- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലം മായ്ക്കാത്ത കത്തിൽ വിലാസം തെറ്റാതെ ഗുരു ശിഷ്യ ബന്ധം
പാലാ: മൂന്ന് പതിറ്റാണ്ട് മുമ്പ് താൻ അയച്ച കത്ത് ശിഷ്യൻ കാണിച്ചപ്പോൾ ഗുരുനാഥയ്ക്ക് അത്ഭുതം. ഗുരുശിഷ്യബന്ധത്തിന്റെ ഊഷ്മളത നിറഞ്ഞു നിന്ന കൂടിക്കാഴ്ചയായിരുന്നു അത്. റിട്ടയേർഡ് അദ്ധ്യാപികയായ സിസ്റ്റർ ജൂഡിറ്റ് കുട്ടിക്കാലത്ത് ശിഷ്യൻ ഡോ സംഗീത് രവീന്ദ്രന് എഴുതിയ കത്ത് ഒരു നിധിപോലെയാണ് സംഗീത് സൂക്ഷിച്ചു വച്ചിരിക്കുന്നത്.
സംഗീത് രവീന്ദ്രൻ കണ്ണാടിയുറുമ്പ് സെന്റ് ജോസഫ്സ് യു പി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി കത്തെഴുതിയത് തന്റെ പ്രിയപ്പെട്ട അദ്ധ്യാപിക സി ജൂഡിറ്റിനായിരുന്നു. കണ്ണാടിയുറുമ്പിൽ നിന്നും മണലുങ്കൽ സ്കൂളിലേയ്ക്ക് സ്ഥലം മാറിപ്പോയതിനെത്തുടർന്നായിരുന്നു സംഗീത് കത്തയച്ചത്. കത്തയച്ച് ഏതാനും നാൾ കഴിഞ്ഞ് സംഗീതിന്റെ പേരിൽ ഒരു ഇൻലെന്റിൽ എഴുതിയ കത്ത് വന്നു. 1992 ഓഗസ്റ്റ് 17 ന് സിസ്റ്റർ ജൂഡിറ്റ് പ്രിയ ശിഷ്യൻ സംഗീതിനയച്ച കത്തയിരുന്നു അത്. സംഗീതിന് ജീവിതത്തിൽ ആദ്യമായി ലഭിച്ച കത്തും ഇതായിരുന്നു.
തന്നെ ഓർക്കുന്നതിന് നന്ദിയുണ്ടെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. സംഗീതിന്റെ കൈയക്ഷരം നന്നാക്കണമെന്നും കൈയക്ഷരത്തിൽ നിന്നും ഒരാളുടെ സ്വഭാവം മനസിലാക്കാമെന്നും സിസ്റ്റർ ജൂഡിറ്റ് കത്തിൽ പറയുന്നു. പഠിച്ച് നല്ല ഭാവിയിൽ എത്തണമെന്നും അന്നത്തെ അഞ്ചാം ക്ലാസുകാരനെ സിസ്റ്റർ ഓർമ്മിപ്പിക്കുന്നുണ്ട്. തുടർന്ന് വീട്ടിലെ വിശേഷങ്ങൾ ചോദിച്ച് തന്റെ വിശേഷങ്ങൾ പറഞ്ഞ് ഓണാശംസകളും നേർന്നാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. നിധിപോലെ കാത്തു സൂക്ഷിക്കുന്ന കത്തുമായിട്ടാണ് സംഗീത് സിസ്റ്റർ ജൂഡിറ്റിനെ കാണാൻ എത്തിയത്.
പാലക്കാട് പഴമ്പാലക്കോട് എസ് എം എം ഹൈസ്കൂൾ അദ്ധ്യാപകനായ സംഗീത് ഡോക്ടറേറ്റും നേടി. കവി കൂടിയായ സംഗീത് തയ്യാറാക്കിയ 'ഹൃദയസാക്ഷ്യം' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം തന്റെ പ്രിയപ്പെട്ട ഗുരുനാഥ നിർവ്വഹിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പാലാ പുലയന്നൂരിൽ സെറാഫിക് കോൺവെന്റിൽ സിസ്റ്റർ ജൂഡിറ്റ് വിശ്രമജീവിതം നയിക്കുകയാണെന്ന വിവരം ലഭിച്ചത്. അവിടെയെത്തി തന്റെ കൈയിൽ സൂക്ഷിച്ചിരിക്കുന്ന കത്ത് സിസ്റ്റർ ജൂഡിറ്റിനെ കാണിച്ചു. പഴയ സ്കൂൾ ജീവിതത്തെക്കുറിച്ചും ഒക്കെ സംസാരിച്ചു.
തുടർന്ന് സംഗീത് തയ്യാറാക്കിയ 'ഹൃദയസാക്ഷ്യം' കവിതാ സമാഹാരം സിസ്റ്റർ ജൂഡിറ്റിന് നൽകി ഗ്രന്ഥകാരനും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാനുമായ എബി ജെ ജോസ് പ്രകാശനം ചെയ്തു. സംഗീതിന്റെ ആദ്യ കവിതാ സമാഹാരം ഉറുമ്പുപാലം ആണ്. പിന്നീട് തന്റെ ശിഷ്യനെ അനുഗ്രഹിച്ചാണ് സിസ്റ്റർ ജൂഡിറ്റ് യാത്രയാക്കിയത്.