- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
അയ്യപ്പനും വെളുത്തച്ചനും പിന്നെ അർത്തുങ്കൽ പള്ളിയും: സംഘപരിവാർ ബന്ധമുള്ള ക്രിസ്ത്യൻ ഹെൽപ് ലൈൻ ടിജി മോഹൻദാസിന് എഴുതിയ തുറന്ന കത്ത്
അയ്യപ്പനും വെളുത്തച്ചനും പിന്നെ അർത്തുങ്കൽ പള്ളിയും ബഹു. ടി.ജി മോഹൻദാസ് അവർകൾക്ക് ഒരു തുറന്ന കത്ത് അങ്ങ് അർത്തുങ്കൽ പള്ളിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന കേരളത്തിൽ വലിയ വിവാദം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണല്ലോ. പ്രത്യേകിച്ചും ക്രൈസ്തവരായ ഞങ്ങളെ അത് ഏറെ വേദനിപ്പിക്കുകയും ചെയ്തു. ഈ അവസരത്തിൽ അങ്ങയുടെ അഭിപ്രായത്തെക്കുറിച്ച് ഞങ്ങൾക്ക് പറയാനുള്ളത് അറിയിക്കണമെന്ന് തോന്നി. കേരളത്തിലെ നാട്ടുരാജ്യങ്ങളിലൊന്നായിരുന്ന മൂത്തേടത്ത് രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു അർത്തുങ്കൽ. വ്യവസായിക കേന്ദ്രം കൂടിയായിരുന്ന ഈ പ്രദേശത്ത് ധാരാളം ക്രൈസ്തവരുണ്ടായിരുന്നു. പക്ഷേ, ദേവാലയത്തിന്റെയും വൈദികരുടെയും അഭാവം മൂലം മാമോദീസ അടക്കമുള്ള കൂദാശകൾ സ്വീകരിക്കുവാൻ ഇവർക്ക് മാർഗ്ഗമുണ്ടായിരുന്നില്ല. വാസ്‌കോ ഡ ഗാമയുടെ കേരളസന്ദർശനത്തിന് ശേഷം ഇവിടെയെത്തിയ പോർട്ടുഗീസ് മിഷണറിമാരിൽ ചിലർ മൂത്തേടവും സന്ദർശിച്ചു. തദ്ദേശവാശികളായ ക്രൈസ്തവർ ഇവരെ ഏറെ സന്തോഷത്തോടെ സ്വീകരിച്ചു. അന്ന് ഈ പ്രദേശം ഉൾപ്പെട്ടിരുന്ന അങ്കമാലി രൂപതയുടെ മെത്രാനായിരുന്
അയ്യപ്പനും വെളുത്തച്ചനും പിന്നെ അർത്തുങ്കൽ പള്ളിയും ബഹു. ടി.ജി മോഹൻദാസ് അവർകൾക്ക് ഒരു തുറന്ന കത്ത്
അങ്ങ് അർത്തുങ്കൽ പള്ളിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന കേരളത്തിൽ വലിയ വിവാദം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണല്ലോ. പ്രത്യേകിച്ചും ക്രൈസ്തവരായ ഞങ്ങളെ അത് ഏറെ വേദനിപ്പിക്കുകയും ചെയ്തു. ഈ അവസരത്തിൽ അങ്ങയുടെ അഭിപ്രായത്തെക്കുറിച്ച് ഞങ്ങൾക്ക് പറയാനുള്ളത് അറിയിക്കണമെന്ന് തോന്നി.
കേരളത്തിലെ നാട്ടുരാജ്യങ്ങളിലൊന്നായിരുന്ന മൂത്തേടത്ത് രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു അർത്തുങ്കൽ. വ്യവസായിക കേന്ദ്രം കൂടിയായിരുന്ന ഈ പ്രദേശത്ത് ധാരാളം ക്രൈസ്തവരുണ്ടായിരുന്നു. പക്ഷേ, ദേവാലയത്തിന്റെയും വൈദികരുടെയും അഭാവം മൂലം മാമോദീസ അടക്കമുള്ള കൂദാശകൾ സ്വീകരിക്കുവാൻ ഇവർക്ക് മാർഗ്ഗമുണ്ടായിരുന്നില്ല. വാസ്‌കോ ഡ ഗാമയുടെ കേരളസന്ദർശനത്തിന് ശേഷം ഇവിടെയെത്തിയ പോർട്ടുഗീസ് മിഷണറിമാരിൽ ചിലർ മൂത്തേടവും സന്ദർശിച്ചു. തദ്ദേശവാശികളായ ക്രൈസ്തവർ ഇവരെ ഏറെ സന്തോഷത്തോടെ സ്വീകരിച്ചു. അന്ന് ഈ പ്രദേശം ഉൾപ്പെട്ടിരുന്ന അങ്കമാലി രൂപതയുടെ മെത്രാനായിരുന്ന മാർ അബ്രഹാമിന്റെ അനുവാദപ്രകാരം അർത്തുങ്കൽ കേന്ദ്രമാക്കി മതപ്രബോധനവും കൂദാശ നൽകലും ആരംഭിച്ചു.
