അംഗങ്ങൾ ഉന്നയിച്ച പ്രശ്‌നങ്ങൾക്ക് മറുപടിയാണല്ലോ ജനറൽ സെക്രട്ടറി പറഞ്ഞത്.നിങ്ങൾക്ക് സ്വന്തം ഭാഗം വിശദീകരിക്കാൻ അവസരമുണ്ടായിരിക്കെ എന്തിനായിരുന്നു നാണം കെട്ട പ്രവൃത്തികളെന്നും കത്തിൽ ചോദിക്കുന്നു.

ഇത്തരക്കാരെയൊക്കെ ഇനി ചുമക്കേണ്ടതുണ്ടോയെന്ന് അംഗങ്ങൽ തീരുമാനിക്കണം.അല്ലെങ്കിൽ ഇനിയുള്ള സമ്മേളനങ്ങളിൽ, നമ്മുടെ തലയിൽ മുണ്ടിട്ട് ചെവിയിൽ പഞ്ഞി തിരുകി പോകേണ്ടി വരും.സാമ്പത്തിക അഴിമതി കുഴിച്ചുമൂടാൻ ഭരണത്തുടർച്ച വേണം. അതിനുള്ള കുറുക്ക് വഴിയാണ് തിരഞ്ഞെടുപ്പ് അഴിമതി.എറണാകുളത്ത് ജനഹിതം അട്ടിമറിക്കാൻ ശ്രമിച്ച അതേ തന്ത്രം തന്നെ നിങ്ങൾ മലപ്പുറത്തും പയറ്റി.നിങ്ങളുടെ മുഖം മൂടി വലിച്ചുകീറപ്പെട്ടു. ഇനിയും നിങ്ങൾ അംഗങ്ങളെ അപമാനിക്കരുത് എന്ന അപേക്ഷയോടെയാണ് കത്ത് അവസാനിക്കുന്നത്..

കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ ഇതുവരെയുണ്ടാകാത്ത കടുത്ത തർക്കങ്ങൾക്കാണ് ഇക്കുറി പ്രതിനിധി സമ്മേളനം സാക്ഷ്യം വഹിച്ചത്.പ്രധാനമായും ഡൽഹി ഘടകത്തിലെ പണം തട്ടിപ്പും, അംഗത്തിനെതിരെ ഉണ്ടായ ജാതീയാധിക്ഷേപവുമാണ് ചർച്ചാവിഷമായത്.