ന്യൂഡൽഹി: ഭൂമിയുടെ ആധാരരേഖകളെ ആധാർ കാർഡുമായി ബന്ധപ്പെടുത്താൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും എഴുതി എന്ന് പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് കേന്ദ്രസർക്കാർ. ഈ കത്തിനെതിരേ പൊലീസിൽ പരാതി നൽകിയതായും പ്രസ്സ് ഇൻർമേഷൻ ബ്യൂറോ ഡയറക്ടർ ജനറൽ ഫ്രാങ്ക് നെറോണ പറഞ്ഞു.

ഓഗസ്റ്റ് 14നകം ആധാരങ്ങൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് നിർദേശിച്ചുള്ള കത്താണ് പ്രചരിച്ചത്. ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ് മോഡേണൈസേഷൻ പദ്ധതിയുടെ ഭാഗമായി ആധാരങ്ങൾ ആധാർ നമ്പരുമായി ബന്ധിപ്പിക്കണമെന്നും കത്തിലുണ്ടായിരുന്നു. ആധാറുമായി ബന്ധിപ്പിക്കാത്തത് ബെനാമി ഇടപാടായി കണക്കാക്കുമെന്നും ഈ കത്തിലുണ്ട്.

ആദ്യഘട്ടമെന്ന നിലയിലാണ് കള്ളനോട്ടുകളെ പിടികൂടുന്നതെന്നും ഇതു കഴിഞ്ഞാൽ പിന്നെ കള്ളപ്പണം കുമിഞ്ഞുകൂടിയ റിയൽ എസ്റ്റേറ്റ് മേഖലയെയാണ് മോദി ലക്ഷ്യമിടുന്നതെന്നും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ തുടർച്ചയോളം എന്ന നിലയിലാണ് കത്തും പ്രചരിച്ചത്. ഏതെങ്കിലും ഭൂ ഉടമ ആധാർ നൽകിയില്ലെങ്കിൽ ആ ഭൂമി സർക്കാരിന്റേതായി മാറുന്ന തരത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ എന്ന വിധത്തിലായിരുന്നു പ്രചരിച്ച വാർത്ത.

1954 മുതലുള്ള എല്ലാ ആധാരങ്ങളും വരുന്ന ഓഗസ്റ്റ് 14നകം ആധാറുമായി ബന്ധിപ്പിക്കണമെന്നായിരുന്നു പ്രചരണം. ഇല്ലെങ്കിൽ ബിനാമി ഇടപാടാണെന്ന് കണക്കുകൂട്ടുമെന്നുമായിരുന്നു പ്രചരണം. എന്നാൽ ഇതെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.