അർത്തുങ്കൽ പള്ളിയുടെ ചരിത്രം
1560 മുതൽ മിഷണറിമാരും നാട്ടുകാരായ ക്രൈസ്തവരും ഒരു ദേവാലയം പണിയുന്നതിനായി മൂത്തേടത്ത് രാജാവിന്റെ അനുവാദം തേടിയെങ്കിലും അദ്ദേഹം ആദ്യം സമ്മതം നൽകിയില്ല. എന്നാൽ നിരന്തര അഭ്യർത്ഥനയും മിഷണറിമാരിൽ നിന്ന് തനിക്ക് ലഭിച്ച സഹായങ്ങളും പരിഗണിച്ച് രാജാവ് ദേവാലയ നിർമ്മാണത്തിന് അനുമതി നൽകുകയും തടിയുടെ ആവശ്യത്തിലേക്കായി തന്റെ ഉദ്യാനത്തിൽ നിന്ന് മരങ്ങൾ നൽകി സഹായിക്കുകയും ചെയ്തു. ഇപ്രകാരം 1581-ൽ അർത്തുങ്കലിൽ വിശുദ്ധ അന്ത്രയോസിന്റെ (സെന്റ് ആൻഡ്രൂ) നാമധേയത്തിൽ തടിയിലും തെങ്ങോലയിലും വടക്കോട്ട് ദർശനമായി പണികഴിപ്പിച്ച ദേവാലയത്തിന്റെ പ്രതിഷ്ഠാ കർമ്മം നടന്നത് വി.അന്ത്രയോസിന്റെ തിരുനാൾ ദിനമായ നവംബർ 30-നായിരുന്നു. ഫാദർ ഗസ്സ്പർ പയസ് ആയിരുന്നു ആദ്യവികാരി.
1584-ൽ പള്ളിയുടെ വികാരിയായി ചുമതലയേറ്റ ഫാദർ ഫെനിഷ്യോ പള്ളിയുടെ നവീകരണത്തിൽ താല്പര്യമെടുക്കുകയും കല്ലിലും കുമ്മായത്തിലും പുതുക്കി നിർമ്മിക്കുകയും ചെയ്തു. ഫെനിഷ്യോയെ സാധാരണക്കാരായ ജനങ്ങളും ഭരണാധികാരികളും വളരെയധികം ഇഷ്ടപ്പെടുകയും ഒരു വിശുദ്ധനായി കരുതി ബഹുമാനിക്കുകയും ചെയ്തു. ജനങ്ങൾ യൂറോപ്യൻ പുരോഹിതനായിരുന്ന അദ്ദേഹത്തെ 'വെളുത്ത അച്ചൻ' എന്നു ആദരപൂർവ്വം വിളിച്ചിരുന്നു. 'വെളുത്തച്ചൻ' എന്നത് പിന്നീട് വിശുദ്ധ സെബസ്ത്യാനോസിന്റെ മറ്റൊരു പേരായി മാറുകയാണ് ഉണ്ടായത്.
