കണ്ണുർ: തളിപ്പറമ്പിലെ സിപിഎം വിഭാഗീയത രൂക്ഷമായി തുടരവെ പാർട്ടി വിമത നേതവ് കോമത്ത് മുരളീധരനേയും മകനേയും വധിക്കുമെന്ന് ഭീഷണി. തളിപ്പറമ്പ് സഖാക്കൾ എന്ന പേരിലാണ് കോമത്ത് മുരളീധരന് വീട്ടിലേക്ക് രണ്ട് ഭീഷണി കത്തുകൾ തപാലിൽ ലഭിച്ചത്. ഭീഷണി സംബന്ധിച്ച് തളിപ്പറമ്പ് ഡിവൈഎസ്‌പിക്ക് കോമത്ത് മുരളീധരൻ പരാതി നൽകി.

'എടാ വർഗ്ഗ വഞ്ചകാ കോമത്ത് മുരളീ ഈ വരുന്ന ഏരിയ സമ്മേളനത്തിനു മുന്നേ നിന്നെയും നിന്റെ മകൻ അമലിനേയും ഏതുവിധേനയും ഞങ്ങൾ കൊന്ന് ഞങ്ങളുടെ പ്രസ്ഥാനത്തോടുള്ള കടമ പൂർത്തീകരിക്കും. രക്ഷപ്പെടാമെങ്കിൽ രക്ഷപ്പെട്ടോളൂ. ഇത് ധീരരക്തസാക്ഷികൾ നേതൃത്വം കൊടുത്ത വിപ്ലവ പ്രസ്ഥാനത്തിന്റെ താക്കീതാണെന്നും തളിപ്പറമ്പ് സഖാക്കളുടെ പേരിൽ എഴുതിയ കത്തിൽ പറയുന്നു.

രണ്ടാമത്തെ കത്തിൽ നിർത്തിക്കൊള്ളുക ആർക്കുവേണ്ടി ബലിയാടാകുന്നു. ലോകം നന്നാക്കാൻ നിങ്ങൾക്കോ എനിക്കോ സാധിക്കുകയില്ല. ടിപിയെ 51 വെട്ടിയെങ്കിൽ ഇവനെ 102 എന്നാണ് ഒരുവൻ. ഇവനെ ഇനി നമ്മക്ക് വേണ്ട കുല ദ്രോഹി. ശരിയാക്കിക്കളയാം എന്നിങ്ങനെയാണ് കേൾവി. അതുകൊണ്ട് ദയവായി നിർത്തിക്കൊള്ളുക. തടി തപ്പിക്കൊള്ളുക.

ലോകം നന്നാക്കാൻ മാർക്സ് നോക്കി. യേശു നോക്കി. ബുദ്ധൻ നോക്കി. ആരൊക്കെയോ നോക്കി. ഗാന്ധി നോക്കി. സോക്രട്ടീസ് നോക്കി. വിഷം കൊടുത്തുകൊന്നുകളഞ്ഞു. അഭിനവ ഗോർബച്ചോവുമാർ നീണാൽ വാണുകൊള്ളട്ടേ. നമസ്‌ക്കാരം (തുടരും) പറഞ്ഞത് കേട്ടല്ലോ. ഒരു കത്ത് എന്നാണ് എഴുതിയത് എന്ന് ഇല്ല.

ഇന്നലെയാണ് മുരളീധരന് കത്ത് ലഭിച്ചത്. രണ്ടാമത്തെ കത്ത് ഒക്ടോബർ 27 നാണ് എഴുതിയത്. അത് 28നു തന്നെ മുരളീധരന് കിട്ടി. ആദ്യ കത്ത് കിട്ടിയപ്പോൾ അത്ര ഗൗരവമായി എടുക്കാഞ്ഞ മുരളീധരൻ രണ്ടാമത്തെ കത്ത് കിട്ടിയതോടെയാണ് ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്. വിഭാഗീയതയുടെ പേരിൽ കോമത്ത് മുരളീധരൻ ഉൾപ്പെടെ ആറു പേർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ നേതൃത്വം തയ്യാറായിട്ടും വിമത വിഭാഗം പിന്മാറാൻ തയ്യാറാകാത്തതിനാലാണ് ഭീഷണി കത്തെന്നാണ് സൂചന. വിമത നേതാവിന് വധ ഭീഷണി കൂടി ഉയർന്നതോടെ തളിപ്പറമ്പിലെ പാർട്ടിക്കുള്ളിൽ ഭിന്നത പുതിയതലത്തിലേക്ക് കടക്കുകയാണ്.

കോമത്ത് മുരളീധരന് വധഭീഷണിയുയർന്നത് പൊലീസ് ഗൗരവമാമായാണ് കാണുന്നത്.നേരത്തെ സിപിഎം വിട്ട ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരനും ഇതിനു സമാനമായി തുടർച്ചയായി വധഭീഷണിക്കത്ത് ലഭിച്ചിരുന്നു.ഇതിനു ശേഷമാണ് കണ്ണുക്കരയിൽ വെച്ചു ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്.

പാർട്ടിക്കെതിരെ തിരിഞ്ഞ മുരളീധരനെയും മകനെയും വധിക്കുമെന്നാണ് ഭീഷണി കത്ത് തളിപ്പറമ്പിൽ നിന്നു തന്നെയാണ് പോസ്റ്റു ചെയ്തിട്ടുള്ളത്. ഇതു സംബന്ധിച്ച മുരളീധരൻ തളിപ്പറമ്പ് ഡി.വൈ.എസ്‌പിക്ക് പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോമത്ത് മുരളീധരനെ അനുകൂലിക്കുന്ന വിഭാഗം സിപിഎം പാർട്ടി ഗ്രാമമായ മാന്ധം കുണ്ടിൽ അനുസ്മരണ യോഗം ചേർന്നിരുന്നു.രാജി വെച്ച മുൻ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരുൾപ്പെടെ മൂന്നുറോളം പേർ യോഗത്തിൽ പങ്കെടുത്തിരുന്നു. ഒരു ചരമവാർഷിക അനുസ്മരണത്തിന്റെ ഭാഗമായാണ് കോമത്ത് മുരളീധരനെ അനുകൂലിക്കുന്ന മാന്ധംകുണ്ട് റസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകർ യോഗം ചേർന്നത്. ഇതിലെ ജനപങ്കാളിത്തത്തിൽ വിറളി പൂണ്ടാണ് അജ്ഞാത കേന്ദ്രങ്ങൾ ഭീഷണി കത്തെഴുതിയതെന്നാണ് കോമത്ത് മുരളീധരനെ അനുകൂലിക്കുന്നവർ പറയുന്നത്.