ന്യൂഡൽഹി: നിർണായക കേസുകൾ സ്വന്തം ഇഷ്ടപ്രകാരം ജഡ്ജിമാർക്കു വീതിച്ചു നൽകരുത് എന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്ക് നാലു മുൻ ജഡ്ജിമാരുടെ കത്ത്. കേസുകൾ വീതിച്ചു നൽകുന്നതിൽ യുക്തിയും ന്യായവും സുതാര്യതയും ഉറപ്പു വരുത്തണമെന്നും വിവേചനാധികാരം പ്രയോഗിക്കരുതെന്നും ഇവർ കത്തിൽ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസം കൊളിജിയത്തിലെ നാലു ജഡ്ജിമാർ ചീഫ് ജസ്റ്റിസിന് എതിരെ പത്രസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഇപ്പോൾ മറ്റു കോടതികളിലെ ഉൾപ്പെടെ ജഡ്ജിമാർ നീതിന്യായ വ്യവസ്ഥയിൽ സുതാര്യതയും ചീഫ് ജസ്റ്റിസിന്റെ നിഷ്പക്ഷതയും ആവശ്യപ്പെട്ട് കത്ത് നൽകുന്നത്.

സുപ്രീംകോടതി മുൻ ജഡ്ജി പി.ബി.സാവന്ത്, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് എ.പി.ഷാ, മദ്രാസ്, ബോംബെ ഹൈക്കോടതികളിലെ ജഡ്ജിമാരായിരുന്ന കെ.ചന്ദ്രു, എച്ച്.സുരേഷ് എന്നിവരാണ് തുറന്ന കത്തെഴുതിയത്.

സുപ്രീം കോടതിയിലെ കൊളിജിയത്തിലെ ജഡ്ജിമാർ ഉന്നയിച്ച വിഷയങ്ങൾ ഗുരുതരമാണ്. പ്രത്യേകിച്ച് കേസുകൾ ബെഞ്ചുകൾക്ക് വീതിച്ചു നൽകുന്നതിലെ ക്രമവിരുദ്ധത പരിഹരിക്കപ്പെടേണ്ടതാണ്. മുൻ കീഴ്‌വഴക്കങ്ങൾ തുടർന്നുകൊണ്ടുപോകാൻ ചീഫ് ജസ്റ്റീസ് ബാധ്യസ്ഥനാണ്. അദ്ദേഹത്തിന് ഏകപക്ഷീയമായി പെരുമാറാനാവില്ല. കത്തുകളിൽ ജഡ്ജിമാർ ചൂണ്ടിക്കാണിക്കുന്ന വിഷയങ്ങൾ ഇതൊക്കെയാണ്.