അർത്തുങ്കൽ ശിവക്ഷേത്രം
പോർട്ടുഗീസ് ഭരണത്തിൽ ഗോവയിൽ നടന്നതുപോലുള്ള ബലം പ്രയോഗിച്ചുള്ള മതപരിവർത്തനമോ, അമ്പലങ്ങൾ തകർത്തുള്ള പള്ളി പണികളോ ഇന്നത്തെ കേരളത്തിന്റെ ഭാഗമായ നാട്ടു രാജ്യങ്ങളിൽ എവിടെയെങ്കിലും വിദേശ മിഷനറിമാർ നടത്തിയതായി കേട്ടു കേൾവി പോലുമില്ല. പകരം ഇവിടുത്തെ തദ്ദേശീയ ക്രിസ്ത്യാനികളായ സുറിയാനി ക്രിസ്ത്യാനികളുടെ മേൽ അധികാരം സ്ഥാപിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. അതിൽ അവർ ഒരു പരിധിവരെ വിജയിക്കുകയും തത്ഫലമായി മാർത്തോമാനസ്രാണികൾക്കിടയിൽ പിളർപ്പുണ്ടാവുകയും ചെയ്തത് ചരിത്രം. എന്നാൽ അർത്തുങ്കലിൽ ഒരു ശിവക്ഷേത്രമുണ്ടായിരുന്നുവെന്ന് തദ്ദേശവാസികൾ പലരും വിശ്വസിക്കുന്നുണ്ട്. ആ ശിവക്ഷേത്രം കടലെടുത്തു പോയെന്നാണ് പഴമക്കാർ പറയുന്നത്. മേൽപ്പറഞ്ഞ പോർട്ടുഗീസ് വൈദികനായിരുന്ന 'ഫെനിഷ്യോ' ആണത്രേ ശബരിമല തീർത്ഥാടകർക്ക് പള്ളിയിൽ വെച്ച് മാലയൂരാനുള്ള അനുവാദം കൊടുത്തത്. അതുകൊണ്ടുതന്നെ ആവണം 'വെളുത്തച്ചനും' അയ്യപ്പനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള കഥ ഉണ്ടായത്. മിത്തും ചരിത്രവും കെട്ടുപിണഞ്ഞു കിടക്കുന്ന അയ്യപ്പ ചരിതത്തിൽ ഇങ്ങനെയൊരു കൂട്ടിച്ചേർക്കൽ ഉണ്ടായെങ്കിൽ അത്ഭുതപ്പെടാനൊന്നുമില്ലതാനും. എന്നാൽ ചീരപ്പൻചിറ കളരിയിൽ അയ്യപ്പനോടൊപ്പം പഠിച്ചത് ഈ വൈദികനാണെന്ന് വാദിക്കുന്നവരുമുണ്ട്. പന്തളം രാജവംശത്തിന്റെയും അയ്യപ്പന്റെയും ചരിത്രവും ജീവിച്ചിരുന്ന കാലഘട്ടവും കണക്കിലെടുക്കുമ്പോൾ ആ വാദം സത്യമാകാൻ സാധ്യതയില്ല. വെളുത്ത എന്ന അരയനാണ് അയ്യപ്പന്റെ സഹപാഠിയെന്ന് മറ്റൊരു വാദവുമുണ്ട്. മഹാദേവ ക്ഷേത്രമായ ഏറ്റുമാനൂർ ക്ഷേത്രത്തിൽനിന്നും അർത്തുങ്കൽ പെരുന്നാളിന് ആനയെ എഴുന്നള്ളിപ്പിന് വിട്ടു കൊടുത്തിരുന്നതായി ഐതിഹ്യമാലയിലടക്കം പ്രതിപാദ്യമുണ്ട്. ഇതെല്ലാം പ്രദേശത്തെ ഹൈന്ദവ വിശ്വാസികളും അർത്തുങ്കൽ പള്ളിയും തമ്മിൽ അടുത്ത ബന്ധം നിലനിന്നിരുന്നു എന്നതിന്റെ തെളിവാണ്. അമ്പലം തകർത്തു പള്ളി പണിതു എന്ന ഒരു ആരോപണം പ്രദേശവാസികൾ ആരുംതന്നെ ഉന്നയിച്ചു കേട്ടിട്ടുമില്ല.
