- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൾക്ക് ബിരുദം നേടാൻ സഹായിക്കണം; കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് പാക്കിസ്ഥാനിൽ നിന്നൊരു കത്ത്; ഗൾഫിൽ കേന്ദ്രമൊരുക്കി സപ്ലിമെന്ററി പരീക്ഷ നടത്തി ബിരുദംനേടാൻ സഹായിക്കണമെന്ന് ആവശ്യം
തേഞ്ഞിപ്പാലം: എന്റെ മകൾക്ക് ബിരുദം നേടണം..പരീക്ഷയെഴുതണമെങ്കിൽ നിങ്ങളുടെ സഹായം വേണം.കഴിഞ്ഞ ദിവസമാണ് കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് വേറിട്ട ആവശ്യവുമായി ഒരു മെയിൽ ലഭിച്ചത്. കത്തിന്റെ ആവശ്യത്തെക്കാൾ ഏറെ അധികൃതരെ ഞെട്ടിച്ചത് മെയിൽ വന്ന സ്ഥലമാണ്.കാരണം അങ്ങ് പാക്കിസ്ഥാനിൽ നിന്നാണ് മെയിൽ ലഭിച്ചത്.ഇമാൻ അഹമ്മദ് എന്നയാളാണു സർവകലാശാലയിലേക്ക് ഇ -മെയിൽ അയച്ചത്.10 വർഷംമുൻപു കാലിക്കറ്റിന്റെ വിദൂരവിഭാഗം വഴി ബി.കോമിനു ചേർന്ന മകൾ ഗുൽജാനുവേണ്ടിയായിരുന്നു കത്ത്.
ഗൾഫിൽ കേന്ദ്രമൊരുക്കി സപ്ലിമെന്ററി പരീക്ഷ നടത്തി ബിരുദംനേടാൻ സഹായിക്കണമെന്നാണ് ഇമാൻ അഹമ്മദിന്റെ ആവശ്യം.കാലിക്കറ്റിലെ വിദൂരവിഭാഗത്തിനു ഗൾഫ് രാജ്യങ്ങളിൽ പഠനകേന്ദ്രങ്ങളുണ്ടായിരുന്ന സമയത്ത് 2011-ൽ യു.എ.ഇ.യിലെ റാസൽഖൈമ കേന്ദ്രത്തിലാണു ഗുൽജാൻ ചേർന്നത്. യു.എ.ഇ., ഖത്തർ എന്നിവിടങ്ങളിലായി 24 പഠനകേന്ദ്രങ്ങൾ സർവകലാശാലയ്ക്കുണ്ടായിരുന്നു. സർവകലാശാലാ അധികൃതരുടെ മേൽനോട്ടത്തിൽ പരീക്ഷകളും ഇവിടെ നടത്തിയിരുന്നു.
അധികാരപരിധിക്കുപുറത്ത് പഠനകേന്ദ്രങ്ങൾ നടത്താൻ പാടില്ലെന്ന യുജിസി. നിബന്ധന കർശനമാക്കിയതോടെ ആറുവർഷംമുൻപു കേന്ദ്രങ്ങളുമായുള്ള ബന്ധം സർവകലാശാല ഒഴിവാക്കി. കേരളത്തിൽനിന്നുള്ള പ്രവാസികളായിരുന്നു ഭൂരിഭാഗം വിദ്യാർത്ഥികളും. ഇവർക്കു പിന്നീട് നാട്ടിൽ പരീക്ഷാകേന്ദ്രങ്ങളൊരുക്കിയാണു പ്രശ്നം അവസാനിപ്പിച്ചത്.
ഗൾഫ് കേന്ദ്രങ്ങളിൽ മുമ്പുണ്ടായിരുന്ന പഠിതാക്കൾക്കു കോവിഡ് സാഹചര്യങ്ങൾ ഒതുങ്ങിയാൽ സർവകലാശാലാ കാമ്പസിൽ പരീക്ഷ നടത്താനാണു കഴിഞ്ഞമാസം ചേർന്ന സിൻഡിക്കേറ്റ് തീരുമാനിച്ചത്. ഗുൽജാനും വേണമെങ്കിൽ ഈ അവസരം പ്രയോജനപ്പെടുത്താനാകും. പക്ഷേ, അതിനവർ ഇവിടേക്കെത്താനുള്ള പരീക്ഷണങ്ങളേറെ താണ്ടേണ്ടിവരും.
മറുനാടന് മലയാളി ബ്യൂറോ