സ്വർഗത്തിൽച്ചെന്നാൽ അവിടെ കാത്തിരിക്കുന്ന 72 ഹൂറിമാരാണ് ഭീകര പ്രവർത്തനത്തിലേക്കിറങ്ങി ചാവേറുകളാകുന്നവരുടെ മനസ്സിലെ സ്വപ്നം. ഭൂമിയെ നരകമാക്കി മാറ്റുന്ന ഇവർ വിചിത്രമായ ഈ സ്വപ്‌നത്തിന്റെ പിന്നാലെയാണെന്ന് തെളിയിക്കുന്ന ഒരു കത്താണ് ഇപ്പോഴത്തെ ചർച്ച വിഷയം. ഇറാഖിൽ ചാവേറായി സ്വയം പൊട്ടിത്തെറിച്ച ഒരു സ്‌കൂൾ വിദ്യാർത്ഥി അവന്റെ മാതാപിതാക്കൾക്കെഴുതിയ കത്താണ് വൈറലായിരിക്കുന്നത്.

തന്നോട് ക്ഷമിക്കണമെന്ന ആമുഖത്തോടെയാണ് കത്താരംഭിക്കുന്നത്. താൻ മരിച്ചതോർത്ത് ദുഃഖിക്കരുത്. ശവസംസ്‌കാരച്ചടങ്ങുകളിൽ കറുത്ത വസ്ത്രം അണിയുകയും ചെയ്യരുത്. വിവാഹം കഴിക്കണമെന്ന് ഞാനാവശ്യപ്പെട്ടു. നിങ്ങളതിന് സമ്മതിച്ചില്ല. അതുകൊണ്ട് ദൈവം എനിക്കീ വഴി കാണിച്ചുതന്നു. സ്വർഗത്തിൽ 72 കന്യകമാർ എനിക്കായി കാത്തിരിക്കുന്നുണ്ട്-കത്തിൽ പറയുന്നു.

മൊസൂളിൽ കഴിഞ്ഞവർഷം ചാവേറായി പൊട്ടിത്തെറിയ അലാ അബ്ദൽ അക്കീദിയാണ് ഈ കത്തെഴുതിയിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് സൈനിക വിഭാഗത്തിൽനിന്നാണ് ഈ കത്ത് രക്ഷിതാക്കൾക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്. 15-ഓ 16-ഓ വയസ്സാണ് അക്കീദിക്കുണ്ടായിരുന്നത്. കഴിഞ്ഞ രണ്ടരവർഷത്തിനിടെ ഐസിസിലേക്ക് ചേർന്ന കൗമാരക്കാരിലൊരാളായിരുന്നു അക്കീദി.

ഈ കത്ത് അക്കീദിയുടെ മാതാപിതാക്കൾക്ക് കിട്ടിയിരുന്നില്ല. മൊസൂൡ സൈന്യം പിടിച്ചെടുത്ത ഐസിസ് ക്യാമ്പുകളിലൊന്നിൽനിന്നാണ് ഇത് സേനയ്ക്ക് ലഭിച്ചത്. ഇത്തരം വേറെയും കത്തുകൾ ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഐസിസിൽ ചാവേറായി ചേർന്ന വേറെയും ഭീകരരുടെ സ്വാനുഭവങ്ങൾ അടങ്ങിയ കത്തുകളും ഇക്കൂട്ടത്തിലുണ്ട്. എത്രത്തോളം തെറ്റിദ്ധരിപ്പിക്കപ്പെട്ടാണ് ഓരോരുത്തരും ഭീകര സംഘടനയിലെത്തുന്നതെന്ന് വെളിപ്പെടുത്തുന്നവയാണ് ഈ കത്തുകളൊക്കെ.

കൗമാരക്കാരെയാണ് ഐസിസ് കൂടുതലായും സംഘടനയിലേക്ക് ആകർഷിക്കുന്നത്. 72 ഹൂറിമാരെപ്പോലുള്ള തെറ്റിദ്ധാരണാജനകമായ കാര്യങ്ങളിലൂടെ പ്രലോഭിപ്പിച്ചും അവരെ വിടാതെ ഉപദേശിച്ചും ജിഹാദികളാക്കി മാറ്റുകയാണ് ചെയ്യുന്നത്. നൂറുകണക്കിന് യുവാക്കൾ ഇതേ രീതിയിൽ മൊസൂളിൽനിന്ന് ഐസിസിൽ ചേർന്നിട്ടുണ്ട്. ഇവരിൽപ്പലരും പിന്നീട് ചാവേറുകളായി പൊട്ടിത്തകരുകയും ചെയ്തു.