ബുദ്ധമത ബന്ധം
ബുദ്ധമതത്തിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന കാലത്തെ പ്രമുഖ ബൗദ്ധ കേന്ദ്രമായിരുന്നു അർത്തുങ്കൽ എന്നാണ് പറയപ്പെടുന്നത്. അർത്തുങ്കൽ എന്ന പേരുണ്ടായത് തന്നെ ബുദ്ധമതത്തിൽ നിന്നാണെന്ന ഒരു വാദം നിലനിൽക്കുന്നുണ്ട്. അർഹതൻ കല്ല് എന്ന വാക്കിൽ നിന്നാണ് അർത്തുങ്കൽ എന്ന പേരുണ്ടായതെന്നാണ് ആ വാദം. എന്താണ് അർഹതൻ കല്ല്? ബുദ്ധമതത്തിൽ ചേരുന്നവരെ അർഹതൻ എന്നാണ് വിളിച്ചിരുന്നത്. ബുദ്ധ, ജൈന വിശ്വാസികളുടെ ആരാധനാലയങ്ങൾ കല്ലെന്നാണ് അറിയപ്പെടുന്നത്. ബുദ്ധമതക്കാരുടെ ആരാധനാലയം അർഹതൻ കല്ല് എന്നും അറിയപ്പെട്ടു. അർത്തുങ്കൽ പള്ളി നിന്നിരുന്ന സ്ഥലത്ത് ബുദ്ധ ക്ഷേത്രമുണ്ടായിരുന്നുവെന്ന് കരുതുന്നവരുമുണ്ട്. ശബരിമലയുടെ ബുദ്ധമത ബന്ധം ഏറെ ചർച്ചചെയ്യപ്പെടുന്നതാണല്ലോ. ഒമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ വേണാട് ഭരിച്ചിരുന്ന വിക്രമാദിത്യ വരഗുണൻ എന്ന ആയ് രാജാവ് ശ്രീമൂലവാസം (തിരുമൂലപാദം) ബുദ്ധവിഹാരത്തിലെ ഭട്ടാരകർക്ക് ഭൂമി ദാനം ചെയ്യുന്നതായി പരാമർശിക്കുന്ന പാലിയം ശാസനമടിസ്ഥാനമാക്കി ഇളംകുളം കുഞ്ഞൻപിള്ള അഭിപ്രായപ്പെടുന്നത് ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ-അമ്പലപ്പുഴ ഭാഗത്ത് കടൽത്തീരത്തായാണ് ശ്രീമൂലവാസം നിലനിന്നിരുന്നതെന്നാണ്. സമീപ പ്രദേശങ്ങളായ മാവേലിക്കര, ഭരണിക്കാവ്, കരുമാടി തുടങ്ങിയിടങ്ങളിൽനിന്നും ബുദ്ധവിഗ്രഹങ്ങൾ കണ്ടുകിട്ടിയിട്ടുമുണ്ടല്ലോ. ശബരിമലയിലെ വിഗ്രഹം, ശരണം വിളി തുടങ്ങിയവയ്ക്ക് ബുദ്ധമതത്തോടുള്ള ബന്ധം തള്ളിക്കളയാവുന്നതല്ല. മകരവിളക്ക് ആഘോഷിക്കുന്ന ശബരിമലയ്ക്കും മകരം പെരുന്നാൾ ആഘോഷിക്കുന്ന അർത്തുങ്കലിനും തമ്മിലുള്ളത് ബുദ്ധമതകാലഘട്ടത്തിലുള്ള ബന്ധമാണെന്നും വരാം. അർത്തുങ്കൽ തീരം കുഴിച്ചു കുഴിച്ചു ചെന്നാൽ ബുദ്ധമതത്തിന്റെ തിരുശേഷിപ്പുകളിലും വീണ്ടും കുഴിച്ചാൽ ദ്രാവിഡപ്പഴമയിലും ശിലായുഗ സംസ്‌കാരത്തിലുമൊക്കെ ചെന്നു നിന്നേക്കാം. അതിനാൽ മിത്തുകളിൽനിന്നു ചരിത്രത്തെയും, ആചാരങ്ങളിൽനിന്നു വിശ്വാസത്തെയും കണ്ടെത്തി നമുക്ക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ക്ഷേത്രങ്ങൾ ('ക്ഷയാത് ത്രായതേ ഇതി ക്ഷേത്രാ'. ക്ഷയത്തിൽ നിന്ന് അഥവാ നാശത്തിൽ നിന്ന് ത്രാണനം ചെയ്യിക്കുന്നത് ഏതാണോ അതാണ് ക്ഷേത്രം ) പടുത്തുയർത്താം.
അങ്ങയുടെ പ്രസ്താവന തിരുത്തും എന്ന് വിശ്വസിച്ചു കൊള്ളട്ടേ....
സ്‌നേഹപൂർവ്വം,
ക്രിസ്ത്യൻ ഹെൽപ്പ് ലൈൻ