തിരുവനന്തപുരം: കോൺഗ്രസിനെ ഉടച്ചുവാർക്കണമെന്ന് ആവശ്യപ്പെട്ട് യുവ കോൺഗ്രസ് നേതാക്കളുടെ കത്ത്. ബിജെപിയുടെ വളർച്ചയെക്കുറിച്ച് അന്വേഷിക്കണമെന്നും കോൺഗ്രസിൽ ഭാരവാഹികളുടെ പ്രായം 55ൽ താഴെയാക്കണമെന്നും ഹൈക്കമാൻഡിനയച്ച കത്തിൽ ആവശ്യപ്പെടുന്നു.

പാർട്ടി പുനഃസംഘടന ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിൽ ആകരുത്. കഴിവും പ്രകടനവും മാനദണ്ഡമാക്കി വേണം ഭാരവാഹികളെ തീരുമാനിക്കേണ്ടതെന്നും എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കിന് അയച്ച കത്തിൽ ആവശ്യപ്പെടുന്നു. ആരോപണവിധേയരെയും വിജിലൻസ് അന്വേഷണം നേരിടുന്നവരെയും പാർട്ടി പുനഃസംഘടനയിൽ അകറ്റിനിർത്തണമെന്നും കോൺഗ്രസിൽ ഗ്രൂപ്പുകൾക്കതീതമായി രൂപവത്കരിച്ച ചെറുപ്പക്കാരുടെ കൂട്ടായ്മ നിർദ്ദേശിക്കുന്നു.

നേമത്തു ബിജെപി ജയിച്ചതിനു പിന്നിൽ പാർട്ടിയുടെ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തണം. പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസർകോട്, കഴക്കൂട്ടം, വട്ടിയൂർക്കാവ്, ചാത്തന്നൂർ എന്നിവിടങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തി. ബിജെപിക്കു വളരാൻ സാഹചര്യമൊരുക്കിയതിൽ ആർക്കൊക്കെയാണു പങ്കെന്നു കണ്ടെത്തണം. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. യുഡിഎഫിന്റെ സഖ്യ കക്ഷികളിൽ പലരും വിവിധ കാരണങ്ങളാൽ മുന്നണി വിട്ടു പോകുകയാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നു കണ്ടെത്തണം. ഇത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള വനിതകൾക്കും ഭാരവാഹികളാകാനുള്ള അവസരം ഒരുക്കണം.

ഡിസിസി പ്രസിഡന്റുമാരുടെയും കെപിസിസി ഭാരവാഹികളുടെയും പ്രായം 55 വയസിൽ താഴെയാകണം. 35നും 45നും ഇടയിലുള്ളവരാകണം കമ്മിറ്റികളിൽ 50 ശതമാനമെന്നും കത്തിൽ ആവശ്യപ്പെടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയവരെ പ്രധാന സ്ഥാനങ്ങളിൽ നിയമിക്കുന്നത് ഒഴിവാക്കണം. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. വരും തെരഞ്ഞെടുപ്പുകളിൽ ഇത്തരം പ്രവണതകൾ ഒഴിവാക്കണം. ഗ്രൂപ്പുകളുടെ ഭാഗമാകാത്ത നല്ല പാർട്ടി പ്രവർത്തകരെ മുൻ നിരയിലേക്കു കൊണ്ടുവരണം. ഒരാൾക്ക് ഒരു പദവി എന്ന വ്യവസ്ഥയും സ്ഥാനനിർണയത്തിൽ കൊണ്ടുവരണം.

അഴിമതികളിലും വിവാദങ്ങളിലും പെട്ട നേതാക്കളെ പ്രധാന സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കണം. ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ പ്രവർത്തനരീതിയും ഘടനയും പുനഃക്രമീകരിക്കണമെന്നും ആർ വി രാജേഷ്, ഡി വി വിനോദ് കൃഷ്ണ, അജീസ് ബെൻ മാത്യൂസ്, അനിൽ തോമസ്, ഷാജി കോടങ്കണ്ടത്ത്, ആർ എസ് അരുൺ രാജ് എന്നിവർ എഐസിസി ജനറൽ സെക്രട്ടറിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. പാർട്ടി ഭാരവാഹിത്വത്തിൽ ഗ്രൂപ്പ് ക്വാട്ട അവസാനിപ്പിക്കുക, ഒരാൾക്ക് ഒരു പദവി നിർബന്ധമാക്കുക, രണ്ട് ടേം ഭാരവാഹികളായിരുന്നവരെ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും നിവേദനത്തിലുണ്ട്.